ഫാഫാ ; നിൻ്റെ പനിക്കുന്ന കൈത്തണ്ടയിൽ ഒരുമ്മ..: ഏബ്രഹാം കുര്യൻ

ഫാഫാ ;  നിൻ്റെ പനിക്കുന്ന  കൈത്തണ്ടയിൽ ഒരുമ്മ..: ഏബ്രഹാം കുര്യൻ
ഹദ് ഫാസിലിൻ്റ സിനിമയാണ് ആവേശം.
'ഫ'ഹദ്   'ഫാ'സിൽ ഇനി നമുക്ക് ഫാഫയാണ്.
കേരളത്തിലെ തിയ്യറ്ററുകൾ കവിഞ്ഞൊഴുകുന്നു.
പുതിയ സാങ്കേതിക വിദ്യകൾ വന്നപ്പോൾ സിനിമയും പത്രങ്ങളും തകർന്നു തുടങ്ങിയിരുന്നു.
സിനിമാ തിയറ്ററുകളെ ഹൗസ്ഫുള്ളാക്കി മാറ്റിയത്  ഇരുപതുകാരാണ്. പുതിയ ലോകത്തെ റീഡ് ചെയ്യാനുള്ള കഴിവും ഭ്രാന്തമായ ക്രിയേറ്റിവിറ്റിയുള്ളവർ മലയാള സിനിമയെ കോടിക്കളത്തിലേക്ക് എടുത്തു വെച്ചു.
ദിനപത്രങ്ങൾ ലക്ഷങ്ങളിൽ നിന്ന് കൂപ്പുകുത്തി വീണു കൊണ്ടിരിക്കുന്നു. മനസ്സും ശരീരവും ചുക്കിച്ചുളിഞ്ഞ 
പടു കിളവൻമാരാണ് പത്രങ്ങളെ നയിക്കുന്നത്. 
ഒരു ഇരുപതുകാരനെ പണി ഏല്പിക്കാൻ പത്രമുതലാളിമാർക്കും തൻ്റേടം ഇല്ല.
"എൻ്റെ കുഞ്ഞ് നന്നായി പഠിക്കണേ! 
നല്ല വിജയം കിട്ടണേ!
 നല്ല ജോലി കിട്ടണേ.
 നല്ലത് വരണേ... "
ഇങ്ങനെയൊക്കെ പ്രാർത്ഥിക്കാത്ത അമ്മമാരുണ്ടോ?
ഒരതി ഭീമൻ നഗരത്തിൽ പുത്തൻ വിദ്യാഭ്യാസത്തിനായി മകൻ ബിബിയേയും കൂട്ടി വന്ന 
ബിബിയുടെ അമ്മയുടെ പ്രാർത്ഥനയും
 ഇതു തന്നെ.
ബിബിന് കൂട്ടായി
 ശാന്തനും അജുവും. അങ്ങനെ 22 മല്ലൂസ്.ബാഗ്ളൂർ നഗരത്തിൽ അവർ ഊർന്ന് വീണത് ഗർത്തങ്ങളിലേക്കായിരുന്നു.
കഥയൊക്കെ പഴയത് തന്നെ. പക്ഷേ ട്രീറ്റ്മെൻ്റിലെ പുതുമയും  ചടുലതയും പ്രേക്ഷകനിലും ആവേശം ജനിപ്പിക്കുന്നു. 
നല്ല എനർജിയുള്ള 
ഒരു സിനിമ ,
രോമാഞ്ചത്തിന് ശേഷം ശ്രീ ജിത്തു  മാധവൻ നമുക്കു
 മുന്നിലേക്കെറിയുന്നു.
മൂന്ന് സഹപാഠികളുടെ ഒന്നിച്ചുള്ള യാത്രയിൽ വഴി തെറ്റുകയാണോ?
 വഴി തെളിയുകയാണോ?
നല്ലവനായ വില്ലൻ രംഗയണ്ണൻ നിയന്ത്രിക്കുന്ന പട്ടങ്ങളാണോ മൂവർ സംഘം? 
അതോ തിരിച്ചോ?
നല്ല വേഷം ധരിച്ച ഒരു കുള്ളൻ.
സംസാരിക്കാനറിയാത്തവൻ.
നന്മയും ആദർശവും നിറഞ്ഞവനെന്ന് തെറ്റിദ്ധരിപ്പിക്കുന്നവൻ. കൂടെ കൂടാൻ അണികളെ പ്രേരിപ്പിക്കുന്നവൻ.
 ആരൊക്കെയോ ചേർന്ന് ഫാബ്രിക്കേറ്റ് ചെയ്ത കുള്ളൻ.
 ഉള്ളിൽ വിഷം നിറഞ്ഞ മനസ്സുമായി കുട്ടേട്ടൻമാർ കാമ്പസ്സിലുണ്ട്.
