സപ്‌തതി നിറവിൽ മലയാള സാഹിത്യ കുലപതി ഡോ. എഴുമറ്റൂർ രാജരാജ വർമ്മ: ഡോ. മിനി നരേന്ദ്രൻ

സപ്‌തതി നിറവിൽ മലയാള സാഹിത്യ കുലപതി ഡോ. എഴുമറ്റൂർ രാജരാജ വർമ്മ: ഡോ. മിനി നരേന്ദ്രൻ

പ്രശസ്തനായ മലയാള ഗദ്യസാഹിത്യകാരനും ഭാഷാ വിദഗ്ദ്ധനുമായ ഡോ: എഴുമറ്റൂര്‍ രാജരാജവര്‍മ്മ  
പത്തനംതിട്ട ജില്ലയില്‍ മുല്ലപ്പളളി താലൂക്കിലെ എഴുമറ്റൂര്‍ ഗ്രാമത്തില്‍ ചെങ്ങഴശ്ശേരി കോയിക്കലില്‍ പി.ആര്‍. ഉദയവര്‍മ്മയുടെയും സി.കെ. രുഗ്മിണിത്തമ്പുരാട്ടിയുടെയും മകനായി ജനിച്ചു. എഴുമറ്റൂര്‍ ഗവ.ഹൈസ്‌കൂള്‍, വായ്പൂര് എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, ചേര്‍ത്തല എന്‍.എസ്.എസ്. കോളേജ്, തേവര സേക്രഡ് ഹാര്‍ട്ട് കോളേജ്, തിരുവനന്തപുരം ഗവ. ലാകോളെജ്, വിദ്യാധിരാജാ പോസ്റ്റ് ഗ്രാഡ്വേറ്റ് സ്റ്റഡി സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. രസതന്ത്രത്തിലും നിയമത്തിലും ബിരുദങ്ങള്‍. സാമൂഹിക ശാസ്ത്രത്തിലും മലയാളസാഹിത്യത്തിലും ബിരുദാനന്തര ബിരുദങ്ങള്‍. '
കവിത, ശാസ്ത്രം, വിമര്‍ശനം, പഠനം, ബാലസാഹിത്യം, ജീവചരിത്രം, നവസാക്ഷര സാഹിത്യം എന്നിങ്ങനെ വിവിധശാഖകളിലായി നിരവധി കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .

   ജീവിതത്തിൽ അദ്ദേഹത്തെ ഏറ്റവും  സ്വാധീനിച്ച വ്യക്തി ആയിരുന്നു പ്രൊഫസർ .എൻ. കൃഷ്ണപിള്ള. പ്രതിപാത്രം ഭാഷണ ഭേദം എന്ന ഗ്രന്ഥത്തിൻറെ രചന ഉൾപ്പെടെ നിരവധി എഴുത്തുകളിൽ പ്രൊഫസർ എൻ കൃഷ്ണപിള്ളയ്ക്കൊപ്പം പങ്കാളിയായിരുന്നു ഡോക്ടർ എഴുമറ്റൂർ. ആ ആത്മബന്ധം തെല്ലൊന്നുമല്ല ഭാഷയുടെ സമഗ്രവികാസത്തിന് വഴിയൊരുക്കിയത്.


1988 ജൂലൈ 10ന് പ്രൊഫ: എൻ കൃഷ്ണപിള്ള വിട വാങ്ങി. ഒരു വർഷത്തിനുള്ളിൽ തന്നെ പ്രൊഫസർ എൻ കൃഷ്ണ പിള്ള സാംസ്കാരിക സംഘടനയ്ക്ക് രൂപം നൽകി എന്നുമാത്രമല്ല ഇന്നും സൂത്യർഹമായ  പ്രവർത്തനമാണ് ഡോക്ടർ എഴുമറ്റൂർ നടത്തിവരുന്നത്.
നിരവധി ഗ്രന്ഥങ്ങൾക്ക് അവതാരിക എഴുതിയിട്ടുണ്ട് അവയെല്ലാം എഴുത്തുകാരെ സംബന്ധിച്ച് പ്രോത്സാഹ ജനകവും അനുഗ്രഹ ദായകവും ആണെന്ന് പറയേണ്ടതില്ലല്ലോ.

  ഞാൻ അദ്ദേഹത്തെ കേൾക്കാൻ  അല്ല അറിയാൻ തുടങ്ങിയത് ആകാശവാണിയിലൂടെയാണ്.
മണ്ഡല മകരവിളക്ക്  കാല ത്തെ ദൃക്സാക്ഷി വിവരണത്തിലൂടെ. റേഡിയോ എന്ന ശ്രവ്യ മാധ്യമം മാത്രം ഉണ്ടായിരുന്ന കാലം.
ഡോ എഴുമറ്റൂർ ചെയ്ത "മൊഴിയഴക് "എന്ന പരമ്പരയും "സുഭാഷിതം" പരിപാടിയും ഏവർക്കും ഊർജ്ജവും ജീവൽ പ്രകാശവും പകരുന്നവയായിരുന്നു.


