പുസ്തക പരിചയം ; പാർത്ഥൻ്റെ വീട് : ഗിരിജാവാര്യർ (അവലോകനം : മോഹൻദാസ്)

Apr 5, 2025 - 12:34
 0  15
പുസ്തക പരിചയം ; പാർത്ഥൻ്റെ വീട് : ഗിരിജാവാര്യർ (അവലോകനം : മോഹൻദാസ്)

 ഇലകളെല്ലാം മധുരിക്കുന്ന കാട്

കൃഷ്ണപ്രിയയെ ഓർമ്മയില്ലേ? 
2001 ൽ വെറും 13 -ാ മത്തെ വയസ്സിൽ ഒരു നരാധമനാൽ നിഷ്ഠൂരമായി പീഢിപ്പിക്കപ്പെട്ട്  കൊല ചെയ്യപ്പെട്ട ഒരു നിഷ്ക്കളങ്കയായ പെൺകുട്ടി. കൊലപാതകം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ പ്രതിയായ നരാധമനെ വെടിവച്ചു കൊന്ന ശേഷം പിതാവായ ശങ്കരനാരായണൻ പോലീസിനു കീഴടങ്ങി. സ്വന്തം മകളെ കൊന്നവന് വധശിക്ഷ വിധിച്ച പിതാവ്.

പാർത്ഥൻ്റെ വീട് എന്ന കഥാസമാഹാരത്തിലെ കനലിടം എന്ന കഥ വായിക്കുമ്പോൾ കൃഷ്ണപ്രിയയും ശങ്കരനാരായണനും മനസ്സിലേക്കു കടന്നുവന്നു. കേരളം ഹ്യദയത്തിൽ സ്വീകരിച്ച ഒരു പിതാവിൻ്റെ കനൽ നൊമ്പരമാണ് കനലിടം എന്ന കനൽക്കഥ.

ഒരു എഴുത്തുകാരൻ / എഴുത്തുകാരി സമൂഹത്തിൽ നടമാടുന്ന തിന്മകളെ തൻ്റെ രചനകളിൽ പ്രതിഫലിപ്പിക്കാൻ ബാധ്യതയുള്ള ആളാണ് എന്നു വിശ്വസിക്കുന്ന കഥാകാരിയാണ് ഗിരിജാവാര്യർ എന്ന് ഈ കഥ വ്യക്തമാക്കുന്നു.

മനുഷ്യരുടെ ജീവിതത്തെ പച്ചയായി അവതരിപ്പിക്കുന്ന കഥകള്‍ എന്നും വായനക്കാരെ ആകര്‍ഷിച്ചിരു ന്നവയായിരുന്നു. സമൂഹത്തിന്‍റെ മുഖം അതു പോലെ പ്രഥിഫലിപ്പിക്കുന്നതില്‍ ഒരു നൈതികത ഉണ്ട് . ഈ നൈതികത ആണ് എഴുത്തുകാരന്‍റെ വ്യക്തിത്വം വെളിപ്പെടുത്തുന്നത്. ഗിരിജാവാര്യരുടെ പാര്‍ത്ഥന്‍റെ വീട് എന്നിലെ വായനക്കാരന്‍ ഹൃദയപൂര്‍വ്വം 
സ്വീകരിക്കുന്നത് ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ്. 

ഇതെഴുതുമ്പോൾ എൻ്റെ വായനയുടെ മിഴിമുനയിൽ പാർത്ഥൻ്റെ വീട് തിളങ്ങുകയാണ്. ഗിരിജ ടീച്ചറുടെ അഞ്ചാമത്തെ പുസ്തകമാണ് പാർത്ഥൻ്റെ വീട്.
ചേക്കുട്ടിപ്പാവ , വെള്ളക്കൊക്കുകൾക്കും പറയാനുണ്ട് , ചായക്കൂട്ട് , അഞ്ച് കാക്കകൾ എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ. 

കൈനീട്ടം എന്ന കഥ സ്വന്തം മകളുടെ സുഹൃത്തിൻ്റെ ജീവിതത്തിൽ നിന്നും കഥാകാരി സ്വീകരിച്ച പ്രമേയമാണ്.മരണ ഗന്ധമുള്ള മുറിയും നടന്ന സംഭവത്തെ ആധാരമാക്കി എഴുതിയ കഥയാണ് എന്ന് ഒരു സംഭാഷണ മധ്യേ കഥാകാരി സാക്ഷ്യപ്പെടുത്തിയിരുന്നു,

തൻ്റെ കഥകൾക്കുള്ള പ്രമേയങ്ങൾ വാർത്തകളിൽ നിന്നും സ്വീകരിക്കുന്ന കഥാകാരിയാണ് ഗിരിജാവാര്യർ.

ഈ സമാഹാരത്തിലെ ചില നേരങ്ങളിൽ എന്ന കഥയെക്കുറിച്ച് പ്രത്യകം പരാമര്‍ശിക്കാന്‍ സന്തോഷമുണ്ട്. മാത്രമല്ല എപ്പോഴും മനസ്സിൽ നന്മയുടെ പ്രകാശം പരത്തുന്ന ഒരു കഥയാണിത്. വായിക്കുമ്പോൾ മനസ് നിറഞ്ഞു തുളുമ്പുന്ന ഒരനുഭവമാണ് ചില നേരങ്ങളിൽ....

