ലോക കേരളാ സഭാ ധൂർത്ത്  നാലാം ടേമിലേക്ക്  - ആർക്കെന്ത് പ്രയോജനം? മാത്യുക്കുട്ടി ഈശോ

ലോക കേരളാ സഭാ ധൂർത്ത്  നാലാം ടേമിലേക്ക്  - ആർക്കെന്ത് പ്രയോജനം?  മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്:  ഏഴര ലക്ഷം അമേരിക്കൻ ഡോളർ - ഏകദേശം ആറ് കോടി രൂപാ മുടക്കി ഒരു വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2023 ജൂൺ 9, 10, 11 തീയതികളിൽ വളരെ കൊട്ടിഘോഷത്തോടെ ആർഭാടമായി ന്യൂയോർക്ക് ടൈം സ്‌ക്വയറിലെ മാരിയറ്റ് മാർക്വസ് ഹോട്ടലിലും ടൈം സ്‌ക്വയറിന്റെ പൊതു വീഥിയിലും വച്ച് നടത്തപ്പെട്ട ലോക കേരളാ സഭയുടെ അമേരിക്കൻ റീജിയണൽ കോൺഫറൻസ് മലയാളികൾ മറന്നു കാണും എന്നാണ് കരുതുന്നത്. പുതിയ ചൂടേറിയ വാർത്തകൾ ധാരാളമായി യാതൊരു പഞ്ഞവുമില്ലാതെ ഒന്നിന് പുറകെ ഒന്നായി ദിനവും പ്രത്യക്ഷപ്പെടുമ്പോൾ ഒരു വർഷം മുമ്പുള്ള കാര്യം മനസ്സിൽ സൂക്ഷിക്കാൻ മലയാളിലുടെ മസ്തിഷ്കത്തിൽ എവിടെ സ്ഥലം? എന്നാൽ കേരളാ ചക്രവർത്തിയായ, അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ സാക്ഷാൽ നേതാവായ കേരളാ മുഖ്യൻ പിണറായി സഖാവിനെ ബൂർഷ്വാകളായ  സായിപ്പിന്റെ നാട്ടിൽ വിദേശ വസ്ത്രധാരണത്തിൽ വേഷം കെട്ടിച്ച് ടൈം സ്ക്വയറിന്റെ മട്ടുപ്പാവിൽ ഇരുമ്പു കസേരയിൽ ഉപവിഷ്ടനാക്കി മാധ്യമങ്ങളായ മാധ്യമങ്ങളെല്ലാം കൊട്ടിഘോഷിച്ച ചിത്രം മലയാളി മനസ്സിൽ നിന്നും പെട്ടെന്ന് മാഞ്ഞുപോകാൻ സാധ്യതയില്ല.

ലോകമെമ്പാടുമുള്ള മലയാളീ ട്രോളന്മാർക്ക് കുറേ  അധികം നാളുകൾ ട്രോളാൻ  അവസരം ലഭിച്ച കഴിഞ്ഞ വർഷത്തെ അമേരിക്കൻ മേഖലാ ലോക കേരളാ ധൂർത്ത് സഭയിൽ പ്രഖ്യാപിച്ച ഏതെങ്കിലും കാര്യങ്ങൾ കേരളത്തിന് പ്രയോജനം ചെയ്തോ എന്ന് ചോദിച്ചാൽ അമേരിക്കയിൽ ജീവിക്കുന്ന മലയാളികൾക്കോ നാട്ടിൽ ജീവിക്കുന്ന അടിമക്കമ്മികൾക്കോ  ആർക്കും ഒരു ഉത്തരവുമില്ല. ന്യൂയോർക്കിൽ പൊടിച്ച ആറു കോടി കൂടാതെ കേരളത്തിലെ പാവം ജനങ്ങൾ മുണ്ട് മുറുക്കിയുടുത്തും പകലന്തിയോളം അദ്ധ്വാനിച്ച് സുഖമായൊന്ന് ഉറങ്ങുവാനായി വിലയുടെ മൂന്നിരട്ടി നികുതിയായി