വിവാഹത്തിന് ഒരുപവന്‍ സ്വര്‍ണം, സ്ത്രീകള്‍ക്ക് മാസം 2500 രൂപ; ആറ് ഗ്യാസ് സിലിണ്ടര്‍ സൗജന്യം; പ്രകടന പത്രിക പുറത്തിറക്കി വിജയ്

Apr 16, 2026 - 19:53
 0  4
വിവാഹത്തിന് ഒരുപവന്‍ സ്വര്‍ണം, സ്ത്രീകള്‍ക്ക്  മാസം 2500 രൂപ; ആറ് ഗ്യാസ് സിലിണ്ടര്‍ സൗജന്യം; പ്രകടന പത്രിക പുറത്തിറക്കി  വിജയ്

ചെന്നൈ: തമിഴ്‌നാട് വികസനം  ലക്ഷ്യമിട്ടുള്ള ടിവികെയുടെ പ്രകടനപത്രിക വിജയ് പുറത്തിറക്കി. സ്ത്രീക്ഷേമം, തൊഴിലില്ലായ്മ എന്നിവയ്ക്കാണ് പ്രകടനപത്രികയില്‍ മുന്‍ഗണന. കുടുംബനാഥകളായ 60 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നല്‍കുമെന്നതാണ് പ്രധാന വാഗ്ദാനം. ജീവിതച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഓരോ കുടുംബത്തിനും വര്‍ഷത്തില്‍ ആറ് എല്‍പിജി സിലിന്‍ഡറുകള്‍ സൗജന്യമായി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പിന്നാക്ക വിഭാഗങ്ങളിലെ വധുക്കള്‍ക്ക് വിവാഹ സഹായമായി ഒരു പവന്‍ സ്വര്‍ണവും പട്ടുസാരിയും നല്‍കുമെന്നും പത്രികയില്‍ പറയന്നു.

സ്ത്രീകള്‍ നടത്തുന്ന സ്വയം സഹായ സംഘം യൂണിറ്റുകള്‍ക്ക് അഞ്ചുലക്ഷം രൂപവരെ പലിശരഹിത വായ്പ, വിദ്യാര്‍ഥികള്‍ സ്‌കൂളില്‍നിന്ന് കൊഴിഞ്ഞുപോകാതിരിക്കാന്‍ കുട്ടികളുടെ അമ്മമാര്‍ക്ക് പ്രതിവര്‍ഷം 15,000 രൂപ ധനസഹായം, അധികാരത്തില്‍ വന്നാല്‍ അഴിമതി രഹിത ഭരണം ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ഉന്നത പഠനത്തിനായി 20 ലക്ഷം രൂപവരെ പലിശരഹിത വിദ്യാഭ്യാസ വായ്പ നല്‍കുകയും ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ അത്യാധുനിക സൗകര്യങ്ങളുള്ള സൗജന്യ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിക്കുകയും ചെയ്യും.