'എനിക്ക് ഡോക്ടറാകേണ്ട'; നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ വിദ്യാർഥി ജീവനൊടുക്കി

Sep 24, 2025 - 15:56
 0  188
'എനിക്ക് ഡോക്ടറാകേണ്ട'; നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ വിദ്യാർഥി ജീവനൊടുക്കി

മുംബൈ: മഹാരാഷ്ട്രയിൽ മെഡിക്കൽ പ്രവേശന പരീക്ഷയിൽ 99.99 ശതമാനം മാർക്ക് വാങ്ങിയ വിദ്യാർഥി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ​ഗോരഖ്പൂരിൽ എംബിബിഎസിന് സീറ്റ് നേടി പ്രവേശനം ആരംഭിക്കാനിരിക്കേയാണ് വിദ്യാർഥി ജീവനൊടുക്കിയത്. അനുരാ​ഗ് ബോർകർ (19) ആണ് മരിച്ചത്.

മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിലാണ് സംഭവം. തനിക്ക് ഡോക്ടറാകാൻ ഇഷ്ടമില്ലെന്നും സമ്മർദ്ദം താങ്ങാനാകില്ലെന്നും മാതാപിതാക്കൾക്കായി കുറിപ്പ് എഴുതി വച്ചാണ് വിദ്യാർഥി ജീവനൊടുക്കിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് വിദ്യാർഥിയെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തനിക്ക് ബിസിനസ് ആണ് താത്പര്യമെന്നും ഡോക്ടർ ആകാൻ താത്പര്യമില്ലെന്നും വിദ്യാർഥി കുറിപ്പിൽ പറയുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഓൾ ഇന്ത്യ തലത്തിൽ 1475-ാം റാങ്ക് ആയിരുന്നു അനുരാ​ഗിന്. സംഭവത്തെക്കുറിച്ചോ ആത്മഹത്യാ കുറിപ്പിലെ കൂടുതൽ കാര്യങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.