'വീണു കിട്ടിയ വിനോദയാത്ര ' Mary Alex ( മണിയ) മൂന്നാം ഭാഗം

Aug 9, 2025 - 20:38
Aug 10, 2025 - 04:10
 0  14
'വീണു കിട്ടിയ വിനോദയാത്ര ' Mary Alex ( മണിയ) മൂന്നാം ഭാഗം
    ണ്ടി കുറേക്കൂടി മുന്നോട്ടോടി. വഴി സൈഡിൽ കുതിരാൻ തുരങ്കത്തിന്റ സൈൻ ബോർഡ്‌ കണ്ടു.
വിദേശവാസാനുഭവത്തിൽ ഭൂമിക്കടിയിൽക്കൂടെയും കടലിൽ വെള്ളത്തിനടിയിൽക്കൂടെയുമുള്ള പാതയിലൂടെയും പാളത്തിലൂടെയും യാത്ര ചെയ്ത് പരിചയമുണ്ടായിരുന്നു. എങ്കിലും നമ്മുടെ സംസ്ഥാനത്തെ ആദ്യ തുരങ്ക പാത അതും ഞാൻ കുറെ നാൾ ജോലി ചെയ്ത മണ്ണൂത്തിക്കടുത്ത്. എൻ്റെ റിട്ടയർമെൻ്റിനു ശേഷം ഉണ്ടായ സംഭവം.ആകാംക്ഷക്ക് അറുതി വരുത്തി തുരങ്കപാതയുടെ വെൽക്കം സൈനുള്ള ആർച്ച് കണ്ടു. ഞങ്ങൾ തുരങ്കത്തിലേക്ക് പ്രവേശിച്ച് യാത്ര ആരംഭിച്ചു.
 
     ഇരുട്ടിലൂടെ ഉള്ള യാത്ര ട്രെയിനിന് പോകുവാനുള്ള കോട്ടയത്തുണ്ടായിരുന്ന ഒരു ചെറു തുരങ്കത്തെ ഓർമ്മിപ്പിച്ചു. ഇന്ന് യാത്രയിൽ അതും കാണ്മാനില്ല .തുരങ്കം ഒഴിവാക്കി പാളങ്ങൾ തീർത്ത് ട്രെയിനുകൾ യാത്ര തുടരുന്നു.
        ഏകദേശം ഇരൂപതു മിനിറ്റു കൊണ്ട് തുരങ്കം കടന്നു. ഒന്നു നിർത്തി ഫോട്ടോ എടുക്കണമെന്നാഗ്രഹിച്ചു. ഒരേ ഇടവിട്ട് ലൈറ്റിൻ്റെ ചെറിയ വെട്ടം മാത്രം.ഇടയ്ക്ക് നിർത്തൽ അനുവദനീയമല്ലെന്നാരൊ പറഞ്ഞു. പുറകെ പുറകെ വണ്ടികൾ ഓടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വഴി. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ ഇരുന്നായാലും ഒരു ഫോട്ടോ എടുക്കാനൊരുങ്ങി ഭർത്താവ് മൊബൈൽ ഓപ്പൺ ആക്കി ക്യാമറാ സജ്ജമാക്കി വന്നപ്പോഴേക്കും  തുരങ്കത്തിനു പുറത്തെ വെളിച്ചം കണ്ടു.
പിന്നെ ഒന്നും ചെയ്യാനാവില്ലല്ലൊ.
