നാലാം ഭാഗം
തൊട്ടു പിറകിൽ പ്ലേറ്റിൽ സ്നാക്ക്സുമായി അക്സീനയും രമ്യയും.എപ്പോൾ അകത്തേക്കു പോയി എന്ന് മയിലിനെ ശ്രദ്ധിച്ചു നിന്ന ഞങ്ങൾ കണ്ടില്ല.അത്രയും ഇഷ്ടത്തോടെ ആയിരുന്നു ഞങ്ങൾ അതിൻ്റെ ഓരോ ചലനവും നോക്കി നിന്നത്. ആളിൻ്റെ ശബ്ദമൊ അനക്കമൊ അതിനെ ഭയപ്പെടുത്തിയില്ലെന്നു മാത്രമല്ല അത് ഞങ്ങളുടെ സമീപത്തേക്ക് കുറച്ചുകൂടി അടുത്തു വരിക തന്നെ ചെയ്തു. മയിലുകൾ പീലി വിടർത്തി ആടുന്നതു കാണാൻ നല്ല ഭംഗിയാണ്. പക്ഷെ ഇവിടെ ആ ആട്ടം ഉണ്ടായില്ല. ഇണയില്ലാതെ ഒറ്റക്കു തീറ്റ കൊത്തിപ്പെറുക്കി നടക്കുന്നു. ജൂസു കഴിക്കാൻ വിളി വന്നപ്പോൾ ഞങ്ങൾ മുഖം അങ്ങോട്ടു തിരിച്ചു.
മുറ്റത്തേക്കെടുത്തിട്ട കസേരകളിലും ബാക്കിയുള്ളവർ പോർച്ചിൻ്റെ അരഭിത്തിയിലും ഇരുന്ന് ജൂസു കൂടിച്ച് സ്നാക്സും കഴിച്ചു സൊറ പറഞ്ഞു കൊണ്ടിരുന്നു .നടക്കാൻ താൽപ്പര്യമുള്ളവരെ കൂട്ടി വിടിൻ്റെ ഉടമസ്ഥൻ പുരയിടം കാണിക്കാൻ കൊണ്ടുപോയി. പ്രായമായവർ അകത്തേക്ക് കടന്നു അല്പസമയം നടുവു നിവർത്താനും റ്റോയ്ലറ്റു ഉപയോഗത്തിനുമായി. ബാക്കിയുള്ളവർ മുറ്റത്തു തന്നെ കൂടി.വീണ്ടും ഇറങ്ങണം ഉച്ചക്കു കഴിക്കാനുള്ള ആഹാരത്തിനായി പിന്നെന്തിന് എന്ന ചിന്തയിൽ. കിട്ടിയ തക്കത്തിൽ പോർച്ചിൽ കിടന്ന കാറിനോട് ചേർന്നു നിന്ന് കുടുംബനാഥയോടൊത്ത് ഒരു ഫോട്ടോക്ക് പോസു ചെയ്യാനും സൗകര്യം കിട്ടി. വർഷങ്ങൾ പഴക്കമുള്ളതെങ്കിലും ഇപ്പോഴും പുതിയതു പോലെ സൂക്ഷിക്കുന്ന കാറ്. ഫോട്ടൊ എടുത്തു തരാൻ സാറിൻ്റെ മകൾ കൊണ്ടു വന്ന ഡ്രൈവറും .ഐഡിയായും ആ മോളുടെ തന്നെ. അതുകൊണ്ട് ഏറ്റവും മുന്നിൽ നിൽക്കുന്നതും ആ ആൾ തന്നെ. പിന്നിൽ നിൽക്കുന്നത് കുടുംബനാഥ ആ സൈഡിൽ തന്നെ സാറിൻ്റെ മൂത്ത മകൻ്റെ ഭാര്യയും വലതു സൈഡിലായി സാറിൻ്റെ കൊച്ചുമക്കളും ഞാനും നടുവിൽ രമ്യയും .
