പശ്ചിമേഷ്യൻ സംഘർഷം ; യുഎഇ പ്രസിഡന്റുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ടെലിഫോണിലൂടെ ചർച്ച നടത്തി. മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ഇരു നേതാക്കളും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി.
യുഎഇ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി, ഹോർമുസ് കടലിടുക്ക് വഴിയുള്ള നാവിക ഗതാഗതത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയും പങ്കുവെച്ചു.
ഗൾഫ് മേഖലയിൽ ആശങ്ക പടർത്തിക്കൊണ്ട് പതിനെട്ടാം ദിവസവും ആക്രമണങ്ങൾ തുടരുകയാണ്. പുലർച്ചെ ദുബായും അബുദാബിയും കേന്ദ്രീകരിച്ച് മൂന്ന് തവണ ആക്രമണങ്ങളുണ്ടായതിനെത്തുടർന്ന് യുഎഇ വ്യോമാതിർത്തി ഒരു മണിക്കൂറോളം അടച്ചിട്ടു. അബുദാബിയിലെ ഷാഹ് ഓയിൽ ഫീൽഡിലും ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രിയൽ സോണിലും വൻ തീപിടുത്തമാണ് റിപ്പോർട്ട് ചെയ്തത്.
അബുദാബിയിലെ ബനിയാസ് എന്ന ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ ഒരു പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടു.