ഇറാൻ യുദ്ധവും അതിന്റെ ആഗോള പ്രത്യാഘാതങ്ങളും കാരണം രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ഇത്തരം അവകാശവാദങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അഭ്യർത്ഥിച്ചു.
പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾ ആഗോള വിപണിയെ ബാധിക്കുന്ന സാഹചര്യത്തിൽ ഊർജം, വിതരണ ശൃംഖല, അത്യാവശ്യ സാധനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആഗോള സാഹചര്യം സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് 'എക്സിൽ' പങ്കുവെച്ച പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം ഇന്ധനവും മറ്റ് അത്യാവശ്യ സാധനങ്ങളും തടസമില്ലാതെ ലഭ്യമാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ പൂർണമായും തെറ്റാണ്. ഞാൻ ഇത് വ്യക്തമാക്കട്ടെ. അത്തരമൊരു നിർദേശം ഭാരത സർക്കാരിന്റെ പരിഗണനയിലില്ല," മന്ത്രി പറഞ്ഞു. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും വെല്ലുവിളികളെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അധികൃതർ കൃത്യസമയത്തും സജീവമായും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.