മെംഫിസിൽ ‘ഡിസൈപ്പിൾസ് ഓഫ് ക്രൈസ്റ്റ്’ ദേശീയ അസംബ്ലിയിൽ ഫാ. ഡോ. ജോസഫ് വർഗീസിനെ ആദരിച്ചു

Aug 9, 2025 - 20:06
Aug 10, 2025 - 08:32
 0  11
മെംഫിസിൽ ‘ഡിസൈപ്പിൾസ് ഓഫ് ക്രൈസ്റ്റ്’ ദേശീയ അസംബ്ലിയിൽ ഫാ. ഡോ. ജോസഫ് വർഗീസിനെ ആദരിച്ചു



ജോർജ് തുമ്പയിൽ
 

മെംഫിസ് : നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് അമേരിക്കയുടെ  പ്രതിനിധി  ഫാ. ഡോ. ജോസഫ് വർഗീസിനെയും  വേൾഡ്  കൗൺസിൽ ഓഫ് ചർച്ചസ്  ജനറൽ സെക്രട്ടറി  റവ. ഡോ. ജെറി പില്ലേയെയും  ജൂലൈ 12 മുതൽ 16 വരെ ടെന്നെസിയിലെ മെംഫിസ് കൺവെൻഷൻ സെന്ററിൽ നടന്ന ഡിസൈപ്പിൾസ് ഓഫ് ക്രൈസ്റ്റ് ദേശീയ അസംബ്ലി  ആദരിച്ചു .

കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി റവ .ഡോ . ജെറി പില്ലേയ്‌ക്കൊപ്പം 


ഡിസൈപ്പിൾസ് ഓഫ് ക്രൈസ്റ്റ് എന്നറിയപ്പെടുന്ന അമേരിക്കയിലെ  പ്രൊട്ടസ്റ്റന്റ്  ക്രിസ്ത്യൻ സഭയുടെ ഏറ്റവും വലിയ സമ്മേളനമാണ് മൂന്നുവർഷത്തിലൊരിക്കൽ നടക്കുന്ന ഈ അസംബ്ലി. എഫെസ്യൻസ് 3:20-21   വചനങ്ങളിൽ നിന്നുള്ള സന്ദേശം ഉൾക്കൊണ്ട് “ബിയോണ്ട്” (BEYOND) എന്നത് ആയിരുന്നു, ഇത്തവണത്തെ അസംബ്ലിയുടെ പ്രമേയം. ലോക ക്രമത്തിൽ എങ്ങനെ  മാറ്റങ്ങൾ കൊണ്ടുവരാമെന്നും, ആധുനിക കാലത്ത്  സഭയെ എങ്ങനെ  കൂടുതൽ സജ്ജമാക്കാമെന്നും സമ്മേളനം  ചർച്ച ചെയ്തു.

സമ്മേളനത്തിൽ ആരാധന, വർക്ക്‌ഷോപ്പുകൾ, സംവാദങ്ങൾ, ആത്മീയ നിരൂപണങ്ങൾ, പ്രാർത്ഥന എന്നിവയ്‌ക്കൊപ്പം പുതിയ നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പും  നടന്നു.

ഈ വർഷത്തെ അസംബ്ലിയിൽ ലോകമെങ്ങും നിന്നുള്ള എക്യൂമെനിക്കൽ , ഇന്റർ ചർച്ച്  ചർച്ചാ  പങ്കാളികളെ,  മതാന്തര  സൗഹൃദത്തിനും സമാധാനശ്രമങ്ങൾക്കും  നൽകിയ സംഭാവനകളുടെ പേരിൽ ആദരിക്കുവാൻ പ്രത്യേകമായി ക്ഷണിച്ചിരുന്നു. ജൂലൈ 14-ന് അസംബ്ലിയുടെ  രണ്ടാം ദിവസം  വൈകുന്നേരം  പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷ ഒരുക്കിയിരുന്നു.  ഡിസൈപ്പിൾസ് ഓഫ് ക്രൈസ്റ്റ് സഭയുടെ എക്യൂമെനിക്കൽ പങ്കാളികളെ യോഗത്തിൽ ആദരിച്ചു. ഇതിൽ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് (USA), ഷോൾഡർ ടു ഷോൾഡർ സർവീസസ്, ചർച്ച് വേൾഡ് സർവീസസ് എന്നിവയുടെ പ്രതിനിധികൾ  ഉൾപ്പെട്ടിരുന്നു

