അമിത വേഗത്തിലെത്തിയ കാറിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; പ്രതിയായ യുവ ഡോക്ടർ പിടിയിൽ
എറണാകുളം: അങ്കമാലിയില്‍ 19കാരി ജാസ്ലിയ ജോണ്‍സണ്‍ മരിക്കാനിടയായ വാഹനാപകടത്തിലെ പ്രതി ഡോക്ടര്‍ സിറിയക് പി ജോര്‍ജ് അറസ്റ്റില്‍. വാഗമണ്ണില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. പ്രതിയുടെ പിതാവായ അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഡോ. സിറിയകിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 28ന് രാത്രി ജാസ്ലിയയെ ഇടിച്ചിട്ട് വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി ജോര്‍ജ് ആണ് വാഹനം ഓടിച്ചത്. ചാലാക്കല്‍ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിയാണ് ഡോ. സിറിയക് പി ജോര്‍ജ്. അപകടം നടക്കുമ്പോള്‍ കാറില്‍ സുഹൃത്തും ഉണ്ടായിരുന്നു. സിറിയക് പി ജോര്‍ജിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാര്‍ കോളജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെല്‍ക് ജംഗ്ഷനില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പരുക്കേറ്റ ജാസ്ലിയയെ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലീസാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.
തുടര്‍ന്ന് മാതാപിതാക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു. ജാസ്ലിയയുടെ അവയവങ്ങള്‍ നാലു പേര്‍ക്കാണ് പുതുജീവനേകിയത്.