ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയം : ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ്

Apr 12, 2026 - 19:03
Apr 12, 2026 - 19:41
 0  3
ഇറാനുമായുള്ള  സമാധാന ചർച്ചകൾ പരാജയം : ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന്  ട്രംപ്

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടഞ്ഞുകൊണ്ട് നാവിക ഉപരോധം ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇനി മുതൽ കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും യുഎസ് നാവികസേന തടയുമെന്ന് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ഇറാന് ടോൾ നൽകുന്ന എല്ലാ കപ്പലിനെയും അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് യുഎസ് സൈന്യം തടയുമെന്നും ട്രംപ് പറഞ്ഞു.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. "ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാമെന്ന് ഇറാൻ വാഗ്ദാനം ചെയ്തിരുന്നതാണ്, എന്നാൽ അവർ ബോധപൂർവ്വം അതിൽ പരാജയപ്പെട്ടു. ഇത് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾക്കും ജനങ്ങൾക്കും ആശങ്കയും പ്രയാസവും ഉണ്ടാക്കിയിട്ടുണ്ട്. കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചതായി അവർ അവകാശപ്പെടുന്നു, എന്നാൽ ഇറാന്റെ നാവികസേനയെയും മൈനുകൾ നിക്ഷേപിക്കുന്ന കപ്പലുകളെയും അമേരിക്ക ഇതിനോടകം തന്നെ തകർത്തു കഴിഞ്ഞു," ട്രംപ് കുറിച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. ഇതോടെ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രതിസന്ധിയിലായി. ചർച്ചകൾ നന്നായി നടന്നുവെന്നും മിക്ക കാര്യങ്ങളിലും ധാരണയായെന്നും പറഞ്ഞ ട്രംപ്, എന്നാൽ ഇറാന്റെ ആണവ പദ്ധതിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടായില്ലെന്ന് വ്യക്തമാക്കി.