എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാര്‍ മരിച്ച നിലയില്‍

എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാര്‍ മരിച്ച നിലയില്‍

ഹൈദരാബാദ്: കേരളത്തിന്റെ ചുമതലയുള്ള എന്‍എസ്‌യുഐ ദേശീയസെക്രട്ടറി രാജ് സമ്പത്ത് കുമാര്‍ ആന്ധ്രയില്‍ കൊല്ലപ്പെട്ടു. ധര്‍മ്മവാരത്തെ ഒരു തടാകക്കരയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

ശ്രീ സത്യസായി ജില്ലയിലെ ഹിന്ദുപൂര്‍ സ്വദേശിയായ, ബീരു എന്ന് വിളിപ്പേരുള്ള രാജ് സമ്പത്ത് കുമാറിന്റെ മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെയാണ് ധര്‍മ്മവാരത്തെ ഒരു തടാകത്തിന്റെ കരയില്‍ കണ്ടെത്തിയത്. ദേഹമാസകലം ആഴത്തിലുള്ള പരിക്കുകളേറ്റിരുന്നു. ശരീരത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല. അഭിഭാഷകന്‍ കൂടിയായ രാജ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളിലും കേസുകളിലും ഇടപെട്ടിരുന്നു. ഹിന്ദുപൂര്‍ സ്വദേശി തന്നെയായ മറ്റൊരു അഭിഭാഷകനുമായി ഇക്കാര്യത്തില്‍ ഭിന്നതയും നിലനിന്നിരുന്നു.

ഈ അഭിഭാഷകനെ ആക്രമിച്ചെന്ന കേസില്‍ പ്രതിയുമാണ് രാജ് സമ്പത്ത് കുമാര്‍. ഇതിന് പ്രതികാരമായിട്ടാണോ കൊലപാതകമെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 കഴിഞ്ഞയാഴ്ച നെയ്യാറില്‍ നടന്ന കെഎസ്‌യു ക്യാമ്പില്‍ പങ്കെടുത്ത രാജ് സമ്പത്ത് കുമാര്‍ ഇന്ന് കെഎസ്‌യുവിന്റെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ടി എത്താനിരുന്നതാണ്. എന്നാല്‍ ഇന്നലെ രാത്രി വിളിച്ച് എത്താനാകില്ലെന്നറിയിച്ചുവെന്ന് കെഎസ്‌യു സംസ്ഥാനപ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി