ശബരിമലയിൽ മലക്കംമറിഞ്ഞ് സർക്കാർ: യുവതീപ്രവേശന നിലപാട് തിരുത്തി; ആചാര സംരക്ഷണത്തെ അനുകൂലിക്കും
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മലക്കം മറിഞ്ഞ് ഇടത് സര്‍ക്കാര്‍. ആചാര സംരക്ഷണത്തെ അനുകൂലിച്ച് സര്‍ക്കാര്‍ നാളെ സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ശബരിമലയില്‍ ആചാര സംരക്ഷണം വേണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. യുവതീ പ്രവേശത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാരാണ് നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് നിലപാട് തിരുത്താന്‍ തയാറാകുന്നത്.
ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച് ധാരണയായി. വൈകിട്ട് ചേരുന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പില്‍ വിശ്വാസികളെ എതിരാക്കുന്ന ഒരു തീരുമാനവും വേണ്ടെന്നൊണ് പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും നിലപാട്.
ശബരിമല സ്ത്രീ പ്രവേശന വിഷയം വലിയ തോതില്‍ ആയുധമാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുമെന്ന് ആശങ്കയും ഭരണമുന്നണിക്കുണ്ട്. ഈ സാഹചര്യത്തിലാണ് യുവതീ പ്രവേശത്തിന് എല്ലാവിധ പിന്തുണയും നല്‍കിയിരുന്ന സര്‍ക്കാര്‍ ആചാരസംരക്ഷണം എന്ന ആവശ്യത്തിലേക്കു മാറുന്നത്.
അടുത്തിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും യോഗം ചേര്‍ന്ന് ശബരിമലയിലെ ആചാരസംരക്ഷണത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കാന്‍ തീരുമാനിച്ചിരുന്നു.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ളവര്‍ മാര്‍ച്ച് 14നകം നിലപാട് അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. വിശദവാദം ഏപ്രില്‍ 7ന് തുടങ്ങും. ശബരിമല യുവതീപ്രവേശമുള്‍പ്പെടെ, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി നിര്‍ദേശം