ഡോക്ടർ , അപരിചിതൻ, ആൻ തുടങ്ങി എല്ലാ കഥാപാത്രങ്ങളും ഹൃദയത്തെ തൊടുന്നു..... സ്നേഹത്തിൻ്റെ നനഞ്ഞ തൂവലാൽ..... കഥയുടെ അന്തരീക്ഷവും ഭംഗിയായി ആവിഷ്ക്കരിച്ചിട്ടുണ്ട്.

സ്നേഹം, നന്മ, കാരുണ്യം, എല്ലാം ഈ കഥയിലൂടെ അനുഭവിക്കുകയായിരുന്നു. മനസ്സിൽ നഷ്ടപ്പെടാത്ത നന്മ സൂക്ഷിക്കുന്ന ഒരെഴുത്തുകാരിക്കു മാത്രം എഴുതാൻ കഴിയുന്ന ഒരു കഥ....
വായന അർത്ഥപൂർണ്ണമായ നിമിഷം.....

ഇടിമൂളിക്കല്‍ ഗ്രാമം എന്ന കഥയിലൂടെ നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അനധികൃത ക്വാറികളുയര്‍ത്തുന്ന ഭീഷണി നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട്. ഇക്കഥയിലെ ശയ്യാവലംബിയായ പിതാവിന്‍റെ ചിത്രം വായനകഴിഞ്ഞാലും കൂടെയുണ്ടാവും. 

ഈ സമാഹാരത്തിലെ , കഥകള്‍ എല്ലാം സമൂഹത്തിലെ  വിവിധ വിഷയങ്ങളെ തൊട്ട് തലോടി കടന്നു 
പോകുന്നവയാ ണ് . ഒറ്റപ്പെടുന്ന വാര്‍ദ്ധക്യങ്ങള്‍ ,  പരാജയപ്പെ ട്ടു പോകുന്ന മനുഷ്യര്‍ എന്നിവരുടെ മൗനഭാഷ്യം കഥകളി ല്‍ കൊണ്ടു വരാന്‍ 
എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട് . ജീവിതം കൈവിട്ടു പോകുന്ന നിമിഷങ്ങളില്‍ ഒരു പുനര്‍ചിന്ത ആവശ്യമെന്ന്പറയാന്‍ ശ്രമിക്കുന്ന കഥാപാത്രങ്ങളെ കഥകളില്‍ കാണാം , ഇടിമൂളിക്കല്‍ ഗ്രാമം എന്ന കഥയിലെ പിതാവും കനലിടത്തിലെ കൃഷ്ണകുമാറങ്കിളും ഉദാഹരണങ്ങളാണ്

പൊതുവേ എഴുത്തുകാരില്‍ ഇന്ന് കണ്ടു വരുന്ന ഒരു  പ്രശ്നം കഥയോ കവി തയോ കൈയ്യിലുണ്ട് പക്ഷേ അത് ഫലപ്രദമായി പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവ് ഉണ്ടാ കാറില്ല എന്നതാണ് .തന്മൂലം അനുവാചകര്‍ക്ക് കഥകള്‍ വായിക്കുമ്പോള്‍ അതൊരാള്‍ പറഞ്ഞു തരുന്നതുപോലെയാണ് അനുഭവപ്പെടുന്നത്. 

പലപ്പോഴും കഥാപാത്രങ്ങളെ കാണിച്ചു തരികയും ഇടയ്ക്കവര്‍ തന്നെ സംസാരിക്കുകയും ഒക്കെ ചെയ്യു ന്നത് കാണുമ്പോള്‍ ഒരു വിവരണക്കുറിപ്പ് വായിക്കുന്ന പ്രതീതി ജനിച്ചു പോകും . ഇവിടെയാണ് ഗിരിജവാര്യരുടെ കഥാകഥനരീതി വ്യത്യസ്തമായ പുതുമ നിലനിര്‍ത്തുന്നത്.

അച്ഛന്‍റെ ചാരുകസേരയ്ക്കരികിലിരുന്ന് കഥ കേള്‍ക്കുന്ന  കുട്ടിയുടെ മനസ്സിലേക്ക് കഥാകാരി കടന്നുചെല്ലുന്നുണ്ട്. കാണുന്നതെന്തും ഭാവന നിറംപിടിപ്പിച്ചവയായിരുന്നു ആ കുട്ടിക്ക്. സ്വ‌പ്നങ്ങളിൽനിന്നു യാഥാർത്ഥ്യങ്ങളിലേക്ക് ഊഞ്ഞാലാടി വരുമ്പോഴൊക്കെയും അവളുടെ മനസ്സ് വിണ്ടുകീറി. താന്‍ കണ്ട സ്വപ്നങ്ങളെയെല്ലാം കെട്ടിപ്പൊതിഞ്ഞ് ഭദ്രമായി സൂക്ഷിച്ചത് എന്നെങ്കിലും പുറത്തെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽത്തന്നെയായിരുന്നു ആ കുട്ടിയുടെ മനസ്സ്.

മനസ്സില്‍ കൂടുകൂട്ചിയ സ്വപ്‌നശലഭങ്ങളെ ഓരോന്നായി പറത്തി വിടുകയാണ് ഈ കഥാകാരി പാര്‍ത്ഥന്‍റ വീട്  എന്ന തന്‍റെ പുതിയ സമാഹാരത്തിലൂടെ…ആത്മനിര്‍വ‍ൃതിയോടെ…

ഇരുപത്തിയഞ്ചോളം കഥകൾ പാർത്ഥൻ്റെ വീട് എന്ന സമാഹാരത്തെ ദീപ്തമാക്കുന്നുണ്ട്.

മോഹൻദാസ്