നൽകി വാങ്ങി കുടിച്ചു തീർത്ത മദ്യത്തിലൂടെയും  കേരളാ ഖജനാവിലേക്ക് സ്വരൂപിച്ച് കൊടുത്ത എത്ര കോടി രൂപാ ന്യൂയോർക്ക് സന്ദർശിച്ച ഏമാന്മാർക്ക് വേണ്ടി മുടക്കി എന്നതിന് ഇന്നും ഒരു കണക്കും ഇല്ല. കാരണഭൂതൻറെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാമെന്നും ഫോട്ടോ എടുക്കാമെന്നും പ്രലോഭിപ്പിച്ച് എൺപതു ലക്ഷം രൂപാ വരെ (ഒരു ലക്ഷം ഡോളർ) സംഭാവന നൽകണമെന്ന് ആഹ്വാനം ചെയ്ത് സംഘാടകർ രഹസ്യമായി പ്രസിദ്ധീകരിച്ച താരിഫ് കാർഡ് കേരളത്തിലെ മാധ്യമങ്ങളെല്ലാം കുറേ ഏറെ ദിവസങ്ങളിലേക്ക് ആഘോഷമാക്കിയപ്പോൾ പല അമേരിക്കൻ മലയാളീ പ്രാഞ്ചിയേട്ടന്മാരും പ്രസ്തുത ഉദ്യമത്തിൽ നിന്നും പിന്മാറി. അത് സംഘാടകരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. അതുമൂലം മാരിയറ്റ് മർക്കസ് ഹോട്ടൽ ഉടമകൾ കോൺഫെറെൻസിന്റെ രണ്ടാം ദിനം അവരുടെ ഹോട്ടൽ തുകയായി നൽകാൻ ബാക്കി നിന്ന ഒന്നര ലക്ഷം ഡോളർ (ഏകദേശം ഒന്നേകാൽ കോടി രൂപ) നൽകിയില്ലെങ്കിൽ ഉടൻ മുറികളെല്ലാം ഒഴിയണമെന്ന് അന്ത്യശാസനം നൽകിയപ്പോൾ സംഘാടകർ ശരിക്കും വിയർത്തു. പ്രസ്തുത തുക നൽകുവാനായി പരിചയക്കാരോടും മലയാളീ ബിസിനെസ്സ് സുഹൃത്തുക്കളോടുമെല്ലാം സംഘാടകർ പണപ്പിരിവ് നടത്താൻ രണ്ടാം ദിനം ഉച്ചക്ക് ശേഷം ശ്രമിച്ചെങ്കിലും നിരാശ മാത്രം ആയിരുന്നു ഫലം. കോൺഫറൻസ് പ്രതിനിധികളായി ഹോട്ടലിൽ താമസിച്ചിരുന്ന മിക്കവരും അധികം  തുക നൽകാതെ പിൻവലിഞ്ഞു. തദവസരത്തിൽ കോൺഫ്രൻസ് നടത്തിപ്പിനായി തുടക്കത്തിൽ രണ്ടരക്കോടി രൂപാ നൽകി കയ്യടി വാങ്ങിയ വാഷിങ്ടൺ ഡി.സി-യിലെ ബിസിനസ്സുകാരൻ മനസ്സറിഞ്ഞു ഒന്നേകാൽ കോടി രൂപ കൂടി (ഒന്നര ലക്ഷം ഡോളർ) നൽകുവാൻ സൗമനസ്യം കാണിച്ചതിനാൽ മലയാളികളെല്ലാവരുടെയും അഭിമാനത്തിന് ക്ഷതമേൽക്കാതെ രക്ഷപെട്ടു എന്നാണ് പിന്നാമ്പുറക്കഥകൾ. ഇത്രയധികം തുക മേഖലാ സമ്മേളനത്തിന് മുടക്കിയിട്ട് ആർക്കെന്ത് പ്രയോജനം? ഏതെങ്കിലും പ്രവാസിയുടെ എന്തെങ്കിലും പ്രശ്‌നത്തിന്‌ പരിഹാരമുണ്ടായോ? നമ്മൾ സാധാരണക്കാരായ മലയാളികൾ  ചിന്തിക്കണം.

