ആഗോള അയ്യപ്പസംഗമം: കണക്കുകളില്‍ ഗുരുതരമായ പൊരുത്തക്കേടുകളെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയില്‍

Mar 5, 2026 - 11:43
 0  3
ആഗോള അയ്യപ്പസംഗമം: കണക്കുകളില്‍ ഗുരുതരമായ പൊരുത്തക്കേടുകളെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയില്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ ഗുരുതരമായ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓഡിറ്റ് ആവശ്യങ്ങള്‍ക്കായി ബോര്‍ഡിനോട് സ്വത്ത് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും അവ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ഓഡിറ്റര്‍ ഹൈക്കോടതിയെ അറിയിച്ചു. കണക്കുകളിലെ ഈ വ്യക്തതക്കുറവ് പരിഹരിക്കാന്‍ ഓഡിറ്റര്‍ക്ക് പത്ത് ദിവസത്തെ സമയം ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.

ഓഡിറ്റര്‍ പലതവണ കത്തുകള്‍ നല്‍കിയിട്ടും ദേവസ്വം ബോര്‍ഡ് കൃത്യമായ മറുപടി നല്‍കാത്തത് സാമ്പത്തിക ക്രമക്കേടുകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഓരോ പരിപാടികള്‍ക്കും എത്ര തുക വീതം ചിലവായെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിയാത്ത വിധം കണ്‍സോളിഡേറ്റഡ് ബില്ലുകളാണ് പല കാര്യങ്ങള്‍ക്കും നല്‍കിയിരിക്കുന്നത് എന്ന് ഓഡിറ്റര്‍ ചൂണ്ടിക്കാട്ടി.

 കരാര്‍ വ്യവസ്ഥകള്‍ പ്രകാരം പണച്ചെലവ് പരിശോധിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ അവിടെ ഉണ്ടായിരുന്നിട്ടും കൃത്യമായ നടപടികള്‍ ഉണ്ടായില്ലെന്നും അറിയിച്ചു.