ഖത്തറിന് ദീപശിഖ കൈമാറി, ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി.

Oct 4, 2026 - 18:28
 0  2
ഖത്തറിന് ദീപശിഖ കൈമാറി, ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി.

നഗോയ: രണ്ടാഴ്ചയിലേറെ നീണ്ട ആവേശകരമായ കായിക പോരാട്ടങ്ങൾക്ക് വിരാമം. 2026 ഏഷ്യൻ ഗെയിംസിന് നഗോയ സിറ്റി മിസുഹോ പാർക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന സമാപനച്ചടങ്ങോടെ കൊടിയിറങ്ങി. ഏഷ്യൻ ഗെയിംസിന്റെ പതാകയും ആദ്യ ഏഷ്യൻ ഗെയിംസിന്റെ ദീപശിഖയും 2030ലെ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് കൈമാറിയാണ് ചടങ്ങുകൾ അവസാനിച്ചത്.

ഐചി പ്രിഫെക്ചർ ഗവർണർ ഹിഡെകി ഒമുറയും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജുവാൻ ബിൻ ഹമദ് അൽ താനിയും ചടങ്ങിൽ കായികതാരങ്ങളെ അഭിസംബോധന ചെയ്തു. മത്സരങ്ങളിലെ താരങ്ങളുടെ പ്രകടനത്തെയും പരസ്പരം അഭിനന്ദിച്ചും ആശംസകൾ നേർന്നും അവർ കാഴ്ചവച്ച കായികമനോഭാവത്തെയും ഒമുറ പ്രശംസിച്ചു. തുടർന്ന് ഏഷ്യൻ ഒളിമ്പിക് കൗൺസിൽ പതാക താഴ്ത്തി. രാജ്യങ്ങളുടെ പതാകവാഹകരുടെ നേതൃത്വത്തിലായിരുന്നു അത്‌ലറ്റുകളുടെ പരേഡ്. രണ്ട് സ്വർണവും ഒരു വെള്ളിയുമടക്കം മൂന്ന് മെഡലുകൾ നേടിയ ഷൂട്ടിങ് താരം നീരു ധണ്ടയാണ് സമാപനച്ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തിയത്.

21 സ്വർണമടക്കം 85 മെഡലുകളുമായാണ് ഇന്ത്യ ഗെയിംസ് പട്ടികയിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവും ഉൾപ്പെടുന്നു. 169 സ്വർണമടക്കം 341 മെഡലുകളുമായി ചൈനയാണ് പട്ടികയിൽ ഒന്നാമത്.