പ്രവാസി ക്ഷേമം: സമയോചിത പരിഷ്‌കാരങ്ങൾ അനിവാര്യം..
ഡോ. സജി ഉതുപ്പാൻ, മസ്‌കറ്റ്
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തിയ പ്രധാന ശക്തികളിലൊന്നാണ് പ്രവാസി സമൂഹം. പതിറ്റാണ്ടുകളായി വിദേശ രാജ്യങ്ങളിൽ അധ്വാനിച്ച് സമ്പാദിച്ച വരുമാനം സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിന്റെ വളർച്ചയിൽ നിർണായക സംഭാവന നൽകിയ ഈ സമൂഹത്തിന്റെ ക്ഷേമകാര്യങ്ങളിൽ ഇന്നും നിരവധി പോരായ്മകൾ നിലനിൽക്കുന്നു. പുതിയ സംസ്ഥാന ബജറ്റ് രൂപീകരിക്കുന്ന ഈ ഘട്ടത്തിൽ പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് സർക്കാർ പ്രത്യേക പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണ്.
കേരള പ്രവാസി വെൽഫെയർ ബോർഡിന്റെ ഘടനയും പ്രവർത്തന രീതികളും കാലാനുസൃതമായി പുനഃസംഘടിപ്പിക്കേണ്ട ആവശ്യം ശക്തമാണ്. യഥാർഥ ഗുണഭോക്താക്കളായ സാധാരണ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാതെ ക്ഷേമ സംവിധാനങ്ങൾ ഫലപ്രദമാകില്ല. വിദേശ രാജ്യങ്ങളിൽ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികൾ, കുറഞ്ഞ വരുമാനക്കാർ, തൊഴിൽ-ജീവിത പ്രതിസന്ധികളോട് പൊരുതുന്ന പ്രവാസികൾ എന്നിവരുടെ ശബ്ദമാണ് ബോർഡിന്റെ തീരുമാനങ്ങളിൽ പ്രതിഫലിക്കേണ്ടത്. അതിനാൽ സാധാരണ പ്രവാസികൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തിലുള്ള പുനഃസംഘടന പുതിയ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാകണം.
പ്രവാസി വെൽഫെയർ പദ്ധതിയുടെ പെൻഷൻ സംവിധാനം കൂടുതൽ ആകർഷകവും പ്രയോജനകരവുമാക്കേണ്ടതുണ്ട്. ജീവിതത്തിന്റെ മികച്ച കാലഘട്ടം വിദേശത്ത് ചെലവഴിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് നിലവിലുള്ള പെൻഷൻ തുക പര്യാപ്തമല്ലെന്നത് യാഥാർഥ്യമാണ്. അതിനാൽ പെൻഷൻ തുക ഗണ്യമായി വർധിപ്പിക്കുന്നതിനും ചികിത്സാ സഹായം, കുടുംബക്ഷേമ പദ്ധതികൾ, മരണാനന്തര ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ക്ഷേമസഹായങ്ങൾ വികസിപ്പിക്കുന്നതിനും പ്രത്യേക ബജറ്റ് വകയിരുത്തൽ ആവശ്യമാണ്.
പ്രവാസി വെൽഫെയർ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് കൂടുതൽ സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നതും പരിഗണിക്കപ്പെടണം. സംസ്ഥാന വികസനത്തിൽ വലിയ സംഭാവന നൽകിയ ഒരു വിഭാഗമെന്ന നിലയിൽ വിദ്യാഭ്യാസം, ഭവന പദ്ധതികൾ, ആരോഗ്യ പരിരക്ഷ, സംരംഭകത്വ പ്രോത്സാഹനം തുടങ്ങിയ മേഖലകളിൽ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം.
സാധാരണ പ്രവാസി കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതകൾ വർധിപ്പിക്കുന്നതിനും ബജറ്റിൽ വ്യക്തമായ പ്രഖ്യാപനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. നിലവിലുള്ള സംവരണ സംവിധാനങ്ങൾ കൂടുതൽ കോളേജുകളിലേക്കും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കണം. വിദേശത്ത് കഷ്ടപ്പെടുന്ന മാതാപിതാക്കളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കുന്നത് പ്രവാസി ക്ഷേമ നയത്തിന്റെ സുപ്രധാന ഘടകമായിരിക്കണം.
