'സംഘ നൃത്തം ചെയ്യേണ്ട സമയത്ത് സിംഗിള്‍ ഡാൻസ് കളിക്കരുത്': വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുതെന്ന് കെ മുരളീധരന്‍
സംഘ നൃത്തം ചെയ്യേണ്ട സമയത്ത് ആരും സിംഗിള്‍ ഡാൻസ് ചെയ്യരുത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍. സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള ചര്‍ച്ചയിലാണ് കടുത്ത ഭാഷയില്‍ കെ മുരളീധരന്റെപ്രതികരണം.
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടത്തുന്നവരോട് സഹതാപം മാത്രമാണെന്നും പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി പോകുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവര്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇടാന്‍ പാടില്ലെന്നും അത് പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്നും കെ.സുധാകരന്റെ പോസ്റ്റിനെ കുറിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സുധാകരന്‍ കെ.സി.വേണുഗോപാലിനെ പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഇപ്പോള്‍ ഒച്ചവെച്ചിട്ട് ഒരു കാര്യവും ഇല്ല. വേണ്ട സമയത്ത് വേണ്ട കാര്യങ്ങള്‍ നടക്കുമെന്ന് കെ. മുരളീധരന്‍ പറഞ്ഞു.കെ.സി. വേണുഗോപാലിന് വേണ്ടിയും വി.ഡി. സതീശനുവേണ്ടിയും ചേരിതിരിഞ്ഞ് മുഖ്യമന്ത്രിപദത്തിനായുള്ള അവകാശവാദം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യമാണ് താന്‍ പറയുന്നതെന്നും എല്ലാവരും ഒരുമിച്ച് നൃത്തം ചെയ്യേണ്ട സമയത്ത് ആരും സിംഗിള്‍ ആയി നൃത്തം ചെയ്യരുത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നു’ എന്നും മുരളീധരന്‍ പറഞ്ഞു.
ഒറ്റക്കെട്ടായിട്ടാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഘടകകക്ഷികള്‍ക്കടക്കം വലിയ പങ്കുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രമായി ചുരുക്കേണ്ടതില്ല. ഏതെങ്കിലും നേതാക്കന്മാരെ അനുകൂലിച്ചുകൊണ്ട് പോസ്റ്റ് ഇടുന്നത് ആര് ചെയ്താലും ശരിയല്ല. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഇപ്പോള്‍ ഒച്ചവെച്ചിട്ട് ഒരു കാര്യവും ഇല്ല. വേണ്ട സമയത്ത് വേണ്ട കാര്യങ്ങള്‍ നടക്കും. ഏതെങ്കിലും നേതാക്കന്മാരെ അനുകൂലിച്ചുകൊണ്ട് ഇപ്പോള്‍ പോസ്റ്റ് ഇടുന്നത് ആര് ചെയ്താലും ശരിയല്ല. ഇതിന് ഒരു നടപടിക്രമമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് വേണം പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കാന്‍. തിരഞ്ഞെടുപ്പ് ഫലം മുഴുവനും വന്നാല്‍ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഹൈക്കമാന്‍ഡ് തീരുമാനിക്കും. അതിന് ഇപ്പോഴേ ബഹളം വെക്കേണ്ട കാര്യമില്ല.
വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുതെന്നും ഗുണകരമാകില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഇപ്പോള്‍ ആരുടേയും പേര് വന്നിട്ടില്ല. ടീം യുഡിഎഫ് ആയിട്ടാണ് തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. മുരളീധരന്‍ പറഞ്ഞു.