ചരിത്രം കുറിച്ച് ആർട്ടെമിസ് II സംഘം; ഓറിയോൺ പേടകം  സുരക്ഷിതമായി ഭൂമിയിലിറങ്ങി

Apr 11, 2026 - 11:54
 0  2
ചരിത്രം കുറിച്ച് ആർട്ടെമിസ് II സംഘം; ഓറിയോൺ പേടകം  സുരക്ഷിതമായി ഭൂമിയിലിറങ്ങി

വാഷിങ്ടണ്‍: ആര്‍ട്ടിമെസ് 2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായ നാലംഗ സംഘം സുരക്ഷിതമായി ഭൂമിയിലിറങ്ങി. പസഫിക് സമുദ്രത്തിലാണ് ആര്‍ട്ടിമെസ് സംഘം വന്നിറങ്ങിയത്. 10 ദിവസത്തെ ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് സംഘം ഭൂമിയിലെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.37ഓടെയാണ് ആര്‍ട്ടിമെസ് സംഘം സാന്‍ഡിയാഗോ തീരത്തിനടുത്ത് വന്നിറങ്ങിയത്. ഇതോടെ ചരിത്രദൗത്യമാണ് സംഘം വിജയകരമായി പൂര്‍ത്തിയാക്കുന്നത്. 

ശബ്ദത്തിന്റെ 33 ഇരട്ടി വേഗതയില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച പേടകം വലിയ വെല്ലുവിളികളെയാണ് അതിജീവിച്ചത്. അന്തരീക്ഷ പ്രവേശനത്തിനിടയിലെ കഠിനമായ ചൂടില്‍ ക്യാപ്സ്യൂള്‍ പ്ലാസ്മയാല്‍ പൊതിയപ്പെട്ടപ്പോള്‍ മിഷന്‍ കണ്‍ട്രോളില്‍ ആറ് മിനിറ്റ് നേരത്തേക്ക് ആശയവിനിമയം തടസ്സപ്പെട്ടത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സഞ്ചരിച്ച മനുഷ്യരെന്ന റെക്കോഡ് സ്വന്തമാക്കി ആര്‍ട്ടിമിസ് 2 ദൗത്യ സംഘം സ്വന്തമാക്കിയിരുന്നു. ഭൂമിയില്‍ നിന്നും 4,06,771 കിലോ മീറ്റര്‍ അകലെയെത്തിയാണ് 1970 ഏപ്രില്‍ 14ലെ അപ്പോളോ സംഘത്തിന്റെ റെക്കോഡ് ആര്‍ട്ടിമിസ് സംഘം മറികടന്നത്. 54 വര്‍ഷത്തിന് ശേഷം ചന്ദ്രന്റെ പിന്നിലൂടെ യാത്രചെയ്യുന്ന സംഘവുമായി ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായ നാലുപേര്‍ മാറി. 

1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യന്‍ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയില്‍ എത്തിയത്. തുടര്‍ന്ന് ചന്ദ്രന്റെയുമപ്പുറത്ത് നിന്ന് ദൗത്യസംഘം ചന്ദ്രനെയും ഭൂമിയെയും നോക്കിക്കണ്ടു. ഒറയോണ്‍ ചന്ദ്രന്റെ പിന്നിലേക്ക് പോയതിനാല്‍ നാല്‍പ്പത് മിനുട്ടോളം പേടകവും ഭൂമിയും തമ്മില്‍ ബന്ധമുണ്ടായില്ല. ചന്ദ്രന്റെ അപ്പുറത്ത് നിന്ന് ഉദയവും അസ്തമയവും ദൗത്യസംഘം കണ്ടു.