തൃശൂരില്‍ പുറത്തുനിന്നുള്ളവരുടെ വോട്ട് ചേര്‍ത്തു , ഇനിയും ചേർക്കും, അതിൽ എന്താണ് തെറ്റെന്ന് ബി ഗോപാലകൃഷ്ണന്‍

തൃശൂര്‍: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍. ജയിക്കാന്‍ വേണ്ടി മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേര്‍ത്തിട്ടുണ്ടെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്. ഒരു വര്‍ഷം മുന്‍പ് അങ്ങനെ ആളുകളെ കൊണ്ടു വന്ന് വോട്ട് ചേര്‍ക്കുന്നതില്‍ എന്താണ് തെറ്റ് എന്നും അദ്ദേഹം ചോദിച്ചു
ജയിക്കാന്‍ വേണ്ടി ഇനിയും അത്തരത്തില്‍ വോട്ട് ചേര്‍ക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപി വിജയത്തില്‍ കള്ളവോട്ട് നടന്നെന്ന യു ഡി എഫ്- എല്‍ ഡി എഫ് ആരോപണത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും ചെയ്യിക്കും.' അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ വോട്ട് ചെയ്യിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ല എന്നും ലോക്സഭയിലാണ് അത്തരത്തിലൊരു തീരുമാനമെടുത്തത് എന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്തരത്തില്‍ വോട്ട് ചേര്‍ക്കണമോ എന്ന് ആ സമയത്ത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കള്ളവോട്ടല്ലെന്നും ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടു