2026 നിയമസഭ തിരഞ്ഞെടുപ്പില് കേരളം ബിജെപി പിടിക്കുമെന്ന് അമിത് ഷാ

2026ലെ നിയമസഭാ തിരഞ്ഞെടുപ്പില് കേരളത്തില് സര്ക്കാര് രൂപീകരണ ലക്ഷ്യം വച്ചാണ് ബിജെപി മത്സരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയില് പ്രവര്ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് കേരളത്തിലും അധികാരത്തില് എത്താനുള്ള അവസരമാണ് ബിജെപിക്ക് കൈവന്നിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞത്. തദ്ദേശതിരഞ്ഞെടുപ്പില് 21,000 വാര്ഡുകളില് മത്സരിച്ച് 25 ശതമാനത്തിലേറെ വോട്ട് നേടി ബിജെപി വിജയക്കൊടി പാറിക്കുമെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തില് ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പതിനഞ്ച് വര്ഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ടെന്നും ഇവിടുത്തെ രാഷ്ട്രീയം മനസിലാക്കുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു. ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം ആണെന്നും സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഉത്തരേന്ത്യന് പാര്ട്ടിയാണെന്നാണ് സിപിഎമ്മും കോണ്ഗ്രസും പറയുന്നത്. എന്നാല് അസമിലും ത്രിപുരയിലും ഒഡീസയിലും തെലങ്കാനയിലും പാര്ട്ടി ശക്തമായ സാന്നിധ്യമറിയിച്ചുവെന്ന് അമിത് ഷാ ചൂണ്ടിക്കാണിച്ചു. തമിഴ്നാട്ടില് പാര്ട്ടി സര്ക്കാര് രൂപീകരിക്കാന് പോകുകയാണെന്ന അവകാശവാദവും അമിത് ഷാ നടത്തി.
പുത്തരിക്കണ്ടത്ത് ബിജെപി വാര്ഡ് തല നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുഗുണ്ടകള് കൊന്നൊടുക്കിയ ബിജെപി പ്രവര്ത്തകരുടെ സ്വപ്നമായിരുന്നു സംസ്ഥാനത്തു ബിജെപി അധികാരത്തിലെത്തുക എന്നതെന്നും ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള സമയമായിരിക്കുന്നതായും അമിത്ഷാ പറഞ്ഞു.