അമേരിക്കയും കാനഡയും ഉൾപ്പെടുന്ന ക്രിസ്ത്യൻ ചർച്ച് (ഡിസൈപ്പിൾസ് ഓഫ് ക്രൈസ്റ്റ്)ന്റെ വൈദിക പ്രതിനിധിയും  പ്രസിഡന്റുമായ റവ. തെരേസ “ടെറി” ഹോർഡ് ഓവൻസിനൊപ്പം : ഈ സഭയെ നയിക്കുന്ന വൈറ്റ്‌സ് അല്ലാത്ത ആദ്യ വ്യക്തിയും , രണ്ടാമത്തെ വനിതയുമാണ് റവ. തെരേസ.


ഫാ. ഡോ. ജോസഫ് വർഗീസ് അമേരിക്കയിലും ലോകമെമ്പാടുമുള്ള മതാന്തര സംഭാഷണങ്ങൾക്ക് നൽകിയ സംഭാവനകളുടെ പേരിൽ അസംബ്ലിയിൽ ആദരിക്കപ്പെട്ടു.  സമ്മേളനത്തിന് പിന്നാലെ  എക്യൂമെനിക്കൽ, അന്തർദേശീയ പ്രതിനിധികൾക്കായി പ്രത്യേക സ്വീകരണവും  ഒരുക്കിയിരുന്നു.  ജൂലൈ 13-ന്, ഡിസൈപ്പിൾസ് ഓഫ് ക്രൈസ്റ്റ്  അന്തർദേശീയ എക്യൂമെനിക്കൽ, ഇന്റർ ചർച്ച് നേതാക്കളെ ആദരിച്ച് വിരുന്നൊരുക്കി.  റവ. ഡോ. ജെറി പില്ലേ മുഖ്യ പ്രഭാഷകനായിരുന്നു.

അതേസമയം, ക്രിസ്ത്യൻ യൂണിറ്റി ആൻഡ് ഇന്റർഫെയ്ത് മിനിസ്ട്രി ഓഫ് ദ ഡിസൈപ്പിൾസ് ഓഫ് ക്രൈസ്റ്റ് ഈ വർഷം പുതിയ “പോളാർ സ്റ്റാർ കോൺഗ്രിഗേഷൻ”  പദ്ധതി ആരംഭിച്ചു. ക്രിസ്തീയ ഐക്യത്തിനും മതാന്തര ഇടപെടലുകൾക്കും  പ്രതിജ്ഞാബദ്ധമായ സഭകൾക്ക് നൽകുന്ന പ്രത്യേക അംഗീകാരമാണ് ഇത്. ഈ പ്രഖ്യാപനവും  നിരവധി എക്യൂമെനിക്കൽ, മതാന്തര നേതാക്കളുടെ സാന്നിധ്യത്തിൽ വച്ച് നടത്തപ്പെട്ടു.


ജനറൽ അസംബ്ലിയിൽ ആദരവും  അംഗീകാരവും


മതാന്തര സംവാദങ്ങളിലൂടെയും സമാധാന ദൗത്യ യാത്രകളിലൂടെയും ശ്രദ്ധിക്കപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി സംസാരിക്കുന്ന ഫാ. ഡോ. ജോസഫ് വർഗീസ് ആത്‌മീയ പാതകളിലെ അനുകരണീയ വ്യക്തിത്വമാണ്. മതങ്ങൾ തമ്മിലും വ്യത്യസ്‌ത മത പാരമ്പര്യങ്ങൾക്കിടയിലും വിവിധ  തലങ്ങളിൽ  ദേശീയ, അന്തർ  ദേശീയ തലത്തിൽ  ക്രിയാത്മക ഇടപെടലുകൾക്കും സഹകരണത്തിനും നേതൃത്വം വഹിക്കുന്ന  ജോസഫ് വർഗീസ്  അച്ചൻ മലയാളികൾക്ക് സുപരിചിതനാണ് .  