സംഘാടകരുടെ കണക്കനുസരിച്ച് രണ്ടര ലക്ഷത്തോളം വഴിയാത്രക്കാരായ  അമേരിക്കൻ ജനതയുടെ മുമ്പിൽ നിന്ന് കേരളാ മുഖ്യൻ മലയാളത്തിൽ കേരളാ വികസനത്തെക്കുറിച്ചും ഇടതു സർക്കാർ കേരളാ ജനതയെ തീറ്റിപോറ്റുന്നതിനെക്കുറിച്ചും പ്രസംഗിച്ചപ്പോൾ കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിക്കാർ ജനങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും സേവിക്കുന്നുവെന്നും കേട്ട ബൂർഷ്വാകളായ വെളുത്ത അമേരിക്കൻ വർഗ്ഗക്കാർ കോരിത്തരിച്ചു എന്ന് മാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ  കേട്ടു.  എന്നാൽ ഇടക്കൊക്കെ വെളുത്ത വർഗ്ഗക്കാർ മനസ്സിലാക്കട്ടെ എന്ന ഉദ്ദേശത്തോടെ  ചെറിയ പേപ്പർ കഷണത്തിൽ നോക്കി ബുദ്ധിമുട്ടി  ആരോ ഇംഗ്ലീഷിൽ എഴുതിക്കൊടുത്ത ചില വാചകങ്ങൾ വായിക്കാനും മുഖ്യൻ മറന്നില്ല. അങ്ങനെ പറഞ്ഞ കൂട്ടത്തിൽ കേരളത്തിൽ ഇന്റർനെറ്റ് നൽകുക എന്നത് ഇടതുപക്ഷ സർക്കാരിന്റെ വികസനപദ്ധതിയിലെ ഒരു സുപ്രധാന പദ്ധതിയാണെന്ന് പറഞ്ഞപ്പോൾ രണ്ടു പതിറ്റാണ്ടായി ഇന്റർനെറ്റിന്റെ സുഖസൗകര്യങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അമേരിക്കൻ ജനത മൂക്കത്തു വിരൽ വച്ചു പോയി. കാരണം ഇത്രയും വിദ്യാസമ്പന്നരും മിടുക്കന്മാരുമായ മലയാളിയുടെ നാട്ടിൽ ഇപ്പോഴും രണ്ടു പതിറ്റാണ്ടു പുറകിലെ വികസനമാണോ എന്നും അവിടുത്തുകാർ ഇന്റർനെറ്റ് പോലും ഇല്ലാതെയാണോ കഴിയുന്നത് എന്നും അവർ സംശയിച്ചു.

ഇതൊക്കെ നേരിട്ട് കാണുന്നതിനും അതിനു സാക്ഷിയാകുന്നതിനും ഈയുള്ളവനും അവസരം ലഭിച്ചൂ എന്നത് മഹാഭാഗ്യമാണ്. അന്ന് അമേരിക്കയിലെ (ന്യൂയോർക്കിലെ) ലോക കേരളാ സഭയുടെ റീജിയണൽ കോൺഫെറെൻസോടെ അമേരിക്കൻ സംരംഭകർ കേരളാ മണ്ണിലേക്ക് ഒഴുകിയെത്തും എന്ന് അന്തിചർച്ചകളിൽ ഇരുന്ന് കൊട്ടിഘോഷിച്ച ന്യായീകരണ തൊഴിലാളികളെ ഇപ്പോൾ കാണാനില്ല. അതിനും ശേഷം ധൂർത്തിന്റെ ഭാഗമായി “കേരളീയം” എന്ന പേരിൽ കോടികൾ മുടക്കി ഏതാനും മാസങ്ങൾക്ക് മുമ്പ് (നവകേരളാ യാത്രക്ക് മുമ്പ്) അനന്തപുരി തിമിർത്താഘോഷിച്ചപ്പോഴും കേരളത്തിലേക്ക് കോടികൾ ഒഴുകിയെത്തും എന്നാണ് ക്യാപ്സ്യൂളുകളുമായി വന്ന് ന്യായീകരണ തൊഴിലാളികൾ ചാനലുകളിലൂടെ ന്യായീകരിച്ചത്. അത്തരം കോടികൾ ഒഴുകിയെത്തിയ ഒഴുക്കിൻറെ ശക്തിയിൽ കേരളാ ഖജനാവിൽ നിന്നും കോടികൾ ഒഴുകിപ്പോയി എന്നതാണ് വാസ്തവം. അതിനാൽ സർക്കാരുദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും നൽകുവാൻ പോലും ഇപ്പോൾ ബുദ്ധിമുട്ടുകയാണ്.