       ഗൂഗിൾ മാപ്പു നോക്കി ഞങ്ങളുടെ വണ്ടി മുന്നോട്ട് ഓടിക്കൊണ്ടിരുന്നു. മുന്നിലൊ പുറകിലൊ അടുത്ത വണ്ടി കണ്ടെത്താനായില്ല. ഫോൺ വിളിച്ചു നോക്കി മൂന്നാമത്തെ വിളിയിൽ ഫോൺ കണക്ടായി മോളുടെ ഫോണിലാണ് അവർ മാപ്പിട്ടിരുന്നത് മകൾ ഉറങ്ങിപ്പോയതിനാൽ തുരങ്കത്തിൽ നിന്നിറങ്ങി ടേൺ എടുക്കേണ്ടതിനു പകരം അവർ നേരെയുള്ള പാതയിൽ കുറെ അകലെ എത്തിയിരുന്നു. അവർ കൂടി എത്താതെ മുന്നോട്ടു പോകുന്നത് ഉചിതമല്ലാത്തതിനാൽ അടുത്തു കണ്ട ബോർഡിൽ നോക്കി ഞങ്ങൾ എത്തി നിൽക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു.ആ സമയം കൊണ്ട് കടന്നു ചെല്ലുന്ന വീട്ടിലേക്ക് എന്തെങ്കിലും വാങ്ങുകയും ഞങ്ങൾക്ക് ഓരോ കാപ്പിയും ആവാം. അടുത്തു കണ്ട ഫ്രൂട്ട് സ്റ്റാൾ കം ബേക്കറിക്ക് സമീപത്ത്  വണ്ടി ഒതുക്കി.മകൻ ഫ്രൂട്ട് സ്റ്റാളിലേക്കും അങ്കിൾ ബേക്കറിയിലേക്കും കയറി. രണ്ടായി ബില്ലടിക്കുമല്ലൊ എന്നു കരുതിയാണ് അങ്കിൾ അങ്ങനെ ചെയ്തത്. കാറിലിരുന്ന ഞങ്ങൾക്കും സാറിനും കാപ്പി വാങ്ങിത്തന്ന് തിരിച്ചു ചെന്നപ്പോഴേക്കും അടുത്ത വണ്ടിയും ഒപ്പമെത്തിയിരുന്നു.
 അതിലുണ്ടായിരുന്ന സാറിൻ്റെ മൂത്ത മകൻ അങ്കിളിൻ്റെയും ചേർത്ത് ബില്ലു പേ ചെയ്തു  പാക്കറ്റുകൾ വാങ്ങി കാറിലെത്തിച്ചു. അങ്ങനെ യാത്രയിലുടനീളം അങ്കിളിൻ്റെ പോക്കറ്റിൽ നിന്നു കാശു പോകാതിരിക്കാൻ രണ്ടു മക്കളും മാറി മാറി മത്സരിച്ചാണ് മുന്നോട്ടു കൊണ്ടിരുന്നത്.
      ഇത്തവണ അങ്ങോട്ടാണ് വിളിച്ചത്, ഞങ്ങൾ എവിടെയാണ് നിൽക്കുന്നതെന്നറിയിക്കാൻ .
ഇനി അധികദൂരമില്ല, ഒറ്റ വഴി
നേരെ ഇങ്ങു പോന്നാൽ മതി . അര മുക്കാൽ മണിക്കൂറിനുള്ളിൽ എത്താം . സെൻ്റ് ജോൺസ് സ്കൂളിൻ്റെ വാതിൽക്കൽ നിന്നു റൈറ്റ് ടേൺ എടുക്കണം എന്ന മറുപടിയും കിട്ടി.പിന്നെ എല്ലാം നിമിഷം കൊണ്ടു കഴിഞ്ഞ പോലെ . 
      രണ്ടു വണ്ടികളും മുന്നിലും പിന്നിലുമായി മുന്നോട്ടു പോയി.
