ഇറാൻ നിരുപാധികം കീഴടങ്ങുക; ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് ട്രംപ്
ഇറാനെതിരായ സൈനിക നീക്കം തുടരുന്നതിനിടെ, നിരുപാധികമായ കീഴടങ്ങലല്ലാതെ മറ്റൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ തോൽവി സമ്മതിച്ചാൽ മാത്രമേ ഇനി എതെങ്കിലും തരത്തിലുള്ള ചർച്ചകൾക്ക് പ്രസക്തിയുള്ളൂ എന്ന് ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം അറിയിച്ചു.
നിലവിലെ നേതൃത്വം മാറി തനിക്ക് സ്വീകാര്യമായ പുതിയ ഭരണകൂടം വരികയാണെങ്കിൽ തകർന്നടിഞ്ഞ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പുനർനിർമ്മിക്കാൻ അമേരിക്ക സഹായിക്കുമെന്നും ‘ഇറാനെ വീണ്ടും മഹത്തരമാക്കുക’ എന്നതാണ് ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എന്നാൽ, രാജ്യത്തിന്റെ പരമാധികാരത്തിലും അന്തസ്സിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. മേഖലയിൽ സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും ആക്രമണം നടത്തുന്നവർക്കെതിരെ ശക്തമായ നിലപാട് തുടരും. സമാധാനത്തിനായി ചില രാജ്യങ്ങൾ മധ്യസ്ഥശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മസൂദ് അറിയിച്ചു