വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; പ്രജ്ജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവുശിക്ഷ

വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ജെഡിഎസ് മുന്‍ എം പി പ്രജ്ജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. പത്ത് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഏഴ് ലക്ഷം അതിജീവിതയ്ക്ക് നല്‍കും. കേസില്‍ പ്രജ്ജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് ബംഗളൂരുവിലെ പ്രത്യേക കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
മുഖം വ്യക്തമാകാത്ത വീഡിയോകള്‍ തെളിവുകളായി ഉണ്ടായിരുന്ന കേസില്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നടത്തിയ വിദഗ്ധമായ അന്വേഷണമാണ് പ്രജ്ജ്വലിനെതിരേ കോടതിയില്‍ വഴിത്തിരിവായത്. പ്രജ്ജ്വലിനെതിരായ നാല് പീഡനക്കേസുകളില്‍ ആദ്യത്തെ കേസില്‍ പ്രതി കുറ്റക്കാരാണെന്ന് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി വെള്ളിയാഴ്ച വിധി പറഞ്ഞിരുന്നു.
ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48കാരി നല്‍കിയ പരാതിയി ആയിരുന്നു ആദ്യത്തെ പീഡനക്കേസ്. പ്രജ്ജ്വല്‍ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. രണ്ടു തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 26 തെളിവുകള്‍ നേരത്തെ കോടതി പരിശോധിച്ചിരുന്നു.
കേസില്‍ പ്രചരിച്ചിരുന്ന വീഡിയോ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും ഡിഎന്‍എ പരിശോധനയും കേസില്‍ നിര്‍ണായകമായി. ഹാസനിലെ ഫാംഹൗസില്‍വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പ്രജ്ജ്വലിനെതിരേ വീട്ടുജോലിക്കാരി നല്‍കിയ മൊഴി.