 മലയാളഭാഷയെ  ഇത്രകണ്ട്   സ്നേഹിക്കുന്ന ഡോ:എഴു മറ്റൂർ രാജരാജവർമ്മ പുതിയ പദങ്ങൾ മലയാളത്തിലേക്ക് കടന്നു വരുമ്പോൾ സത്വത്തെ മുറിവേൽപ്പിക്കുന്ന തരത്തിൽ ആവരുത് അവയെന്ന് പ്രത്യേകം നിഷ്കർഷിക്കുന്നു. അന്യഭാഷയ്ക്ക് അടിമപ്പെട്ട് ഒരു ഭാഷാ പരിഷ്കരണം മലയാളത്തിൽ ഉണ്ടാവരുതെന്ന ആഗ്രഹത്തോടെ ഇന്നും
അദ്ദേഹം മലയാളഭാഷയുടെ കരുത്തനായ ആചാര്യനായി നിലകൊള്ളുന്നു.
ഒരു നദി അത് ഒഴുകുന്ന പ്രദേശങ്ങളിലെ ഔഷധവീര്യം ഉൾക്കൊള്ളുന്നത് പോലെ ഭാഷ അത് സംസാരിക്കുന്ന ജനങ്ങളുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു എന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക് മലയാളവും മലയാളഭാഷയും എന്നും കടപ്പെട്ടിരിക്കുന്നു.

   അദ്ദേഹത്തിൻറെ റോ മിലെ വേദശ്രീയ്ക്ക് അയർലണ്ടിലെ രാജ നന്ദിനിക്ക് എന്നീ യാത്രാവിവരണങ്ങൾ കലാകൗമുദി യിലൂടെ  തുടർച്ചയായി പ്രസിദ്ധീകരിച്ചിട്ടുണ്ട് മലയാളം കണ്ട ഏറ്റവും വലിയ സഞ്ചാരസാഹിത്യകാരനായ എസ്. കെ. പൊറ്റക്കാടിന്റെ
ബിലാത്തി വിശേഷം, ഹിമഗിരി വിഹാരം എന്നീ കൃതികളുടെ ആഖ്യാന ഭംഗി ഒരിക്കൽ കൂടി ഓർമിക്കുവാൻ ഈ കൃതികൾ സഹായകരമാണ് എന്ന് പറയുമ്പോൾ അദ്ദേഹത്തിൻറെ രചനയുടെ മികവ് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അദ്ദേഹത്തിൻറെ ഒരു അഭിമുഖത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സാഹിത്യ ശാഖ ഏതെന്ന് ഒരു ചോദ്യം വന്നപ്പോൾ ജീവചരിത്രം എന്ന് അദ്ദേഹം മറുപടി കൊടുക്കുകയുണ്ടായി. മലയാളത്തിലെ ഏറ്റവും വലിയ ജീവചരിത്രകാരനായിരുന്ന പി കെ പരമേശ്വരൻ നായരുടെ ജീവചരിത്ര രചന ഏറെ സംതൃപ്തി നൽകിയതും എന്നാൽ വെല്ലുവിളി നിറഞ്ഞതും ആയിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. പ്രൊഫസർ എൻ കൃഷ്ണൻ നായരുടെ നാലോളം ജീവചരിത്ര ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.

"പ്രാചീന കേരള കവികളെക്കുറിച്ചുള്ള ഐതിഹ്യങ്ങളും അവയുടെ സാഹിത്യ വിമർശന മൂല്യവും" എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ഗ്രന്ഥനിരൂപണങ്ങളും അവതാരികകളും എഴുതിയിട്ടുള്ള പ്രമുഖനാണ് അദ്ദേഹം. കേരളത്തിലെ ഗവൺമെൻറ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക ഭാഷാ പരിശീലനം തുടങ്ങുന്നതിന് പാഠ്യപദ്ധതി തയ്യാറാക്കുകയും പരിശീലനം നൽകുന്നതിന് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.
പടയണി പാട്ടുകൾ വള്ളംകളി പാട്ടുകൾ ഗ്രീക്ക് റോമൻ ഇതിഹാസപുരാണങ്ങൾ അയർലൻഡിലെ പുരാവൃത്തങ്ങൾ ഭാരതീയ വേദോപനിഷത്തുകൾ പുരാണേതിഹാസങ്ങൾ എന്നിവയെപ്പറ്റി അനേകം പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആറ്റുകാൽ അംബാ പ്രസാദം ആധ്യാത്മിക മാസികയിൽ എഴുതിയ എഡിറ്റോറിയലുകളുടെ സമാഹാരങ്ങൾ ആയി മുഖപ്രസാദം ആത്മജ്ഞാനത്തിന്റെ വഴികൾ എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


  മലയാളത്തിന് മലയാളിക്ക് മലയാള ഭാഷയ്ക്ക് ഇനിയും ഇനിയും അഭിമാനിക്കാൻ കഴിയും വിധത്തിൽ മലയാളഭാഷയുടെ ആത്മാവിൽ നിന്നുള്ള രചനകൾക്ക് ജന്മം നൽകാൻ അദ്ദേഹത്തിൻറെ തൂലികയ്ക്ക് കഴിയുമാറാകട്ടെ ആയുരാരോഗ്യ സൗഖ്യങ്ങളോടെ ഏറെക്കാലം മലയാളഭാഷയെ  സേവിക്കാൻ സാധിക്കട്ടെ എന്ന്  സ്പ്തതി നിറവിൽ  ആശംസിക്കാം പ്രാർത്ഥിക്കാം.!

ഡോ. മിനി നരേന്ദ്രൻ