യാത്ര:   കഥ ,  ആനി കോരുത്

യാത്ര:   കഥ ,  ആനി കോരുത്
          
പതുപതുത്ത മെത്ത  അമരുന്നപോലെ ആരോ ഇരിക്കുകയാണെന്നു തോന്നുന്നു കണ്ണു തുറന്നു നോക്കണമെന്നുണ്ട്. പക്ഷേ കണ്ണു തുറക്കാനേ കഴിയുന്നില്ല കാൻസറിൻ്റെ അതിവേദന കുറയുന്നതിനായി ഡ്രിപ്പിലൂടെ കയറ്റുന്ന മരുന്നിൻ്റെ ഗുണം കൊണ്ടാവാം ബോധത്തിലേയ്ക്ക് വരാൻ ഒക്കാത്തത്. ആ കൈകൾ തന്റെ തലമുടി ഒക്കെ സ്നേഹത്തോടെ ഒതുക്കി വയ്ക്കുവാൻ ശ്രമിക്കുന്നു.
"ആരാ?" വളരെ കഷ്ടപ്പട്ടാണ് സ്വരം പുറത്തേക്കു വന്നത്.
നീ , ഇടക്കിടെ കാണണമെന്ന് ആശിക്കുന്നയാൾ "
"ആര് ? മരണമോ?"
അതെ , നിനക്ക് നല്ല ബോധമുണ്ടല്ലോ! മറ്റു പലർക്കും എന്റെ പേരു കേൾക്കുന്ന തേയിഷ്ടമില്ല"
" എന്നെ പോലെ ഹൃദയം തകർന്നിരിക്കുന്നു വർക്ക് നീ മാത്രമാണ് ആശ്വാസം "
"എല്ലാവരുടെയും കണ്ണിൽ നീ ഭാഗ്യവതിയാണ്. ഭാഗ്യങ്ങൾ ഓരോന്നും ഞാൻ എണ്ണി പറയണമോ? "
പക്ഷേ, സ്നേഹിക്കേണ്ടവരുടെ കയ്യിൽ നിന്നുള്ള അവഗണന, അവരുടെ അവിശ്വസ്ത ഇതൊന്നും ആർക്കും സഹിക്കാൻ ആവതില്ല. കുഞ്ഞുങ്ങൾ വളർന്നു പറക്കമുറ്റിപ്പോയി ഇനി അവർക്ക് അമ്മയുടെ സ്നേഹവും കരുതലും ആവശ്യമില്ല ഒരു തരത്തിൽ പറഞ്ഞാൽ എന്നെയും കൊണ്ട് ആർക്കും ആവശ്യമില്ല. അവനവൻ്റെ ഭാഗം അഭിനയിച്ചു കഴിഞ്ഞാൽ സ്റ്റേജിൽ നിലക്കരുത് കർട്ടൻ്റെ പിന്നിലാണ് അവർക്കു സ്ഥാനം "
"ശരിയാണ് നീ പറഞ്ഞത്. അതിനോട് ഞാൻ യോജിക്കുന്നു"
"അതാണ് ഞാൻ നിന്റെ കൂടെ വരണമെന്ന് ആവശ്യപ്പെട്ടത് "
"എങ്കിൽ എന്റെ കൂടെ പോന്നോളു "മരണം നീട്ടിയ കരങ്ങളിൽ അവൾ പിടിച്ചു. "ഹോ, എന്തൊരു തണുപ്പ് 'അവൾ അസഹ്യത കാണിച്ചു
"അതോ ആശകളും മോഹങ്ങളുമൊക്കെ മരവിച്ചു പോയതു കൊണ്ടാ അതങ്ങനെ വിറങ്ങലിച്ചു പോയത്. "
" സാരമില്ല " നമുക്കു പോകാം.
            അവർ രണ്ടു പേരും അനന്തതയിലേക്ക് ,കൈകൾ കോർത്തുപിടിച്ചു കൊണ്ട് നടന്നകന്നു