കനവുകൾ പിന്നെയും കണ്ടു ഞാൻ : കവിത

Mar 21, 2026 - 16:50
 0  13
കനവുകൾ പിന്നെയും കണ്ടു ഞാൻ : കവിത
മജീഷ് തിരുവൻവണ്ടൂർ 
ഇനിയെത്ര കാലം ഇനിയെത്ര ദൂരം 
ഇനിയെത്ര നാഴിക അറിയുന്നതില്ല ഞാൻ.
എങ്കിലും പായുന്നു അശ്വമേധം പോലെ 
തിക്കും തിരക്കും നിറഞ്ഞയീവീഥിയിൽ..
കണ്ടുമടുത്തു, കേട്ടുമടുത്തു 
കണ്ട കാഴ്ച്ചകളൊക്കെയും പിന്നിലായ് മറയുന്നു..
എങ്കിലും കനവുകൾ പിന്നെയും കണ്ടു ഞാൻ 
പായുന്നു  ആശ്വമേധം പോലെയിന്നു ഞാനേ..
നിസ്സഹായനാണ് ഞാൻ നിരാശ്ശിതനാണ് ഞാൻ 
പിന്നെയും പാഴ്ക്കിനാവേറെയും കാണുന്നു 
നിഴലായി നിന്നവർ സ്നേഹം നടിച്ചവർ 
പൊള്ളയാം വാഗ്ദാനമെത്രയെനിക്കേകി..
ഒക്കെയും സത്യമാണെന്നു നിനച്ച ഞാൻ 
പിന്നെയും കെട്ടുന്നു വിഡ്ഢിവേഷം..
സ്നേഹം നടിച്ചവർ ആടിയ നാടകം 
അതിലെന്റെ വേഷം വെറുമൊരു കോമാളി..
ഈ യാത്ര പിന്നിട്ട ദൂരമറിയില്ല 
ഇനിയെത്ര ദൂരം മുന്നിലുണ്ടറിയില്ല 
എങ്കിലും ഒന്നെനിക്കറിയാം, എങ്കിലും ഒന്നെനിക്കറിയാം 
ഈ യാത്ര തീരുവാൻ നേരമായി..
കരള് പകുത്തവർ സ്വപ്നം തകർത്തവർ 
അറിയാതെ പോയതാണെന്റെ ദുഃഖം 
ഒറ്റപ്പെടുത്തിയോർ കൈയ്യൊഴിഞ്ഞകലുമ്പോൾ 
തകരും പ്രതീക്ഷകൾ ചിന്നഭിന്നമായ് തീരുന്നു..
പ്രതീക്ഷതൻ നാളം അണയുന്നു മുന്നിൽ 
പടരുന്നു ഇരുളിൻ ഭയപ്പാടുകൾ..
ഒറ്റത്തുരുത്തിലെ ഒറ്റയാൻ ചരിയുന്നു 
ഒച്ചയില്ലാതെ പരാജിതനായി...