അങ്ങനെ മറിയക്കുട്ടി ചേടത്തിയെപ്പോലുള്ള നിർധനർക്ക് ക്ഷേമ പെൻഷൻ നൽകാനോ, സർക്കാരുദ്യോഗസ്ഥർക്ക് ശമ്പളവും റിട്ടേയർമെൻറ് ആനുകൂല്യങ്ങളും കൊടുക്കാനോ സാധിക്കാതെ സാമ്പത്തീകമായി സംസ്ഥാനം ബുദ്ധിമുട്ടുമ്പോഴാണ് നാലാം ലോക കേരളാ സഭ എന്ന പേരിൽ പ്രാഞ്ചിയേട്ടന്മാരുടെ സമ്മേളനം ജൂൺ 13, 14, 15 തീയതികളിൽ വീണ്ടും നടക്കുവാൻ പോകുന്നത്. ഇത് വാസ്തവത്തിൽ ആർക്ക് വേണ്ടി? ഇതിന്റെ പ്രയോജനം ആർക്ക്? ഖജനാവിലെ കോടികൾ വീണ്ടും മുടക്കി പ്രവാസികളായ പ്രാഞ്ചിയേട്ടന്മാരെ തീറ്റിപ്പോറ്റിയാൽ മറിയക്കുട്ടി ചേടത്തിമാരുടെ പട്ടിണി മാറുമോ? ഇത്രയുമായിട്ടും, പാർലമെൻറ് ഇലക്ഷനിൽ ദയനീയ പരാജയം ഏറ്റു വാങ്ങിയിട്ടും നിലവിലെ ഭരണത്തെ ജനങ്ങൾ ഇത്രയും വെറുത്തിട്ടും ഈ ധാർഷ്ട്യവും ധൂർത്തും തുടരുവാൻ തന്നെയാണ് സർക്കാരിന്റെ ഉദ്ദേശമെങ്കിൽ ആരോട് എന്ത് പറയാൻ!!  അമേരിക്കയിലെ ബൂർഷ്വാകളായ കുറെ ഫൊക്കാനാ നേതാക്കൾ കൂട്ടത്തോടെ മറിയക്കുട്ടിമാരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു നക്കുവാനായി ലോക കേരളാ സഭ എന്ന പേരിൽ ഷോ കാണിക്കാനായി അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് പോയിട്ടുണ്ട്.

പ്രിയ ഫൊക്കാനാ സാറന്മാരെ!!  നിങ്ങളെല്ലാം എന്റെ സുഹൃത്തുക്കളാണ്. എനിക്ക് നിങ്ങളോട് നല്ല ബഹുമാനവുമുണ്ട്. സ്നേഹത്തോടെ ചോദിക്കട്ടെ. നിങ്ങളും ലോക കേരളാ സഭാ അംഗങ്ങളായ പ്രാഞ്ചിയേട്ടന്മാരുടെ കൂടെ പാവങ്ങളായ നാട്ടുകാരുടെ നികുതിപ്പണത്തിൽ നിന്നും പങ്കു പറ്റി അർമാദിക്കാൻ പോയതാണോ? അതോ കഴിഞ്ഞ കൊല്ലം ന്യൂയോർക്കിൽ മുടക്കിയത് തിരികെ പിടിക്കാൻ പോയതാണോ? ഒരു ഉപകാരം ചെയ്യണം. ഈ കഴിഞ്ഞ നാല് ലോക കേരളാ സഭയുടെ നടത്തിപ്പിലൂടെ കേരളത്തിന് എത്ര കോടിയുടെ നിക്ഷേപം പ്രവാസികളിൽ നിന്നും ലഭിച്ചൂ  എന്നതിൻറെ യഥാർത്ഥ കണക്ക് ഒന്നെടുത്തുകൊണ്ട് വരാമോ? എന്നെപ്പോലുള്ള പ്രവാസികളുടെ ക്ഷേമത്തിനായി ലോക കേരളാ സഭയിലൂടെ എത്ര നിയമങ്ങൾ രൂപീകരിക്കപ്പെട്ടെന്നും അതിൽ എത്രയെണ്ണം നിലവിൽ വന്നെന്നും ഉള്ള കണക്ക് ഒന്ന് കൊണ്ടുവരാമോ?  അതിലൂടെ എത്ര പ്രവാസികൾക്ക് പ്രയോജനം ഉണ്ടായെന്ന് ഒന്ന് ചോദിച്ചറിയാമോ?