അന്ത്യോഖ്യ സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ വൈദികനാണ് പത്തനംതിട്ട സ്വദേശിയായ  ഫാ. ഡോ. ജോസഫ് വർഗീസ്. ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ ആരാധനക്രമ പഠനത്തിന്റെ അഡ് ജംക്റ്റ്  പ്രൊഫസറായും  ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസിന്റെ (IRFT-New York) എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു. ഐക്യരാഷ്ട്രസഭാ  ആസ്ഥാനത്ത് സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിൽ (RFP-USA), അംഗമായും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് യു.എസ്.എ.യുടെ ഇന്റർ റിലീജിയസ് ഡയലോഗു(NCC-USA)കളുടെ കോ-കൺവീനറായും പ്രവർത്തിക്കുന്നു . മുപ്പത്തി ഏഴ് അംഗ കൂട്ടായ്മകളെയും 30 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന യുഎസിലെ   നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ 2010 മുതലുള്ള മതാന്തര സംവാദങ്ങളുടെ  കൺവീനിംഗ് ടേബിളിന്റെ കോ-കൺവീനറുമാണ്  ഫാ. ഡോ. ജോസഫ് വർഗീസ്.

ന്യൂയോർക്കിലെ യുഎൻ പ്ലാസ  ആസ്ഥാനമായ  സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് 2018-ൽ   നാമനിർദ്ദേശം ചെയ്യപ്പെട്ട ഫാ. ഡോ. ജോസഫ് വർഗീസ് എക്‌സിക്യൂട്ടീവ് കൗൺസിലിൽ തുടരുന്നു.

2015 ൽ ലിബിയയുടെ മെഡിറ്ററേനിയൻ തീരത്ത് ഐസിസ് കൂട്ടക്കൊല ചെയ്ത  21 കോപ്റ്റിക് ക്രിസ്ത്യാനികളുടെ ദുഃഖിതരായ  കുടുംബങ്ങളെ ആശ്വസിപ്പിക്കാനും സഹായിക്കാനും,  ഈജിപ്തിലെ അപ്പർ സിനായ് പെനിൻസുലയിലേക്ക് അച്ചൻ  യാത്ര ചെയ്തു.


 മതങ്ങളുടെയും  സർക്കാരുകളുടെയും ഉത്തരവാദിത്വം എന്ന  വിഷയത്തെക്കുറിച്ച് ന്യൂയോർക്കിലെ യു.എൻ. പ്ലാസയിൽ നടന്ന കോൺഫറൻസിൽ അച്ചൻ  പ്രത്യേക ക്ഷണിതാവായിരുന്നു

 2018 ജൂൺ 25 ന് സ്വിറ്റ്‌സർലണ്ടിലെ  ജനീവയിൽ ഐക്യരാഷ്ട്രസഭയിൽ "മതങ്ങള്‍, വിശ്വാസങ്ങള്‍, മൂല്യവ്യവസ്ഥ : തുല്യപൗരത്വ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന്‌ കൈകോര്‍ത്ത്‌ നീങ്ങുക'' എന്ന വിഷയത്തിൽ നടന്ന ആദ്യ ആഗോള കോണ്‍ഫറൻസിൽ അമേരിക്കയിലെ  മതങ്ങളെ പ്രതിനിധീകരിച്ച് സിറിയൻ  ഓര്‍ത്തഡോക്‌സ്‌ സഭയിൽ നിന്ന്  ഫാ. ഡോ. ജോസഫ്‌ വർഗീസും പങ്കെടുത്തു.

2017 നവംബർ 2-ന്  ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് സമാധാനവും അനുരഞ്ജനവും സംബന്ധിച്ച യുഎൻ സമ്മേളനത്തിൽ ഫാ. ജോസഫ് വർഗീസ് പ്രത്യേക ക്ഷണിതാവായിരുന്നു.

2022 മെയ് 24-25 തീയതികളിൽ സമാധാന ദൂതുമായി യുക്രെയ്നിലെ കീവ് സന്ദർശിച്ച അന്താരാഷ്ട്ര മതനേതാക്കളിൽ ഫാ. ജോസഫ് വർഗീസും  ഉൾപ്പെടുന്നു.