യുദ്ധം അവസാനിപ്പിക്കാൻ സമ്മതിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും; പുടിന് മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: വെള്ളിയാഴ്ച നടക്കുന്ന ഉച്ചകോടിയ്ക്ക് ശേഷവും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സമ്മതിച്ചില്ലെങ്കിൽ റഷ്യ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വെള്ളിയാഴ്ച അലാസ്‌കയിൽ നടക്കാനിരിക്കുന്ന ട്രംപ്-പുടിൻ ഉച്ചകോടിയിൽ യുക്രെയ്ൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിർണായക തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് റഷ്യക്ക് അന്ത്യശാസനയുമായി ട്രംപ് രംഗത്ത് വന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനും അമേരിക്ക ആഗ്രഹിക്കുന്നതായി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന യൂറോപ്യൻ രാജ്യങ്ങളുടെ വെർച്വൽ യോഗത്തിലും ട്രംപ് വ്യക്തമാക്കിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറഞ്ഞു.
അതേസമയം വെർച്വൽ യോഗത്തിൽ പങ്കെടുത്ത യുക്രെയ്ൻ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്‌കിയും യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് പറയുകയുണ്ടായി. വെടിനിർത്തൽ ആദ്യം വേണമെന്ന നിലപാട് സ്വീകരിച്ച സെലൻസ്‌കി, റഷ്യയെ വിമർശിക്കുകയും ചെയ്തു. യുക്രെയ്ൻ പ്രദേശത്തെ കൈക്കലാക്കുന്നതിനുള്ള സമ്മർദ്ദം റഷ്യ ചെലുത്തുമെന്നും വെടിനിർത്തലിന് റഷ്യ തയ്യാറായില്ലെങ്കിൽ ഉപരോധം ശക്തമാക്കണമെന്നും സെലൻസ്‌കി പറഞ്ഞു.