അരമുക്കാൽ മണിക്കൂറിനുള്ളിൽ എല്ലാവരുമായി ഹോട്ടലിലേക്ക് . ഇത്തവണ ഒരു വാഹനത്തിനു മാറ്റമുണ്ടായി ആളിൻ്റെ എണ്ണം കൂടിയതിനാൽ ഒരു കൂട്ടർ വന്ന വാഹനം അവിടെ തന്നെ ഇട്ടിട്ട് ആ വീട്ടിലെ മറ്റൊരു വണ്ടിയാണ് കൊണ്ടു പോയത് .അതൊരു വലിയ വണ്ടിയായിരുന്നു. മക്കളുടെ കുടുംബം വരുമ്പോൾ എല്ലാവരും ഒരുമിച്ചു പോകാൻ ഉദ്ദേശിച്ചു വാങ്ങിയിട്ടിരിക്കുന്നത്. കൂട്ടുകാർ ഒത്തുകൂടിക്കൊള്ളു ഞങ്ങൾ അതിലേക്കു കയറിക്കൊള്ളാം എന്ന് ഞാനും രമ്യയും മാറി മാറി പറഞ്ഞു. പക്ഷെ അവർ രണ്ടു പേരും ആ വണ്ടിയിലാണ് കയറിയത്.ലഞ്ചു കഴിച്ചതും ഒരു വെജിറ്റേറിയൻ ഹോട്ടലിലായി
രുന്നു.തമിഴർ നടത്തുന്ന ഹോട്ടൽ ശരവണ. നല്ല വൃത്തിയുള്ള ഫാമിലി റൂമുകളും കോമൺ ഹാളും.ഭക്ഷണവും കുഴപ്പമില്ല.
അവരുടെ പ്രത്യേക രീതിയിലുള്ള കറികളെന്നു മാത്രം. എല്ലാവരും ലഞ്ച് കഴിച്ച് അല്പം വിനോദത്തിനായി ചുറ്റുമൊക്കെ കറങ്ങിക്കണ്ട് നെല്ലിയാമ്പതിയിലേക്ക് യാത്ര തിരിച്ചു. അന്നത്തെ താമസം പാഡിഗിരിയിലെ അവരുടെ റിസോർട്ടിൽ ആണ് പ്ലാൻ ചെയ്തിരിക്കുന്നതെന്നറിഞ്ഞു.
പുതിയ വണ്ടിയാണ് മുന്നിൽ. അവരാണല്ലൊ വഴികാട്ടികൾ. അവർക്കാണല്ലൊ സ്ഥലപരിചയം
അങ്ങനെ ഞങ്ങൾ നേരത്തെ സൂചിപ്പിച്ച സ്കൂളിൻ്റെ മുന്നിൽക്കുടി അതായത് നെന്മാറക്കാരൻ്റെ വീടിൻ്റെ വഴിത്തിരിവ് കടന്ന് നേരെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. വഴിയുടെ ഇടതു സൈഡിലായി പോത്തുണ്ടി എന്ന സൈൻ ബോർഡും പിന്നാലെ ചിൽഡ്രൻസ് പാർക്കും കണ്ടു . വണ്ടിയിൽ കൊച്ചുകുട്ടികളാരും ഇല്ലാത്തതിനാലും സമയക്കുറവിനാലും അവിടെയിറങ്ങി പാർക്കു കാണാനൊ കയറാനൊ ആരും മിനക്കെട്ടില്ല. പോത്തുണ്ടിയിൽ ചിൽഡ്രൻസ് പാർക്കു മാത്രമല്ല വലിയവർക്കായി സൈക്കിൾ, മിനിജീപ്പ് റൈഡിംഗ്, റോപ്പ് വേ, റോപ്പ് ജംബിംഗ് മുതലായവക്കു സൗകര്യമുള്ള അഡ്വഞ്ചർ പാർക്കും ഉണ്ടത്രെ.
