എൻ. പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
പ്രമുഖ മലയാള സാഹിത്യകാരൻ എൻ. പ്രഭാകരന് 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘മായാമനുഷ്യർ’ എന്ന നോവലാണ് ഈ ഉന്നത പുരസ്‌കാരത്തിന് അർഹമായത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം മാർച്ച് 31-ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കും.
നോവലിസ്റ്റ്, കഥാകൃത്ത്, കവി എന്നീ നിലകളിൽ മലയാള സാഹിത്യത്തിന് നൽകിയ സമഗ്രമായ സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം. ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ, ഡോ. കെ. ജയകുമാർ, ഡോ. പത്മനാഭൻ കാവുമ്പായി എന്നിവരടങ്ങുന്ന ജൂറിയാണ് മലയാളത്തിൽ നിന്ന് ‘മായാമനുഷ്യരെ’ തിരഞ്ഞെടുത്തത്. എൻ. പ്രഭാകരന് പുറമെ ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള മറ്റ് 23 എഴുത്തുകാരും ഇത്തവണ അവാർഡിന് അർഹരായിട്ടുണ്ട്.