ടിക്ക് ടോക്കിന് ശേഷം ഗൂഗിൾ ക്രോം നോട്ടമിട്ട് അരവിന്ദ് ശ്രീനിവാസിന്റെ പെർപ്ലെക്സിറ്റി

ടെക് ലോകത്തെ ഭീമനായ ഗൂഗിളിൻ്റെ ക്രോം വെബ് ബ്രൗസർ സ്വന്തമാക്കാൻ സന്നദ്ധത അറിയിച്ച് ഇന്ത്യൻ വംശജനായ അരവിന്ദ് ശ്രീനിവാസ് നേതൃത്വം നൽകുന്ന എഐ കമ്പനി-പെർപ്ലെക്സിറ്റി. 34.5 ബില്യൺ ഡോളറിന് (ഏകദേശം 2.86 ലക്ഷം കോടി രൂപ) ക്രോം ഏറ്റെടുക്കാൻ തയ്യാറാണെന്നാണ് പെർപ്ലെക്സിറ്റിയുടെ വാഗ്ദാനം.
ക്രോമിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നത് ഉപയോക്താക്കൾക്ക് സുരക്ഷിതത്വം നൽകുമെന്ന് പെർപ്ലെക്സിറ്റി ഗൂഗിളിന് അയച്ച കത്തിൽ പറയുന്നു. ഗൂഗിളിൻ്റെ ആധിപത്യത്തിനെതിരെ യുഎസ് കോടതി ഈ മാസം വിധി പുറപ്പെടുവിക്കാനിരിക്കെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.
മുൻ ഗൂഗിൾ , ഓപ്പൺഎഐ ജീവനക്കാരൻ നേതൃത്വം നൽകുന്ന മൂന്ന് വർഷം മാത്രം പ്രായമുള്ള പെർപ്ലെക്സിറ്റിയുടെ ഓഫർ ടെക് ലോകത്തെ അമ്പരപ്പിക്കുന്നതാണ്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ചിപ്പ് നിർമാതാക്കളായ എൻവിഡിയയും പെർപ്ലെക്സിറ്റിക്ക് പിന്നിലുണ്ട്.