പാർക്കു കടന്ന് മുന്നോട്ടു പോകവെ ഡാമിൻ്റെ ബോർഡും ആരോ മാർക്കും ഇടതു വശത്ത് ഉയരത്തിലേക്ക് ഒരു വഴിയും കണ്ടു. നെന്മാറ നെല്ലിയാമ്പതി റോഡായിരുന്നു അത്.മുൻപിൽ പോയ വണ്ടിയുടെ ഓട്ടം ആ റൂട്ടിലായി. ഞങ്ങളുടെ വണ്ടി പിന്നാലെയും.വഴി ഒരു വനത്തിലൂടെ പോകുന്ന പ്രതീതി ജനിപ്പിച്ചു. ഇടതുർന്ന കൂറ്റൻ മരങ്ങളും അതിൽ ചാടി നടക്കുന്ന മലയണ്ണാന്മാരും പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്ന ചീവീടുകളും ചിലച്ചു പറക്കുന്ന പക്ഷികളും എല്ലാം എല്ലാം കണ്ണിന് ഇമ്പം നൽകുന്നതും കാതിനു കുളിർമ്മയേകുന്നതുമായിരുന്നു.
കുറച്ചു ദൂരം പിന്നിട്ടപ്പോൾ രണ്ടു മൂന്നു കാറുകൾ പാർക്ക് ചെയ്തിരിക്കുന്നതും അതിനടുത്തും മുകളിലുമായി കുരങ്ങന്മാർ ചാടിനടക്കുന്നതും കാണാനിടയായി. അവർക്കറിയാം ടൂറിസ്റ്റുകളുടെ കയ്യിൽ കൊറിക്കാനൊ കഴിക്കാനൊ എന്തെങ്കിലും കാണുമെന്ന്. കയ്യിൽ നിന്നു തട്ടിപ്പറിച്ചോടുന്ന ആശാന്മാരും, അതൊ ആശാട്ടിമാരൊ ! ഇല്ലാതില്ല.
മുൻപിൽ പോകുന്ന വണ്ടി സൈഡു ചേർക്കുന്നതു കണ്ട് ഞങ്ങളുടെ വണ്ടിയും പറ്റിയ
ഒരിടം നോക്കി പാർക്കു ചെയ്ത് എല്ലാവരും പുറത്തിറങ്ങി . ഓരോരുത്തർ അങ്ങോട്ടു നടന്നു. ഞാനും ബോർഡിൽ എഴുതിയ കാര്യങ്ങൾ വായിച്ച് പതുക്കെ മുന്നോട്ടു നീങ്ങി. നെല്ലിയാമ്പതി മലനിരകളുടെ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ട്. മലനിരയിൽ നിന്നൊഴുകുന്ന അയിലൂർ നദിയുടെ കൈവഴി കളായ മീഞ്ചാടിപ്പുഴയ്ക്കും നെൽപ്പുഴയ്ക്കും കുറുകെ മണ്ണും കുമ്മായവും ശർക്കരയും കൂട്ടിക്കുഴച്ച് പത്തൊൻപതാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഇന്ത്യയിലെ ആദ്യകാല ഡാമുകളിൽ ഒന്നാണ്. പാലക്കാട് ജില്ലയിലെ 5470 ഹെക്ടർ ഭൂമിയിൽ ജലസേചനത്തിനും ഒട്ടേറെ ഗ്രാമങ്ങളിൽ കുടിവെള്ളത്തിനും ഉപയുക്തമാക്കുന്നു . അണക്കെട്ട് ചുറ്റി നടന്നു കാണാൻ പാതകളും അവയിലേക്ക് നടന്നു കയറാൻ പാർക്കിൽ നിന്ന് പടിക്കെട്ടുകളും ഉണ്ട്. ഒപ്പമുള്ള ഒരാൾക്ക് തിരികെ പോകേണ്ടതു കൊണ്ട് ഞങ്ങൾ ആ ഉദ്യമത്തിൽ നിന്നു പിൻമാറി ഒന്നു രണ്ടു ഫോട്ടോകളെടുത്ത് തിരികെ വണ്ടികളിൽ കയറി.
തുടരും
Mary Alex ( മണിയ)