 രാഷ്ടീയത്തിലുണ്ട്. നാട്ടിലുണ്ട്. 
അവർ കാമ്പസ്സിൻ്റേയും നാടിൻ്റെയും താളം തെറ്റിക്കും.
 അമ്മമാരുടെ സ്വപ്നം തല്ലിക്കെടുത്തും.
കുഞ്ഞുങ്ങളെ വഴിതെറ്റിക്കും.
ആവേശത്തിൽ 
വഴിതെറ്റിയ 
തലമുറയെ
 ചൂരവടിയോങ്ങി നന്നാക്കാൻ മുന്നിട്ടിറങ്ങുന്നത്
 നല്ലവനായ വില്ലൻ 
രംഗണ്ണനാണ്.
രംഗണ്ണൻ എന്ന
 ബാംഗ്ളൂർ നഗരത്തിലെ ഗുണ്ടാത്തലവൻ.
ഫഹദ് ഫാസിലിൻ്റെ - ഫാഫയുടെ - രംഗണ്ണൻ
 ഈ ചിത്രത്തിൽ നിറഞ്ഞാടുകയാണ്.
 ഫാഫയുടെ  ഇതുവരെ ആരും കാണാത്ത ഒരു
 സ്ക്രീൻ പ്രസൻസ്.
കൊടുങ്കാറ്റുപോലെ ആർത്തലച്ചു വരുന്ന,
 തിരമാല പോലെ..
 ഫാഫാ സ്ക്രീനിൽ അത്ഭുതം സൃഷ്ടിക്കുന്നു. 
കന്നട കൂട്ടി മലയാളം പറയുന്ന ലൗഡായ ഒരു കഥാപാത്രം.
ഫാഫയുടെ ഓരോ കോശവും നിറഞ്ഞാടുകയാണ്.
കണ്ണുകൾ കൊണ്ട് ഒരു പാട് ഇമോഷൻസ്സ് സ്ക്രീനിൽ കാണിക്കുന്ന നടനാണ് ഫാഫാ.
ഫാഫയുടെ കണ്ണിലെ മുഴുവൻ ഇമോഷൻസും സിനിമയ്ക്ക് താങ്ങാനാവില്ല.
 അതു കൊണ്ടാണ് രംഗയെ കൂളിംഗ് ഗ്ലാസ്സ് ധരിപ്പിച്ചതെന്ന് ജിത്തുമാധവൻ പറയുമ്പോൾ അതിനെ തള്ളിക്കളയാനാവില്ല.
"കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ 
ശ്രീ ഫാസിൽ 
സ്വന്തം മകനായ
 അബ്ദുൽ ഹമീദ് മുഹമ്മദ് ഫഹദ് ഫാസിലിനെ
 അവതരിപ്പിച്ചപ്പോൾ തിയ്യറ്ററിൽ പ്രേക്ഷകർ കൂവിതോല്പിക്കുകയായിരുന്നു. 
കല്ലേറ് കിട്ടി മടങ്ങിയ ഒരു നടൻ.
ഏഴ് വർഷം കഴിഞ്ഞ് കഷണ്ടി കയറിയ തലയും നീണ്ടു മെലിഞ്ഞ രൂപവുമായി കേരള കഫേ എന്ന ചിത്രക്കൂട്ടിലെ മൃത്യുഞ്ജയത്തിലെത്തുമ്പോൾ 
മലയാളത്തിന് ഒരു അതുല്യ നടനെ ലഭിക്കുകയായിരുന്നു.
പാകപ്പെട്ട ഒരു ശരീരം.
ചാപ്പാ കുരിശ് അത് അടിവരയിട്ടു.
ലോകസിനിമയിലെ മാറ്റങ്ങൾ മലയാളത്തിലും എത്തുന്ന കാലം.
 പ്രാദേശിക സംസ്ക്കാരങ്ങളിലും ജീവിത രീതിയിലും  ഉറച്ചു നിന്നു കൊണ്ടുള്ള ചില ഒറിജനലുകൾ.
മഹേഷിൻ്റെ പ്രതികാരം, ഇയ്യോബിൻ്റെ പുസ്തകം, തൊണ്ടിമുതലും ദൃക്സാക്ഷിയും, ആമേൻ..
ഫഹദിൻ്റെ വളർച്ച ഈ സിനിമകൾക്കൊപ്പമായി.
