ദൈവശാസ്ത്ര അധ്യാപകനും പ്രഭാഷകനും സംഗീതജ്ഞനുമായ ഫാ. ഡോ. ജസ്റ്റിൻ പനക്കൽ (91) അന്തരിച്ചു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഭക്തിഗാനങ്ങളിൽ ഒന്നായ 'പൈതലാം യേശുവേ' എന്ന ഗാനത്തിന് ഈണം നൽകിയത് അദ്ദേഹമാണ്.
യേശുദാസിന്റെ സംഗീത കമ്പനിയായ തരംഗിണിയുടെ സുവർണ്ണകാലത്ത് പുറത്തിറങ്ങിയ തളിർമാല്യം, സ്നേഹപ്രവാഹം, സ്നേഹസന്ദേശം തുടങ്ങിയ പ്രശസ്തമായ ആൽബങ്ങളിലൂടെ ക്രിസ്തീയ ഭക്തിഗാനരംഗത്ത് വിപ്ലവം സൃഷ്ടിച്ച സംഗീതപ്രതിഭയായിരുന്നു അദ്ദേഹം.
ഫാദര്‍ ജോസഫ് പാറാങ്കുഴി നെയ്യാറ്റിന്‍കര രചിച്ച കെ.എസ്. ചിത്ര ആലപിച്ച 'പൈതലാം യേശുവേ' എന്ന ഗാനത്തിന് പുറമെ, കെ.ജെ. യേശുദാസ് പാടിയ ഇരുപത്തിയഞ്ചോളം ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നു.
1935-ൽ കൊച്ചിയിലെ കുമ്പളങ്ങിയിൽ ജനിച്ച ജസ്റ്റിൻ പനക്കൽ, റോമിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരുന്നു. സംഗീതത്തോടൊപ്പം തന്നെ അധ്യാപനരംഗത്തും സജീവമായിരുന്ന അദ്ദേഹം മംഗലപ്പുഴ സെമിനാരിയിൽ കാൽനൂറ്റാണ്ടുകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.