ഇതിനോടൊപ്പം, വിദേശ രാജ്യങ്ങളിൽ നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന അതിവൈദഗ്ധ്യമുള്ള പ്രവാസി ജീവനക്കാരുടെ പുനരധിവാസത്തിനും പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. വർഷങ്ങളുടെ തൊഴിൽപരിചയവും വിദഗ്ധ അറിവും കൈവശമുള്ള ഇത്തരം പ്രവാസികളെ സർക്കാർ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലുമായി താൽക്കാലികമായോ കരാർ അടിസ്ഥാനത്തിലോ നിയമിക്കുന്നതിനുള്ള സംവിധാനങ്ങൾ രൂപപ്പെടുത്തണം. അവരുടെ അനുഭവസമ്പത്ത് സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതോടൊപ്പം, ജീവിതസുരക്ഷയും ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.
ലോക കേരള സഭ പോലുള്ള വൻ ചെലവുള്ള സംവിധാനങ്ങളുടെ പ്രസക്തിയെക്കുറിച്ചും സർക്കാർ ആത്മപരിശോധന നടത്തേണ്ട സമയമാണിത്. സാധാരണ പ്രവാസികളുടെ ജീവിതത്തിൽ ഇത്തരം വേദികൾ എന്തെല്ലാം ഗുണപരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചതെന്ന് പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കേണ്ടതുണ്ട്. കോടികൾ ചെലവഴിക്കുന്ന സമ്മേളനങ്ങൾക്കു പകരം ആ തുക നേരിട്ട് പ്രവാസി ക്ഷേമ പദ്ധതികളിലേക്ക് വിനിയോഗിക്കുന്നതാണ് കൂടുതൽ പ്രയോജനകരമെന്ന അഭിപ്രായം ശക്തമാണ്. എന്നിരുന്നാലും ലോക കേരള സഭ തുടരുകയാണെങ്കിൽ, അതിൽ യഥാർഥ സാധാരണ പ്രവാസികൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ട്.
അതോടൊപ്പം മറ്റൊരു പ്രധാന ചോദ്യത്തിനും മറുപടി ആവശ്യമാണ്. നിലവിലുള്ള പ്രവാസി വെൽഫെയർ ബോർഡിലെയും വിവിധ പ്രവാസി സംഘടനകളിലെയും ഭാരവാഹികൾ സാധാരണ പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി എന്തെല്ലാം കാര്യക്ഷമമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്? ക്ഷേമ പദ്ധതികളുടെ പേരിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി പൊതുജനങ്ങൾക്ക് മുന്നിൽ സുതാര്യമായി അവതരിപ്പിക്കപ്പെടണം. ഉത്തരവാദിത്വവും ജനപങ്കാളിത്തവും ഉറപ്പാക്കാതെ ഒരു ക്ഷേമ സംവിധാനത്തിനും വിശ്വാസ്യത നേടാനാവില്ല.
പ്രവാസികൾ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണെന്ന് എല്ലാ സർക്കാരുകളും ആവർത്തിക്കാറുണ്ട്. ആ അംഗീകാരം വാക്കുകളിൽ മാത്രം ഒതുങ്ങാതെ നയങ്ങളിലും ബജറ്റ് പ്രഖ്യാപനങ്ങളിലും പ്രതിഫലിക്കേണ്ട സമയമാണിത്. പ്രവാസി വെൽഫെയർ ബോർഡിന്റെ പുനഃസംഘടന, പെൻഷൻ വർധന, കൂടുതൽ ക്ഷേമ ആനുകൂല്യങ്ങൾ, വിദ്യാഭ്യാസ സംവരണം, തൊഴിൽ പുനരധിവാസ പദ്ധതികൾ, യഥാർഥ പ്രതിനിധാനം എന്നിവയെല്ലാം പുതിയ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാകണം.
പുതുയുഗത്തിലെ വെല്ലുവിളികളും അവസരങ്ങളും മുന്നിൽക്കണ്ട് പ്രവാസികളെ ചേർത്ത് നിർത്തുന്നതിനും അവരുടെ അനുഭവസമ്പത്ത് കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുന്നതിനും കാര്യക്ഷമവും ദീർഘവീക്ഷണമുള്ളതുമായ നിർദേശങ്ങൾ പുതിയ ബജറ്റിൽ ഇടംപിടിക്കട്ടെ. കേരളത്തിന്റെ പുരോഗതിക്ക് താങ്ങായ പ്രവാസി സമൂഹത്തോടുള്ള കടപ്പാട് പ്രകടിപ്പിക്കാനുള്ള ഏറ്റവും ഉചിതമായ അവസരമാണ് വരാനിരിക്കുന്ന ബജറ്റ്.