തങ്കപ്പനല്ല പൊന്നപ്പൻ : ഓർമ ,റോയി പഞ്ഞിക്കാരൻ

തങ്കപ്പനല്ല പൊന്നപ്പൻ :  ഓർമ ,റോയി പഞ്ഞിക്കാരൻ

റോയി പഞ്ഞിക്കാരൻ :  ഓർമ:

ഒരു കുറിയ മനുഷ്യൻ. കറുപ്പിന് ഏഴഴക്. വിടർന്ന 
ചിരി. ആ ചിരിയുടെ പുറകിൽ വരണ്ട തൊണ്ട. പൊള്ളുന്ന ദുഃഖത്തിന്റെ പ്രതീകം, തങ്കപ്പൻ! ഏത് വെയിലത്തും ഏത് മഴയത്തും ഏത് മഞ്ഞത്തും ഷർട്ട്‌  തങ്കപ്പൻ ഇട്ട് കണ്ടിട്ടില്ല.  മടക്കി കുത്തിയ ഒരു കൈലിമുണ്ടിൽ ജീവിതം കൊണ്ട് നടന്നവൻ. 
തങ്കപ്പന്റെ ശരീരം ഓരോ ദിവസവും ശോഷിച്ച് ശോഷിച്ച് വന്നിരുന്നു. ചങ്കിൻ കൂട്ടിൽ ഒരു കൈപ്പത്തി ഒളിപ്പിച്ചുവെക്കാം.
എക്സ് റെയ്സ് കടന്നു പോയിക്കൊണ്ടിരുന്ന ശരീരം.
 പട്ടണത്തിലെ എക്സ് റേ ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികൾ  പരിശീലനത്തിന് 
ഉപയോഗിച്ചുകൊണ്ടിരുന്ന  തങ്കപ്പന്റെ ശരീരം  എക്സ് റെയ്സ് കവർന്നെടുത്തു.
അനാഥനായ തങ്കപ്പൻ  എക്സ് റേ മെഷീനു കീഴെ 
ഓരോ പ്രാവശ്യവും കിടന്നു കൊടുത്തു കിട്ടുന്ന തുച്ഛമായ പൈസ കൊണ്ട് 
ഭക്ഷണം കഴിച്ചു. സോപ്പ് വാങ്ങി. മുണ്ട് വാങ്ങി. 
ഷർട്ട്‌ വാങ്ങിയില്ല. ഷർട്ട്‌ ഇടാനുള്ള നേരം കിട്ടിയിരുന്നില്ല എന്ന് വേണേൽ പറയാം. 
പിന്നെ എപ്പോഴോ എക്സ് റെയ്സ് തങ്കപ്പനെ തേടിയെത്തിയപ്പോൾ 
വഴിയിലെവിടെയോ തളർന്നു വീണു കിടക്കുന്നു. അനക്കമില്ല. 
ശവത്തിന്റെ എക്സ് റേ എടുക്കാത്തതുകൊണ്ട് 
അവർക്കും തങ്കപ്പനെ വേണ്ടായിരുന്നു. ആർക്കും.!