ആയുധം ഉപയോഗിച്ചതിനോ മന്ത്രിയെ വധിക്കാൻ ശ്രമിച്ചതിനോ തെളിവുകളില്ല, മെഡിക്കൽ റിപ്പോർട്ടുകളും പിന്തുണയ്ക്കുന്നില്ല: വീണാ ജോർജിനെതിരായ വധശ്രമക്കേസിൽ കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം
ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പ്രവർത്തകർക്ക് തലശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. വധശ്രമം ഉൾപ്പെടെ ഒമ്പതോളം വകുപ്പുകൾ ചുമത്തിയായിരുന്നു പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്നും കൃത്യമായ ഗൂഢാലോചന നടന്നുവെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി തള്ളി.
ആയുധം ഉപയോഗിച്ചതിനോ മന്ത്രിയെ വധിക്കാൻ ശ്രമിച്ചതിനോ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അഞ്ച് കെ.എസ്.യു. പ്രവർത്തകർക്കും ജാമ്യം അനുവദിച്ചത്. ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന പോലീസിന്റെ വാദത്തെ മെഡിക്കൽ റിപ്പോർട്ടുകൾ ഒട്ടും പിന്തുണയ്ക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മന്ത്രിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയിലോ മെഡിക്കൽ സർട്ടിഫിക്കറ്റിലോ ആയുധം കൊണ്ടുള്ള ആക്രമണത്തെക്കുറിച്ചോ അതുകൊണ്ടുണ്ടായ പരിക്കുകളെക്കുറിച്ചോ പരാമർശമില്ല.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയെ ആക്രമിച്ചുവെന്നും മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു എന്നുമായിരുന്നു പോലീസ് റിപ്പോർട്ട്. എന്നാൽ, പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടും പ്രതികൾക്കെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തതും മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തതും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി.
കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമായി ചിത്രീകരിച്ച് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ച കള്ളക്കേസാണിതെന്ന് കോൺഗ്രസും കെഎസ്‌യുവും ആരോപിച്ചിരുന്നു. റെയിൽവേ പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിലും ഇത്തരമൊരു ആക്രമണം നടന്നതായി സൂചനയില്ലായിരുന്നു.