ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2026 ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ആഗോള തലത്തില്‍ മലയാളികളെ പരസ്പരം ചേർത്തുനിർത്താൻ ലക്ഷ്യമിട്ട് 2026 ജനുവരി 1,2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുന്ന പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ എന്ന പേരിൽ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന, ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത എൻജിഒ (സെക്ഷൻ 8) യാണ് ഗ്ലോബല്‍ മലയാളി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
ഹോട്ടൽ മുറികളുടെ റിസർവേഷൻ ഇപ്പോൾ ഓൺലൈനിൽ ചെയ്യാമെന്ന് ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ ഡയറക്ടറും ചീഫ് ഓർഗനൈസിംഗ് ഓഫീസറുമായ ആൻഡ്രൂ പാപ്പച്ചനും ഫെസ്റ്റിവൽ ഡയറക്ടറും മാനേജിംഗ് ഡയറക്ടറുമായ ഡോ. അബ്ദുല്ല മഞ്ചേരിയും അറിയിച്ചു. ഗ്ലോബൽ മലയാളി ഫെസ്റ്റിവലിനുള്ള ഏർലി രജിസ്ട്രേഷൻ ഓൺലൈനിലും നടത്താം.
ഫെസ്റ്റിവലിന്റെ പ്രധാന രണ്ട് പരിപാടികൾ ജനുവരി രണ്ടിന് പകൽ നടക്കുന്ന ഗ്ലോബൽ മലയാളി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മീറ്റും വൈകുന്നേരം നടക്കുന്ന ഗ്ലോബൽ മലയാളി രത്ന അവാർഡ് ദാന ചടങ്ങുമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ , മന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, മറ്റ് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട മലയാളി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങുകളിൽ വിശിഷ്ട അതിഥികളായി പങ്കെടുക്കും .
മെഡിസിൻ, എഞ്ചിനീയറിംഗ്, ടെക്നോളജി, ഇക്കണോമി, എജ്യുക്കേഷൻ, ബിസിനസ്, ആർട്സ്, കമ്മ്യൂണിറ്റി സർവീസ്, സിനിമ, ഇൻഡസ്ട്രി, മാനുഫാക്ചറിംഗ്, ചാരിറ്റി മേഖലകളിൽ മികച്ച സംഭാവനകൾ നൽകുകയും ഉയർന്ന നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്ത ലോകമെങ്ങുമുള്ള മലയാളികളിൽ നിന്ന് ഗ്ലോബൽ മലയാളി രത്ന അവാർഡുകൾക്കുള്ള നാമനിർദേശങ്ങൾ തേടുന്നതായി ആൻഡ്രൂ പാപ്പച്ചനും ഡോ. അബ്ദുല്ല മഞ്ചേരിയും അറിയിച്ചു. പരിഗണിക്കപ്പെടേണ്ടവരുടെ പേരുകൾ, കോൺടാറ്റ് നമ്പർ , ചിത്രങ്ങൾ, ഒരു ലഘു വിവരണം എന്നിവ ആൻഡ്രൂ വാട്ട്സ്അപ്പ് യുഎസ്എ -1 2014013955 എന്ന നമ്പറിലേക്ക് ദയവായി അയയ്ക്കുക.
ലോകമെങ്ങും നിന്നുള്ള മലയാളി വ്യാപാരികൾ, ബിസിനസുകാർ, നിക്ഷേപകർ എന്നിവർ ഗ്ലോബൽ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മീറ്റിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആഗോള തലത്തിൽ മലയാളി സംരംഭകരെ പരസ്പരം ബന്ധിപ്പിക്കുക, വിനോദസഞ്ചാരത്തിലും സാങ്കേതികവിദ്യയിലും നിക്ഷേപത്തിനുള്ള കേരളത്തിന്റെ സാധ്യതകൾ പ്രദർശിപ്പിക്കുക, വ്യാപാരത്തിലും നിക്ഷേപത്തിലും വിലപ്പെട്ട വിവരങ്ങളും സർക്കാർ നയങ്ങളും പങ്കിടുക എന്നിവയാണ് മീറ്റിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. ദയവായി പങ്കെടുക്കുന്നവരെ കുറിച്ചുള്ള വിവരങ്ങളും പങ്കെടുക്കാനുള്ള അഭ്യർത്ഥനയും അബ്ദുല്ല, സൗദി അറേബ്യ- 966.55.9944863 എന്ന നമ്പറിലേക്ക് അയയ്ക്കുക .
ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ ഫെഡറേഷന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ആഗോളതലത്തിൽ പുതിയ ബോർഡ് ഓഫ് ട്രസ്റ്റീസ് രൂപീകരിച്ചു. ആൻഡ്രൂ പാപ്പച്ചൻ -യുഎസ്എ, അബ്ദുല്ല മഞ്ചേരി -സൗദി അറേബ്യ, ടിഎൻ കൃഷ്ണകുമാർ -യുഎഇ, രാധാകൃഷ്ണൻ തെരുവത്ത് -ശ്രീലങ്ക, ശോഭ സക്കറിയ- കൊച്ചി, ഹരിദാസ് പോട്ടെക്കൽ- കോഴിക്കോട്, സിസിലി ജേക്കബ് -നൈജീരിയ, സുഫിൽ തോമസ് -സൗദി അറേബ്യ, രശ്മി രാധാകൃഷ്ണൻ -കൊച്ചി, തജു അയ്യാരി -സൗദി അറേബ്യ, അബ്ദുൾ ഹമീദ്- സൗദി അറേബ്യ, ബിനു വർഗീസ് -ഡൽഹി, ജേക്കബ് മാത്യു -റാവന്ദ, പ്രിയ എബ്രഹാം -കോഴിക്കോട്, നൗഫെൽ ഖാൻ -ബഹ്റിൻ, സന്ധ്യ ശേഖർ- അബുദാബി എന്നിവരാണ് ബോർഡ് അംഗങ്ങൾ. ടി. എൻ. കൃഷ്ണകുമാർ ബോർഡ് ചെയർമാനും ആൻഡ്രൂ പാപ്പച്ചൻ സി. ഇ. ഒയും അബ്ദുല്ല മഞ്ചേരി മാനേജിങ് ഡയറക്ടറും ആയിരിക്കും. രശ്മി രാധാകൃഷ്ണനാണ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ. ഹരിദാസ് പോട്ടെക്കൽ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, പ്രിയ എബ്രഹാം ചീഫ് ലെയ്സൻ ഓഫീസർ.
കേരളവും ഇന്ത്യയും ഉൾപ്പെടെ ലോകത്തിന്റെ ഏത് ഭാഗത്തും താമസിക്കുന്ന മലയാളികൾ , ആഗോള മലയാളികളുടെ, പ്രത്യേകിച്ച് പുതു തലമുറയുടെ ഈ പരിപാടിയിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നതായി ആൻഡ്രൂ പാപ്പച്ചനും അബ്ദുല്ല മഞ്ചേരിയും അറിയിച്ചു.