പാവങ്ങളായ കേരളത്തിലെ ജനത മദ്യം കഴിച്ചും ലോട്ടറിയെടുത്തും സർക്കാർ ഖജനാവിലേക്ക് നികുതിപ്പണമായി നൽകിയ തുകയിൽ നിന്നും മ്രിഷ്ടാംഗം ഭക്ഷിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുമായി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി കേരളത്തിൽ വിമാനം ഇറങ്ങിയിട്ടുള്ള ബഹുമാന്യ സഭാ അംഗങ്ങളേ, നിങ്ങൾക്കായി നടത്തപ്പെടുന്ന ഈ മാമാങ്കത്തിൻറെ ചെലവ് കേരളത്തിൻറെ പൊതു ഖജനാവിൽ നിന്നും എടുക്കാതെ നിങ്ങളുടെ പോക്കറ്റിൽ നിന്നും എടുത്തുകൊള്ളാം എന്ന് നിങ്ങളിൽ എത്ര പേർക്ക്  സഭയിൽ ധൈര്യമായി പറയുവാൻ സാധിക്കും? നിയമ സഭയിലും ലോക സഭയിലുമൊക്കെ തെരഞ്ഞെടുക്കപ്പെടുന്നവർ ലക്ഷങ്ങളും കോടികളും ഇലക്ഷൻ പ്രചാരണത്തിനായി മുടക്കിയിട്ടാണ് സഭാ അംഗമായി പോകുന്നത്. നിങ്ങൾക്ക് ലോക കേരളാ സഭയിൽ അംഗമാകുവാൻ എത്ര തുക നിങ്ങൾ മുടക്കിയിട്ടുണ്ട്? ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ശുപാർശ മൂലമല്ലേ നിങ്ങൾക്ക് ഈ അംഗത്വം ലഭിച്ചത്? അതുകൊണ്ട് ചുരുങ്ങിയത് നിങ്ങളുടെ സ്വന്തം ചെലവുകൾ എങ്കിലും പൊതു ഖജനാവിൽ നിന്നും എടുപ്പിക്കാതെ സ്വന്തം പോക്കെറ്റിൽ നിന്നും എടുക്കുവാനുള്ള മര്യാദയും മാതൃകയും കാട്ടിക്കൂടേ? പ്രവാസികളും കോടീശ്വരന്മാരുമായ നിങ്ങളിൽ ഒരാൾക്ക് കൂടിവന്നാൽ നാലോ അല്ലെങ്കിൽ അഞ്ചോ ലക്ഷം  ചിലവാകുമായിരിക്കും. അത് കേരളത്തിലെ നികുതിദായകരുടെ ഖജനാവിൽ നിന്നും വഹിക്കുന്നത് മര്യാദകേടല്ലേ? അനുഭവ സമ്പന്നരും ബുദ്ധിജീവികളുമായ നിങ്ങൾക്കെങ്കിലും അൽപ്പം ആല്മാഭിമാനം ആയിക്കൂടെ?      

ധൂർത്തിന്  കൂട്ടുനിൽക്കുന്ന ഈ പ്രവാസികൾ നാട് നന്നാക്കാൻ എന്ത് സംഭാവനയാണ് നൽകുന്നതെന്ന് അറിയുന്നതിന് വീണ്ടും പ്രബുദ്ധരായ മലയാളീ സമൂഹം പ്രതീക്ഷയോടെ പ്രത്യാശയോടെ കാത്തിരിക്കട്ടെ. അല്ലാതെ ഇതുകൊണ്ട് ആർക്കെന്ത് പ്രയോജനം??? കാട്ടിലെ തടി തേവരുടെ ആന വലിയോ വലി!!!