കണക്ടിക്കട്ട് മലയാളീ അസ്സോസ്സിയേഷൻ പ്രൗഢ ഗംഭീരമായി ഓണം ആഘോഷിച്ചു

Sep 16, 2025 - 19:53
 0  10
കണക്ടിക്കട്ട് മലയാളീ അസ്സോസ്സിയേഷൻ പ്രൗഢ ഗംഭീരമായി ഓണം ആഘോഷിച്ചു

മാത്യുക്കുട്ടി ഈശോ

കണക്ടിക്കട്ട്:   കണക്ടിക്കട്ടിലെ സ്ട്രാറ്റ് ഫോർഡ്, മിൽഫോർഡ്, ഷെൽട്ടൺ, ട്രംബുൾ തുടങ്ങിയ ഭാഗങ്ങളിലെ കുടിയേറ്റ മലയാളികളെ കോർത്തിണക്കി കഴിഞ്ഞ  ഒന്നര പതിറ്റാണ്ടിലധികമായി ട്രംബുൾ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന മലയാളീ അസ്സോസ്സിയേഷൻ ഓഫ് കണക്ടിക്കട്ട് (MASCONN) ഈ വർഷത്തെ ഓണം പ്രൗഢ ഗംഭീരമായും അതിവിപുലമായും ആഘോഷിച്ചു.

ജാതി-മത-രാഷ്ട്രീയ അതിർവരമ്പുകൾക്കും  അപ്പുറമായി മലയാളി എന്ന പരിഗണനയിൽ മാത്രം മലയാളികളുടെ സംസ്കാരവും പാരമ്പര്യവും സാഹോദര്യവും പൈതൃകവും പരിപോഷിപ്പിക്കുവാനും നിലനിർത്തുവാനുമായി ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന സംഘടന ഈ വർഷത്തെ ഓണാഘോഷവും തനതായ ശൈലിയിൽ അതിമനോഹരമായി തന്നെയാണ് കൊണ്ടാടിയത്.

അത്തപ്പൂക്കളവും, നിലവിളക്കും,  ചെണ്ടമേളവും, മാവേലി തമ്പുരാൻറെ എഴുന്നെള്ളത്തും, ഡാൻസും, പാട്ടും,  ആട്ടവും, തിരുവാതിരയും, ഓണസദ്യയുമൊക്കെയായി ഈ വർഷത്തെ ഓണം അടിപൊളിയായി ആഘോഷിക്കുവാൻ സാധിച്ചതിലുള്ള സംതൃപ്തിയിലാണ് ആഘോഷക്കമ്മറ്റിക്കാർ.

സംഘടനയിലെ അംഗങ്ങൾ തന്നെ അവതരിപ്പിച്ച നൃത്ത-നൃത്യ-നാട്ട്യ-ഗാന പരിപാടികൾ അതി മനോഹരമായി. സംഘടനാംഗങ്ങളുടെ മക്കൾ അവതരിപ്പിച്ച ഡാൻസുകളും പാട്ടുകളും കാണികളെ അത്യധികം സന്തോഷിപ്പിച്ചു. ഓണസദ്യയ്ക്ക് മുമ്പുള്ള കലാപരിപാടികൾ കണ്ടാസ്വദിച്ചതിന് ശേഷം  സ്വാദിഷ്ടവും വിഭവ സമൃദ്ധവുമായ  സദ്യ കഴിക്കുവാൻ ഏവർക്കും അത്യൽസാഹമായിരുന്നു.

ഓണസദ്യയ്ക്ക് ശേഷം ഉച്ചതിരിഞ്ഞ് നടന്ന സ്റ്റേജ് ഷോ കലാസ്വാദകരായ കാണികളെ എല്ലാവരെയും ആനന്ദത്തിമിർപ്പിലാക്കി.

മക്കഫീ ടീമിൻറെ സ്പാർക്ക് ഓഫ് കേരളാ എന്ന സ്റ്റേജ് ഷോയിലെ പിന്നണി ഗായകനായ അഫ്സൽ ഇസ്മായിലിൻറെ  അതിമനോഹര പഴയകാല ഗാനങ്ങളും, പ്രശസ്‌ത നർത്തകി മോക്ഷയുടെ ചടുലമായ നൃത്തവും, പ്രശസ്ത വയലിനിസ്റ്റ് വേദമിത്രയുടെ വയലിൻ പ്രകടനത്തിലൂടെ ഒഴുകിയെത്തിയ സംഗീത വിസ്മയവും, പിന്നണി ഗായിക അഖില ആനന്ദിൻറെ മാസ്മരിക ശബ്ദത്തിലുള്ള  ഗാനങ്ങളും, ഗായകൻ മിന്നൽ നസീറിൻറെ അടിപൊളി പാട്ടുകളും, മിമിക്രി കലാകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ സിദ്ദിഖ് റോഷൻറെ മിമിക്രി പ്രകടനങ്ങളുമെല്ലാം ആയപ്പോൾ ഈ വർഷത്തെ ഓണാഘോഷം മാസ്സ്‌ക്കോൺ അംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആൽമസംതൃപ്തി ലഭിച്ച ഒരു സുദിനമായി പരിണമിച്ചു.

മലയാളീ അസ്സോസ്സിയേഷൻ ഓഫ് കണക്ടിക്കട്ടിൻറെ പ്രസിഡൻറ് ശ്രീജിത്ത് മാമ്പറമ്പത്ത്, വൈസ് പ്രസിഡന്റുമാരായ ജയാ ജിബി, ജേക്കബ് മാത്യു, സെക്രട്ടറി രശ്മി പാറയ്ക്കൽ, ജോയിന്റ് സെക്രട്ടറി ജോബിൻ ജോർജ് , ട്രഷറർ ജോ കളരിക്കൽ , ജോയിന്റ് ട്രഷറർ ഉണ്ണി തൊയക്കാട്ട്, ബോർഡ് ഡയറക്ടർമാരായ ടിജോ ജോഷ്,  വീണാ രമേഷ്, ബോണി ഡി. കുമാർ, ജൂലി ജെയിംസ്, ദീപാ കെലോത്ത്, ജെന്നിഫർ ജോർജ്, രഞ്ജിത് എസ്. പിള്ള, കൗഷിക് പ്രകാശ്, ശിവ തഷ്ണത്ത്, മിനിമോൾ ജോസഫ്, ഉപദേശക സമിതി അംഗങ്ങളായ അജിത് പുതിയവീട്ടിൽ, ജിബി ഗ്രിഗറി, സുജനൻ  ടി.പി, വിൽ‌സൺ പൊട്ടക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഓണാഘോഷവും  വിഭവ സമൃദ്ധമായ ഓണ സദ്യയും ക്രമീകരിച്ചത്. 

ഷെൽട്ടൻ ഹൈസ്‌കൂളിൽ വച്ച് നടത്തപ്പെട്ട ആഘോഷത്തിൽ ന്യൂയോർക്ക് റോക്ക്‌ലാൻഡ് കൗണ്ടിയിൽ മലയാളികളുടെ നേതൃത്വത്തിലുള്ള  മലബാർ പാലസ് ഇന്ത്യൻ റെസ്റ്റോറന്റാണ് വിഭവ സമൃദ്ധമായ ഓണ സദ്യ നൽകിയത്.