പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു
പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് നാല് മണിക്ക് മുംബൈയിൽ നടക്കും.
1943-ൽ ‘മജാബാൽ’ എന്ന മറാഠി ചിത്രത്തിലൂടെയാണ് ആശ പിന്നണിഗാന രംഗത്തേക്ക് എത്തിയത്. 1948-ലെ ‘ചുനാരിയ’ എന്ന ചിത്രം ഹിന്ദി സിനിമയിൽ ശ്രദ്ധേയമായ തുടക്കം നൽകി. 1956-ൽ ഒ.പി. നയ്യാറിന്റെ സംഗീതത്തിൽ ‘സി.ഐ.ഡി’ എന്ന ചിത്രത്തിൽ പാടിയത് കരിയറിൽ വലിയ ബ്രേക്കായി. ആർ.ഡി. ബർമ്മനുമായുള്ള സംഗീത കൂട്ടുകെട്ട് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ സുവർണ്ണ കാലഘട്ടമായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായി. 1990-കളിൽ സിനിമയിൽ നിന്ന് വിട്ടുനിന്ന ആശയെ 1995-ൽ ‘രംഗീല’യിലൂടെ എ.ആർ. റഹ്‌മാനാണ് തിരിച്ചുകൊണ്ടുവന്നത്.
ഭജനുകൾ മുതൽ പോപ്പ് സംഗീതം വരെയും, ഗസലുകൾ മുതൽ ഡിസ്കോ പാട്ടുകൾ വരെയും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് ആശയെ വ്യത്യസ്തയാക്കി. 20 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. എ.ആർ. റഹ്‌മാൻ, ഇളയരാജ, ബോംബെ രവി തുടങ്ങി ഇന്ത്യയിലെ പ്രഗത്ഭരായ എല്ലാ സംഗീത സംവിധായകർക്കൊപ്പവും അവർ പ്രവർത്തിച്ചു.
ഗ്രാമി അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി എന്ന ചരിത്ര നേട്ടവും ആശാ ഭോസ്‌ലെയ്ക്ക് സ്വന്തമാണ്. സംഗീതത്തിന് നല്‍കിയ അതുല്യമായ സംഭാവനകളെ മാനിച്ച് രാജ്യത്തെ നിരവധി പുരസ്‌കാരങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 2008-ല്‍ രാജ്യം അവര്‍ക്ക് പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. 1933 സെപ്റ്റംബർ എട്ടിന് ഇൻഡോറിലാണ് ആശ ജനിച്ചത്. സംഗീതജ്ഞൻ ദീനനാഥ് മങ്കേഷ്‌കറുടെ മകളാണ്. ഇതിഹാസ ഗായിക പരേതയായ ലതാ മങ്കേഷ്‌കറുടെ സഹോദരിയാണ്