മരണത്തിൽ അസ്വാഭാവികതയില്ല, ശ്രീനന്ദയുടെ മരണം തലയ്ക്കേറ്റ മാരക പരിക്ക് മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൃതദേഹം പാലക്കാട്ടെ വീട്ടിലെത്തിച്ചു.
പാലക്കാട്: കർണാടകയിലെ ചിക്മഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കൊക്കയിൽ വീണ് മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മൃതദേഹം പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. കർണാടക പോലീസിന്റെ പ്രത്യേക അകമ്പടിയോടെയാണ് മൃതദേഹം വിലാപയാത്രയായി എത്തിച്ചത്. മൃതദേഹത്തിൽ നടത്തിയ ഇൻക്വസ്റ്റ് പരിശോധനയിൽ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം.
ശരീരത്തിൽ സംശയകരമായ മുറിവുകളില്ലെന്നും മരണകാരണം വീഴ്ചയെത്തുടർന്നുണ്ടായ ആഘാതമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ശ്രീനന്ദയുടെ വസ്ത്രം കീറിയ നിലയിൽ കണ്ടെത്തിയത് വീഴ്ചയ്ക്കിടെ മരക്കൊമ്പുകളിലോ മറ്റോ ഉടക്കിയതാകാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
നാല് ദിവസം നീണ്ട തീവ്രമായ തിരച്ചിലിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെയായി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. തെർമൽ ഡ്രോണുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മലയടിവാരത്തെ ദുർഘടമായ പ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്. ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തകർ ഈ ഭാഗത്തേക്ക് എത്തിയത്.
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരിക്കാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വെള്ളച്ചാട്ടത്തിന് സമീപത്തെ കൊക്കയിലേക്ക് വീണപ്പോൾ ഉണ്ടായ ആഘാതത്തിലാണ് പരിക്ക് സംഭവിച്ചതെന്നാണ് നിഗമനം. മരണത്തിൽ അസ്വാഭാവികതയില്ലെന്നും വീഴ്ചയെത്തുടർന്നുള്ള പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നാല് ദിവസം നീണ്ട വിങ്ങുന്ന കാത്തിരിപ്പിനൊടുവിലാണ് ശ്രീനന്ദയുടെ വിയോഗവാർത്ത കുടുംബത്തെ തേടിയെത്തിയത്.
ചിക്മഗളൂരുവിലെ മണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തെ വ്യൂ പോയിന്റിൽ നിന്ന് വെറും പത്ത് മിനിറ്റുകൾ കൊണ്ടാണ് ശ്രീനന്ദ അപ്രത്യക്ഷയായത്. മകൾ തിരികെ വരുമെന്ന പ്രതീക്ഷയിൽ അച്ഛനും അമ്മയും ബന്ധുക്കളും മൂന്ന് രാത്രിയും നാല് പകലുമാണ് ആ വ്യൂ പോയിന്റിൽ കണ്ണീരോടെ കാത്തിരുന്നത്. ഒടുവിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് താഴ്ചയുള്ള കൊക്കയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.