ഹോർമുസിൽ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്ക, ഇസ്രയേൽ കപ്പലുകൾക്ക് കർശന നിരോധനം
ഹോർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കവുമായി ഇറാൻ പാർലമെന്റ് രംഗത്തെത്തിയതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുന്നു. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താനും അമേരിക്ക, ഇസ്രയേൽ കപ്പലുകൾക്ക് നിരോധനം ഏർപ്പെടുത്താനുമുള്ള പുതിയ പദ്ധതിക്ക് ഇറാന്റെ പാർലമെന്റ് സുരക്ഷാ സമിതി അംഗീകാരം നൽകി. ഇറാനും അമേരിക്ക-ഇസ്രയേൽ സഖ്യവും തമ്മിലുള്ള സംഘർഷം രണ്ടാം മാസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഈ നിർണ്ണായക നീക്കം.
ഇറാനിയൻ സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം, തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ഇറാന്റെ ഔദ്യോഗിക കറൻസിയായ ‘റിയാലിൽ’ ടോൾ നൽകേണ്ടി വരും. ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയ മറ്റ് രാജ്യങ്ങൾക്കും ഈ നിയന്ത്രണം ബാധകമാകും. സമുദ്ര സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ മറവിൽ ഒമാനുമായി സഹകരിച്ച് ഈ മേഖലയിൽ പൂർണ്ണ നിയന്ത്രണം കൊണ്ടുവരാനാണ് ഇറാൻ ലക്ഷ്യമിടുന്നത്.
എന്നാൽ ഇറാന്റെ നീക്കത്തിനെതിരെ കടുത്ത സൈനിക മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക തിരിച്ചുപിടിക്കുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി. സമുദ്രയാത്രയിലെ സ്വാതന്ത്ര്യം ഉറപ്പാക്കാൻ സൈനിക അകമ്പടിയോടെ കപ്പലുകൾ കടത്തിവിടുമെന്നും അദ്ദേഹം അറിയിച്ചു.