രണ്ടു വണ്ടികൾ നിറയെ ആൾക്കാൻ കയറി ചെല്ലുന്ന വീട്ടിലാണെങ്കിൽ ഭാര്യയും ഭർത്താവും മാത്രം. മക്കൾ രണ്ടു പേരുണ്ട് മകൻ കോഴിക്കോട്ട് ജോലി സംബന്ധമായി താമസം. മകൾ വിവാഹിതയായി ഭർത്താവും കുഞ്ഞുങ്ങളുമൊത്ത് മറ്റൊരു വീട്ടിലും. പാലക്കാട്ടുകാരൻ്റെ ഭാര്യക്കാണെങ്കിൽ. പേസ് മേക്കർ വച്ച് ജീവൻ തിരിച്ചു പിടിക്കൽ എല്ലാം സംഭവിച്ച ആളും.അതു കൊണ്ട് തന്നെ പുറത്തെവിടെയെങ്കിലും കഴിച്ചിട്ടേ എത്തൂ എന്നറിയിച്ചിരുന്നു. പക്ഷെ അതിനുള്ള വിശപ്പ് ആയിരുന്നില്ല. രാവിലെ കഴിച്ചതും ഇടയ്ക്കുള്ള കാപ്പിയും അതിനനുവദിച്ചില്ല എന്നു തന്നെ പറയാം. സമയമാവട്ടെ പതിനൊന്ന് ആകുന്നതേയുള്ളു.അതുകൊണ്ട് വീണ്ടും യാത്ര തുടങ്ങി,ഇടതു വശത്ത് സ്കൂളിൻ്റെ ബോർഡ് കണ്ടെത്താനുള്ള ജിജ്ഞാസ കൊണ്ട് മറ്റൊരു കാഴ്ചയും ഞങ്ങളുടെ കണ്ണിൽ പെട്ടില്ല.
        പറഞ്ഞ സമയത്തിനുള്ളിൽ തന്നെ സ്കൂളെത്തി.ദാ നിൽ ക്കുന്നു ഒരു  അംബാസിഡർ കാറിൽ ചാരി ചാക്കോച്ചൻ എന്ന നെന്മാറക്കാരൻ കൂട്ടുകാരൻ.ആ മുഖത്ത് സൗഹൃദത്തിൻ്റെതായ, സ്വീകരണത്തിൻ്റെതായ തെളിഞ്ഞ പുഞ്ചിരിയും. കാറിനടുത്തു വന്ന് കൂട്ടുകാരോട് കുശലം പറഞ്ഞ് തിരിച്ചു ചെന്ന് കാറിൽ കയറി ഒരു ഗൈഡായി വലത്തോട്ടു തിരിഞ്ഞ് അതു മുന്നിലും മറ്റു രണ്ടു വണ്ടികളും പിന്നിലുമായി ഒരു ചെറു വഴിയിലൂടെ യാത്രയായി. ഏതാണ്ട് പത്തുപതിനഞ്ചു മിനിറ്റുകൾക്കകം ഞങ്ങൾ നെന്മാറയിൽ അവരുടെ വീട്ടിലേക്കുള്ള ഒരു ചെറു ഗേറ്റും കടന്ന് ചെറു വഴിയിൽക്കൂടി
വീടിൻ്റെ വിശാലമായ മുറ്റത്തെത്തി. മറ്റു വണ്ടികൾക്ക് കയറ്റി ഇടത്തക്കവണ്ണം പോർച്ചിൽ ചാക്കോച്ചൻ്റ വണ്ടിയും മുറ്റത്ത് ഞങ്ങളുടെ വണ്ടികളും ഒതുക്കിയിട്ടു. ഡോർ തുറന്ന് പുറത്തിറങ്ങിയ ഞങ്ങളെ എതിരേറ്റത് പുരയിടത്തിൽ കൊത്തിപ്പെറുക്കി നടക്കുന്ന ഒരു മയിലായിരുന്നു.എല്ലാവരുടെയും മിഴികളിൽ അത്ഭുതം തങ്ങി നിന്നു. അവിടെ അതൊരു പതിവാണത്രെ. കൂട്ടമായും ഒറ്റയ്ക്കും മയിലുകൾ കറങ്ങി നടക്കും ചിലപ്പോൾ പീലി നിവർത്തി ആടുകയും ചെയ്യുന്നതു കാണാമെന്ന് ട്രേ നിറയെ നാരങ്ങ വെള്ളം നിറച്ച ഗ്ലാസ്സുകളുമായി കടന്നു വന്ന  സോഫി എന്ന വീട്ടമ്മ ഞങ്ങളെ നോക്കി പറഞ്ഞു.
തുടരും
.