ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ; അംഗീകാരം നല്‍കി പാർലമെന്റ്

Jun 22, 2025 - 18:44
Jun 22, 2025 - 18:50
 0  15
ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ;  അംഗീകാരം നല്‍കി പാർലമെന്റ്

ടെഹ്റാൻ: ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ യുഎസ് ബോംബുവർഷം നടത്തിയതിനു പിന്നാലെ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ.  ഇതിന് ഇറാൻ പാർലമെന്റ് അംഗീകാരം നല്‍കി. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിന് ഇറാൻ പാർലമെന്റ് അംഗീകാരം നല്‍കിയതായി സർക്കാർ ഉടമസ്ഥതയിലുള്ള പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.

കടലിടുക്ക് അടയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനംകൂടി വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ എന്നും റിപ്പോർട്ടുകള്‍ പറയുന്നു.

 ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായതും ഇടുങ്ങിയതുമായ എണ്ണ-വാതക കപ്പല്‍ റൂട്ടാണ് ഹോർമുസ് കടലിടുക്ക്. ഇറാനും അറബ്-ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളില്‍നിന്നുള്ള കയറ്റുമതി ഉള്‍പ്പെടെ ആഗോള എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. 161 കിലോമീറ്റർ നീളമുള്ള ഹോർമുസില്‍ ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് 33 കിലോമീറ്റർ വീതിയാണുള്ളത്. കപ്പല്‍ പാതയ്ക്ക് ഇരുവശത്തേക്കും മൂന്നു കിലോമീറ്റർ വീതി മാത്രമേയുള്ളൂ.

 ഞായറാഴ്ച പുലർച്ചെ ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ആണവകേന്ദ്രങ്ങളില്‍ യുഎസ് ബോംബുവർഷം നടത്തിയിരുന്നു. ആണവകേന്ദ്രങ്ങള്‍ തകർത്തെന്നും ദൗത്യം പൂർത്തിയാക്കി അമേരിക്കയുടെ എല്ലാ യുദ്ധവിമാനങ്ങളും മടങ്ങിയെന്നും പ്രസിഡന്റ് ട്രംപ് പിന്നീട് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.