നല്ലൊരു കള്ളന്റെ കഥ : ലീലാമ്മ തോമസ്, ബോട്സ്വാന

Aug 9, 2025 - 10:29
 0  9
നല്ലൊരു കള്ളന്റെ കഥ :  ലീലാമ്മ തോമസ്, ബോട്സ്വാന
നാട്ടിൽ കുറച്ചു നാൾ താമസിക്കണമെന്ന  ആഗ്രഹം തീർക്കാൻ,
കായംകുളം എരുവായിലെ പുതിയിടം വാഴുന്ന കണ്ണനാം ഉണ്ണിയുടെ നോട്ടമുള്ള മണ്ണിൽ,
നാഴിഇടങ്ങഴി മണ്ണ് വാങ്ങി.
നന്മ നിറഞ്ഞ “നല്ല കള്ളന്റെ” കായംകുളത്തിലെ കായംകളം!
ആ മണ്ണിന്മുകളിൽ, അന്നുമുതൽ ആരും വന്നിരുന്നു കണ്ടിട്ടില്ല.
കായംകുളം എന്ന് കേട്ടാൽ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിലും
ഞെട്ടുന്ന ആളുകളെ ഞെട്ടിക്കാനെന്നോണം ഞാൻ അവിടെ താമസം തുടങ്ങി.
കായംകുളം കമ്പോളത്തിൽ  കിട്ടാത്ത സാധനംഇല്ല.
 
പ്രസവിച്ച പെണ്ണിനുള്ള ലേഹ്യം കിട്ടും .അങ്ങാടിയിൽ മരുന്ന് കുറയാതെ ലഭിക്കും.
കടലും കായലും ചുംബിക്കുന്ന ഗ്രാമത്തിൽ, തോടുകളുടെ ഒഴുക്കിൽ കളകളം കേൾക്കാം.
മാക്രിപെടുക്കാത്ത മധുര വെള്ളം താങ്ങി നിൽക്കുന്ന തേങ്ങാമരം,
കാവും കുളങ്ങളും കൊട്ടാരങ്ങളും ഉള്ള ദേശം.
സാമ്പാർമേമ്പടി ജലാശയത്തിൽ നിന്ന് സർപ്പശത്രു വനത്തേയ്ക്ക് നടന്നാൽ,
കൊച്ചുണ്ണി ഉണ്ണിക്കാൽ വെച്ചു കളിച്ച മണ്ണാണ് കാണുക.
(സാമ്പാർമേമ്പടി = കായം, ജലാശയം = കുളം, അതാണ് “കായംകുളം”)
(സർപ്പശത്രു = കീരി, 
വനം = കാട്, അതാണ് “കീരിക്കാട്”)
കായംകുളത്തിൽ നിന്ന് കീരിക്കാട്ടിലേയ്ക്ക്,
കൊച്ചുണ്ണിയുടെ കുടുംബത്തിന്റെ പാതകൾ...
എരുവയിലെ പുതിയിടം വാഴുന്ന കണ്ണനാം ഉണ്ണിയുടെ മണ്ണിൽ
കാറ്റ് പോലും പറയുന്നത് — “വാഴുക വാഴുക...”
അവിടെ വാഴുന്നു മണ്ണ്,
വാഴുന്നു പെൺ,
വാഴുന്നു വെള്ളം,
വാഴുന്നു വായു,
ബിരുദവും, കാടും വാഴുന്നു.
പെൺ വാഴുന്ന എരുവയിൽ,
ഹൃദയത്തിൽ ഹൃദയം നൽകി,
സുഖം നുകർന്ന്,
ആവശ്യവുമില്ലാത്ത ആണിനെ കേടുപാട് മാറ്റി,
കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിച്ചപ്പോൾ
ജനിച്ച “ആര്യമോൾ” —
അവിടെ വാഴുന്നു.
കായംകുളത്തിന്റെ ഐതീഹ്യമാലയിൽ ഒരു മുദ്ര — കൊച്ചുണ്ണി.
കൊച്ചുണ്ണിയെ പേടിക്കുന്ന കള്ളനോട് അട്ടിമറി —അവന്റെ ആയുധം പീരങ്കിയല്ല,
അഭ്യാസമുറകളും വൈരുധ്യങ്ങളും നിറഞ്ഞ ബുദ്ധിയുമാണ്.
മാത്രം 41 വയസ്സിൽ ജീവൻ അവസാനിച്ചുവെങ്കിലും,
കൊച്ചുണ്ണി അന്യായം തിരിച്ചു പിടിച്ചു നൽകിയ സാധാരണക്കാരന്റെ രക്ഷകനായിരുന്നു.
മുത്തശ്ശിമാരുടെ കഥകളിൽ നിറഞ്ഞുനിൽക്കുന്ന കൊച്ചുണ്ണി
ജനിച്ചത് കീരിക്കാട്ടിലാണ്. അന്നത്തെ കാലത്ത് എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമായിരുന്നില്ലെങ്കിലും,
പടച്ചോന്റെ കൃപ നിറഞ്ഞവനായിരുന്നു അവൻ.
ബാപ്പയുടെ വിലാസത്തിൽ ജീവിക്കാൻ ഭാഗ്യമില്ലാത്ത വശ്യത നിറഞ്ഞ ഒരു മനുഷ്യൻ.
ഒന്നും പഠിപ്പിക്കാതെ, മുന്നോട്ടുവെച്ച കാൽ പിന്നോട്ട് എടുക്കാതെ,
ബുദ്ധിശാലിയായ കൊച്ചുണ്ണി ഒളിച്ചു നിന്ന് കണ്ടുപഠിച്ചവൻ.
ഭാഗ്യമുള്ളവന് തേടി വെക്കേണ്ട ആവശ്യമില്ല —
അവൻ ഒന്നാംതരം അഭ്യാസിയായി, അസൂയ ജനിപ്പിക്കുന്ന കഴിവോടെ.
ജാലകവിദ്യ പോലും ഫ്രീ ആയി പഠിപ്പിച്ച ഗുരു.
കള്ളന്റെ മകൻ ഒരിക്കലും കള്ളൻ ആകാൻ ആഗ്രഹിച്ചില്ല.
പക്ഷേ, കള്ളന്റെ മകൻ നല്ലത് ചെയ്താലും നല്ലതായിപ്പോകയില്ല എന്നായിരുന്നു ജനക്കഥ.
ധാർമ്മികരെ തിരിച്ചറിഞ്ഞ കൊച്ചുണ്ണി, ധനവാന്മാരിൽ നിന്നുമാത്രം മോഷ്ടിക്കും.
ഇട്ടു മൂടാൻ ഉള്ളവരോട് ഉഴക്കു അരി ചോദിക്കും —
പട്ടിണിക്കാർക്ക് കൊടുക്കാനായി.
കൊടുക്കാതെ വന്നാൽ?
“ഇങ്ങെടുക്കും...”