അന്നയും റസൂലിലേയും ആട്ടോ ഡ്രൈവർ റസൂലും, 
മഹേഷിൻ്റെ പ്രതികാരത്തിലെ ഫോട്ടോഗ്രാഫർ മുഹേഷും,
 നത്തോലിയിലെ പ്രേമനും,
ആമേനിലെ സോളമനും,
 തൊണ്ടിമുതലും ദൃക്സാക്ഷിയിലെ പേര് പോലും കട്ടെടുത്ത പ്രസാദും,
 ഇന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർത്ഥനും,
 നോർത്ത് 24 കാതമിലെ ഹരികൃഷ്ണനും,
 ബാംഗ്ളൂർ ഡെയ്സിലെ ശിവദാസും,
 പൊളിറ്റിക്കൽ ത്രില്ലറായ മാലിക്കിലെ മാലിക്കും, 
22 ഫീമെയിൽ കോട്ടയത്തിലെ സിറിലും, 
ഡയമണ്ട് നെക്ലേസിലെ ഡോക്ടർ അരുണും
 ജോജിയും...
അങ്ങനെ ഒരു പിടി ചിത്രങ്ങൾ.
 ടേക്ക് ഓഫിലെ നയതന്ത്രജ്ഞനെ ഓർക്കുന്നില്ലേ? 
ഒരു മഹത്തായ രാജ്യത്തിൻ്റെ ഔന്നത്യം മുഴുവൻ നടപ്പിലും ഉടുപ്പിലും ഭാവത്തിലും ആവാഹിച്ച മനോജ് ഏബ്രഹാം.
 മാലാഖമാരുടെ വേദന, ഒരു രാജ്യത്തിൻ്റെ ദുരന്തം എല്ലാം ഉള്ളിൽ നിറച്ച ആ പകർന്നാട്ടം എത്ര ഗംഭീരമായിരുന്നു.
സങ്കീർണ്ണകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ഫാഫാ കാട്ടുന്ന മിടുക്ക് എടുത്ത് പറയേണ്ടതാണ്.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ അടുത്തു നിൽക്കുന്ന കഥാപാത്രങ്ങളും പ്രേക്ഷകരും 
സമ്മർദ്ദം കൊണ്ട് ഞെരിഞ്ഞമരുമ്പോൾ
 കണ്ണുകൾ കൊണ്ട് ചിരിക്കുകയാണ് ഫഹദ്.
വികാരങ്ങളെ സെക്കൻ്റുകൾക്കിടയിൽ മാറ്റിമറിക്കുന്നതിലെ ഫാഫയുടെ വിരുത് ഒട്ടുമിക്ക ചിത്രങ്ങളിലും പ്രകടമാണ്.
 
ട്രാൻസിലെ ജോഷ്വാ കാൾട്ടൻ. കോപ്പിയല്ല. ഒറിജിനൽ.
ഏത് കഥാപാത്രമായും കുടിയേറാൻ കഴിയുന്ന ആർട്ടിസ്റ്റ്.
 നിയന്ത്രിതമായ അഭിനയത്തിൻ്റെ വഴിത്താര തുറന്നവൻ.
 കഥാപാത്രങ്ങളുടെ നീറുന്ന വേദന അതേ തീവ്രതയോടെ നമ്മിലേക്ക് പടർന്നിറക്കാൻ കഴിയുന്ന സ്വഭാവിക അഭിനയത്തിൻ്റെ രാജകുമാരൻ.
റിയലിസ്റ്റിക്കായ അഭിനയത്തിൻ്റെ ആൾരൂപം.
ആവേശത്തിൽ 
ഫാഫാ
പനിച്ച് തുള്ളുകയാണ്. സജിൻ ഗോപുവിൻ്റെ അമ്പാൻ 
ഫാഫയ്ക്ക് ഒപ്പം ചേർന്ന് നിൽക്കുന്നു. ഹിപ്സ്റ്ററുടെ അജുവും
 മിഥുൻ ജയശങ്കറുടെ ബിബിയും 
റോഷൻ 
ഷാനവാസിൻ്റെ 
 ശാന്തനും 
മൂവർ സംഘമായി പൊളിച്ചു.
നില തെറ്റി ഒരു ഭ്രാന്തനെ പോലെ 
രംഗണ്ണൻ 
മൂവർ സംഘത്തിനെ കൊല്ലാനലറുമ്പേഴാണ് 
 ബിബിൻ്റെ ഫോണടിക്കുന്നത്.
 ബിബിൻ്റെ ഫോണെടുക്കുന്നത് രംഗണ്ണൻ.
അങ്ങേ തലയ്ക്കൽ ബിബിൻ്റെ അമ്മ.
.. " ങ്ഹാ,
രംഗമോനാണോ?
ഹാപ്പിയാണോ?"
ഒരമ്മയുടെ ചോദ്യത്തിന് മുന്നിൽ ഫാഫാ യൂ ടേൺ.
ആ മൂളൽ കേട്ടില്ലേ !
" ങും."
"ബിബിനോ? 
അവനും ഹാപ്പിയല്ലേ മോനേ?"
അതേ അമ്മേ. എല്ലാവരും ഹാപ്പിയാണ്. ഞങ്ങൾ പ്രേക്ഷകരും.
സത്യത്തിൽ അതല്ലേ വേണ്ടത്?