കെട്ടിടം പണിതിട്ട് വേണ്ടേ ഫർണിച്ചർ വാങ്ങാൻ! യു ഡി എഫ് മികച്ച വിജയം നേടും, ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കും ; ശശി തരൂർ
യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ അപ്രസക്തമാണെന്ന് ശശി തരൂർ എം.പി. “കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങേണ്ടതുള്ളൂ” എന്ന ലളിതമായ ഉപമയിലൂടെയാണ് നിലവിലെ ഗ്രൂപ്പ് പോരുകളെയും അവകാശവാദങ്ങളെയും തരൂർ പരിഹസിച്ചത്.
തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം എംഎൽഎമാരുടെ അഭിപ്രായം തേടി ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഇപ്പോൾ നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ അനാവശ്യമാണ്. ആര് വരും, ഏത് നഗരത്തിൽ നിന്നുള്ളയാളാകും എന്നൊന്നും ഇപ്പോൾ പറയാനാകില്ല. കേരളത്തിൽ യുഡിഎഫിന് മികച്ച വിജയം ലഭിക്കും. വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരാൻ സാധിക്കുമെന്നും കേരളത്തിലെ വിജയം ദേശീയ തലത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണം തരൂർ ആവർത്തിച്ചു. ബിജെപിക്ക് സ്വാധീനമുള്ള ഇടങ്ങളിൽ അവർ ഘടകകക്ഷികളെ മത്സരിപ്പിച്ചത് ഈ ധാരണയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു