ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ.റാം പോലീസ് പിടിയിൽ

Jul 20, 2026 - 11:34
 0  4
ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ.റാം പോലീസ് പിടിയിൽ

തിരുവനന്തപുരം: ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ മുഖ്യപ്രതിയായ ഡോ. എം.കെ.റാമിനെ പോലീസ് പിടികൂടി. കുടകിൽ നിന്നാണ് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. നിലവിൽ ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

നേരത്തെ ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ വെച്ച് റാമിനെ പിടികൂടാൻ അന്വേഷണസംഘം ശ്രമിച്ചെങ്കിലും ഇയാൾ തന്ത്രപൂർവ്വം രക്ഷപ്പെടുകയായിരുന്നു. സുപ്രീംകോടതി കൂടി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ഡോ.റാം ഒളിവിൽ പോയത്. താടി വളർത്തി രൂപമാറ്റം വരുത്തിയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് പോലീസ് കണ്ടെത്തി.

കേസിൽ നേരത്തെ ഡോ.റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്. നിതിൻ രാജ് ക്ലാസ്മുറിക്കുള്ളിൽ വെച്ച് ക്രൂരമായി അധിക്ഷേപിക്കപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. "സഹപാഠികൾക്ക് മുന്നിൽവെച്ച് ഇത്തരത്തിൽ മാനസികമായി തളർത്തപ്പെടുന്ന വിദ്യാർത്ഥികളുടെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?" എന്ന് കോടതി ചോദിച്ചു.

ഇത്തരം പെരുമാറ്റങ്ങളിൽ നിന്ന് അധ്യാപകന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ;മനുഷ്യത്വരഹിതം' എന്ന വാക്ക് മാത്രമാണ് ഇത്തരം പ്രവർത്തികളെക്കുറിച്ച് പറയുമ്പോൾ മനസ്സിൽ വരുന്നതെന്നും, അധ്യാപകർ തങ്ങളുടെ പ്രവൃത്തികളുടെ പ്രത്യാഘാതം മനസിലാക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.

തിരുവനന്തപുരം ഉഴമലക്കൽ സ്വദേശിയായ നിതിനെ ഏപ്രിൽ 10നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിതിൻ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ നിതിന്റെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി പിന്നീട് കുടുംബം രംഗത്തെത്തുകയായിരുന്നു. അധ്യാപകരിൽ നിന്ന് കടുത്ത ജാതി അധിക്ഷേപമായിരുന്നു നിതിൻ നേരിട്ടതെന്നാണ് കുടുംബം പറയുന്നത്.