പാലക്കാട്: ജില്ലയിലെ സിപിഎം വിമതരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പി കെ ശശിയെ പാർട്ടി പുറത്താക്കി. ചന്ദ്രനഗർ പാർവതി കല്യാണ മണ്ഡലത്തിലായിരുന്നു കൺവൻഷൻ. മുദ്രാവാക്യം വിളികളോടെയാണ് ശശിയെ പ്രവർത്തകർ സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ രൂക്ഷമായി വിമർശനമാണ് കൺവെൻഷനിൽ ശശി നടത്തിയത്. ഇതോടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ശശിയെ പുറത്താക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
ഇത് വിമതരുടെ കൂട്ടായ്മയല്ലെന്നും ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാരുടെ കൺവൻഷനാണെന്നും പി കെ ശശി പറഞ്ഞിരുന്നു. ഞങ്ങൾ ആഗ്രഹിച്ചിട്ടല്ല ഇങ്ങനെ വേണ്ടിവന്നത്. ഞങ്ങൾ നിർബന്ധിതരായതാണ്. ആ സാഹചര്യം പാലക്കാട് ജില്ലയിൽ നിലനിൽക്കുന്നു. പാലക്കാട് ജില്ലയിൽ സിപിഎം നേതാക്കൾ അഴിമതി നടത്തി. ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരനാണെന്ന് ശശി ആരോപിച്ചു. സുരേഷ് ബാബുവാണ് സെക്രട്ടറി സ്ഥാനത്തെങ്കിൽ പാർട്ടിയിൽ തുടരാനില്ല. പാർട്ടിയിൽ ഒരിക്കലുമില്ലാത്ത രീതിയിൽ പണപ്പിരിവ് നടക്കുകയാണ്. പാർട്ടിയിൽ നിന്നു പുറത്താക്കുന്നെങ്കിൽ പുറത്താക്കട്ടെയെന്നും ശശി പറഞ്ഞു.
ശരിയായ നിലപാടെടുത്തവർ പുറത്താക്കപ്പെട്ടു. ചിലരെ തരം താഴ്ത്തി. ജോലിയിൽനിന്നും പിരിച്ചുവിട്ടു. അവരുടെ പ്രതിഷേധമാണ് നടക്കുന്നതെന്നും ശശി പറഞ്ഞു.