കുടുംബവഴക്കിൻ്റെ പേരിൽ ഭർത്താവ് ജീവനൊടുക്കിയാൽ ഭാര്യ കുറ്റക്കാരിയല്ല: ബോംബെ ഹൈക്കോടതി
മുംബൈ : കുടുംബവഴക്കുകളുടെയോ ദാമ്പത്യപ്രശ്നങ്ങളുടെയോ പേരില്‍ ഒരു വ്യക്തി ജീവനൊടുക്കുകയാണെങ്കില്‍ ഭാര്യയ്ക്ക് അതില്‍ ഉത്തരവാദിത്വമില്ലെന്ന് ബോംബെ ഹൈക്കോടതി. കുടുംബ കലഹങ്ങളെത്തുടര്‍ന്ന് ഒരു വ്യക്തി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിധിയിലാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഒരു വ്യക്തി കുടുംബ വഴക്കുകളുടെയോ ദാമ്പത്യ പ്രശ്‌നങ്ങളുടെയോ പേരില്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ നിയമപ്രകാരം ഭാര്യയെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കുറ്റക്കാരിയാക്കാനാവില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നിരീക്ഷിച്ചത്.
സാധാരണ ദാമ്പത്യ പ്രശ്നങ്ങളോ വാക്കുതർക്കങ്ങളോ സ്വന്തം വീട്ടിൽ പോകുകയോ ചെയ്യുന്നത് 'ആത്മഹത്യ പ്രേരണ' ആയി കണക്കാക്കാൻ കഴിയില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (അല്ലെങ്കിൽ ഭാരതീയ ന്യായ സംഹിത, 2023ലെ സെക്ഷൻ 108, സെക്ഷൻ 306 പ്രകാരമുള്ള കേസ്) പ്രതിയുടെ ഉദ്ദേശ്യം മറ്റൊരാളെ ജീവനൊടുക്കാൻ നിർബന്ധിക്കുക എന്നതാണെന്ന് വ്യക്തമാകുമ്പോൾ മാത്രമേ നിലനിൽക്കൂവെന്നും കോടതി പറഞ്ഞു. ഭാര്യ, ഭർതൃബന്ധത്തിലെ സാധാരണ തർക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ആത്മഹത്യ പ്രേരണയുടെ പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി.