മുതിര്‍ന്ന സിപിഎം നേതാവ് എന്‍ ശങ്കരയ്യ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവ് എന്‍ ശങ്കരയ്യ അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍ ശങ്കരയ്യ(102) അന്തരിച്ചു. 

ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് ശങ്കരയ്യയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിഎസ് അച്യുതാനന്ദനൊപ്പം 1964 ലെ കൊല്‍ക്കത്ത സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്നും ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാളായ ശങ്കരയ്യ സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ്.

സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി, ഓള്‍ ഇന്ത്യ കിസാൻ സഭ അധ്യക്ഷൻ, രണ്ടു ദശാബ്ദത്തിലധികം സിപിഎം കേന്ദ്രകമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1941ല്‍ മധുര അമേരിക്കന്‍ കോളജിലെ തീപ്പൊരി നേതാവായാണ് പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കം. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനു ബ്രിട്ടീഷ് സൈന്യം പിടികൂടി ജയിലിലടച്ചു. എട്ടുവര്‍ഷത്തിനു ശേഷം രാജ്യം സ്വതന്ത്രമാകുന്നതിനു തൊട്ടുതലേന്നാണ് ജയിലിനു പുറത്തിറങ്ങിയത്.

1967, 1977, 1980 തിരഞ്ഞെടുപ്പുകളില്‍ സിപിഎം അംഗമായി തമിഴ്‌നാട് നിയമസഭയിലെത്തി.  ഏറെക്കാലം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്നിട്ടുണ്ട്.