മണിപ്പൂരില്‍ ശാന്തിയും സമാധാനവും തിരിച്ചുകൊണ്ടുവരും: രാഹുല്‍ ഗാന്ധി

മണിപ്പൂരില്‍ ശാന്തിയും സമാധാനവും തിരിച്ചുകൊണ്ടുവരും: രാഹുല്‍ ഗാന്ധി

ഇംഫാല്‍: എല്ലാ വേദനകള്‍ക്കുമപ്പുറം മണിപ്പൂരില്‍ ശാന്തിയും സമാധാനവും തിരിച്ചുകൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി. മണിപ്പൂരിലെ തൗബാലില്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് ലജ്ജാകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിങ്ങള്‍ കടന്നുപോകുന്ന വേദനയുടെ ആഴം ഞങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ആ മുറിവുകളും നൊമ്ബരങ്ങളും ഞങ്ങളറിയുന്നു. ഈ നാട് മുമ്ബ് അറിയപ്പെട്ടിരുന്നത് ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പേരിലായിരുന്നു. അത് ഞങ്ങള്‍ തിരിച്ചുകൊണ്ടുവരും' -രാഹുല്‍ പറഞ്ഞു.

മോദിക്കും ബിജെപിക്കും മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ല. ആകാശത്തിലും സമുദ്രത്തിന് അടിയിലും പോകുന്ന പ്രധാനമന്ത്രി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കുകയോ സമാധാനാഹ്വാനം നല്‍കുകയോ ചെയ്തിട്ടില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണ് ബിജെപിയുടെയും ആര്‍എസ് എസിന്റെയും ഭാവം. മണിപ്പൂരിനോട് ബിജെപിക്ക് വിദ്വേഷമാണ്. ആ രാഷ്ട്രീയം തുറന്ന് കാട്ടാനാണ് ഈ യാത്ര. സമാധാനാഹ്വാനവുമായാണ് ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പുരില്‍നിന്ന് തുടങ്ങുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജൂണ്‍ 29നു ശേഷം മണിപ്പുര്‍ യഥാര്‍ഥ മണിപ്പൂരല്ല. മണിപ്പൂര്‍ വിഭജിക്കപ്പെട്ടിരിക്കുന്നു, മുക്കിലും മൂലയിലും വരെ വിദ്വേഷം പടര്‍ന്നിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് നഷ്ടം സംഭവിച്ചു. എന്നാല്‍ ഇതുവരെ ജനങ്ങളുടെ കണ്ണീരകറ്റാൻ, കൈകള്‍ ചേര്‍ത്തുപിടിക്കാൻ ഇന്ത്യയുടെ പ്രധാനമന്ത്രി ഇവിടേക്ക് എത്തിയില്ല. വളരെയേറെ അപമാനകരമായ കാര്യമാണത്.

ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും വിദ്വേഷത്തിന്റെ പ്രതീകമാണ് മണിപ്പൂര്‍. ബിജെപിയുടെ കാഴ്ചപ്പാടിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പ്രതീകമാണ് മണിപ്പൂരെന്നും രാഹുല്‍ഗാന്ധി പറഞ്ഞു

മണിപ്പൂരില്‍ അടിസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടു. ഭാരത് ജോഡോ ന്യായ് യാത്ര എവിടെ നിന്ന് തുടങ്ങണമെന്ന ചര്‍ച്ചയില്‍ മണിപ്പൂരില്‍ നിന്ന് മാത്രമേ യാത്ര ആരംഭിക്കാൻ കഴിയൂ എന്ന് ഞാൻ പറഞ്ഞു. രാജ്യം വലിയ അനീതിയുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സാമൂഹികവും രാഷ്ട്രീയവും സാമ്ബത്തികവുമായി അനീതികളടക്കം അതിലുണ്ട് , രാഹുല്‍ പറഞ്ഞു.

മണിപ്പൂരിനെ ഇന്ത്യയുടെ രത്‌നമെന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ചതെന്ന് ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു മണിപ്പൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെ രത്‌നമെന്നാണ് മണിപ്പൂരിനെ വിശേഷിപ്പിച്ചത്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരില്‍ വോട്ട് തേടാൻ വന്നു. എന്നാല്‍ മണിപ്പൂരിലെ ജനങ്ങള്‍ വേദനിക്കുമ്ബോള്‍ വന്നില്ല.

പാര്‍ലമെന്റിലെ എംപിമാരുടെ സസ്‌പെൻഷൻ വിഷയത്തെക്കുറിച്ചും ഖാര്‍ഗെ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. ജനാധിപത്യവിരുദ്ധമായ നടപടിയാണ് അത്. ഞങ്ങള്‍ അതിനെതിരെ പോരാടിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളെ ചെവിക്കൊണ്ടില്ല... നമ്മുടെ രാജ്യത്ത് ഏകാധിപത്യ മനോഭാവമാണ് പ്രവര്‍ത്തിക്കുന്നത്. ഭരണഘടന സംരക്ഷിക്കാനാണ് രാഹുല്‍ ഗാന്ധി പോരാടുന്നത്. ബി.ജെ.പി മതത്തെ രാഷ്ട്രീയത്തില്‍ കലര്‍ത്തുകയാണ് ചെയ്യുന്നത്. മതേതരത്വത്തിനും സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടിയാണ് നമ്മല്‍ പോരാടുന്നത് -ഖാര്‍ഗെ പറഞ്ഞു.