'ബ്രഹ്മദത്തൻ നോക്കി നിൽക്കേ ഉടല് നിറയെ കൈകളുള്ള ഭീകരസത്വമായി സുഭദ്ര....'
ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ഫിലോമിനയുടെ രാത്രിയിലെ മാന്ത്രികനോവല്‍ വായനയും ഭീകരസത്വമായി രൂപം കൊള്ളുന്ന മുകേഷിനെയും ജഗദീഷിനെയും മലയാളികള്‍ ഒരിക്കലും മറക്കില്ല
ഇപ്പോള്‍ ഇതോർക്കാൻ കാരണം പുംകൃതികാമനാണ്. ശ്രീകലാമോഹന്ദാസിന്റെ ഒമ്പതാമത്തെ പുസ്തകമാണ് ഈ കഥാസമാഹാരം.
കഥയുടെ അത്ഭുതലോകത്തിലേക്ക് വായനക്കാരനെ ആകര്‍ഷിക്കുകയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്ന നിരവധിസംഗതികളുണ്ട്. അതില്‍ ഏറ്റവും പ്രധാനമായി തോന്നിയത് പുസ്തകത്തിന്റെ ശീര്‍ഷകമാണ്. ശ്രീകലാമോഹന്ദാസിന്റെ കഥാസമാഹാരത്തിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്.
പുംകൃതികാമൻ എന്ന ടൈറ്റിലാണ് ആദ്യം ശ്രദ്ധിച്ചത്. താല്‍പ്പര്യത്തോടെ തുറന്നു നോക്കുകയും താളുകള്‍ മറിക്കുകയും ചെയ്തു. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥയായിരുന്നു പുംകൃതികാമന് ഉള്‍പ്പടെയുള്ള ശ്രീകലാമോഹന്ദാസിന്റെ ഈ സമാഹാരത്തിലെ കഥകള്‍.
സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയാണ് ശ്രീകലാ മോഹൻദാസ്. കഥയിലും കവിതയിലും സർഗാത്മക മികവ് തെളിയിച്ചിട്ടുള്ള ഈ എഴുത്തുകാരിയുടെ ‘പുംകൃതികാമൻ’ എന്ന കഥാസമാഹാരം വായനക്കാരനെ ജീവിതത്തിന്റെ സങ്കീർണ്ണമായ അനുഭവലോകങ്ങളിലേക്കാണ് കൈപിടിച്ചുകൊണ്ടുപോകുന്നത്. സമാഹാരത്തിലെ ഓരോ കഥയും വായിച്ചുതീരുമ്പോൾ മനസ്സിൽ അവശേഷിക്കുന്നത് മനുഷ്യജീവിതത്തിന്റെ വൈവിധ്യമാർന്ന ഭാവങ്ങളും വികാരങ്ങളും ഹൃദയസ്പർശിയായി ആവിഷ്കരിച്ച കഥകളുടെവിരല്പ്പാടുകളാണ്.
ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശവും മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതകളും ഈ കഥകളുടെ അന്തർധാരയായി ഒഴുകുന്നു. പരസ്ത്രീഗമനം, പ്രണയം, വിരഹവേദന, ജീവിതനൊമ്പരങ്ങൾ, കൊറോണക്കാലത്തിന്റെ അസാധാരണമായ അനുഭവങ്ങൾ തുടങ്ങി മനുഷ്യൻ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ അവസ്ഥകളും വ്യാകുലതകളും എഴുത്തുകാരി തനതായ ആഖ്യാനശൈലിയിലൂടെ അനാവരണം ചെയ്യുന്നു. ജീവിതത്തിന്റെ വെളിച്ചവും നിഴലും ഒരുപോലെ പകർത്തുന്ന ഈ കഥകൾ, മനുഷ്യമനസ്സിന്റെ അറിയപ്പെടാത്ത കോണുകളിലേക്ക് വെളിച്ചം വീശുന്നതിനൊപ്പം വായനക്കാരന്റെ മനസ്സിൽ ചിന്തകളുടെയും വികാരങ്ങളുടെയും പുതിയൊരു ലോകം തുറന്നിടുകയും ചെയ്യുന്നു.
മഷി ചെരിഞ്ഞ മാനത്തിൽ തുടങ്ങി കഥപോലുള്ള ജീവിതത്തിൽ അവസാനിക്കുന്ന പതിനഞ്ച് മികച്ച കഥകളുടെ സമാഹാരമാണിത്.
ആദ്യകഥയിലെ നായകനായ വിപിൻ, ദുഃസ്സഹമായ വേദനകൾ ഉള്ളിലൊതുക്കി ജീവിക്കുന്ന ഒരു യുവാവാണ്. വിപിന്റെ ആത്മഹത്യയിലാണ് കഥ അവസാനിക്കുന്നത്. വിപിന്റെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതൻ സജിൻ മരണപ്പെട്ടിരുന്നു. അതൊരു അപകടമല്ല, ആത്മഹത്യയായിരുന്നു. “അവൻ ബൈക്ക് ടിപ്പറിന് മുന്നിലേയ്ക്ക് ഓടിച്ചു കേറ്റുകയായിരുന്നു." എന്തിനായിരുന്നു ആ യുവാവ് ആ കടുംകൈ ചെയ്തത്? എന്തിനായിരുന്നു വിപിനും പിന്നാലെ ആത്മഹത്യ ചെയ്തത്? ഉത്തരം തേടി ചെല്ലുമ്പോൾ മനുഷ്യ വികാരങ്ങളുടെയും കാമനകളുടെയും വന്യതയും ചപലതയും നിഷ് കളങ്കതയും കണ്ടു വായനക്കാർ അന്ധാളിക്കുക തന്നെ ചെയ്യും.
കഥാന്ത്യം വരെ ആകാംക്ഷ നിലനിർത്താൻ കഥാകാരിക്ക് കഴിയുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
പരേതനും പാദസരവും എന്ന കഥയിൽ അച്ഛന്റെ മരണവിവരമറിഞ്ഞ് നിലവിളിച്ചെത്തുന്ന മക്കൾ.
പക്ഷേ അവർക്കെല്ലാം നോട്ടം അച്ഛന്റെ പണത്തിലാണ്. ആത്മാർത്ഥതയില്ലാത്ത കപടലോകത്ത്തിന്റെ ചിത്രം നർമ്മത്തിൽ പൊതിഞ്ഞാണ് കഥാകാരി അവതരിപ്പിച്ചത്.
സ്ത്രീവിഷയതൽപ്പരനായ ഒരാളുടെ ജീവിതമാണ് ശീര്‍ഷകകഥയായ പുംകൃതികാമൻ.
വായനക്കാരില്‍ ആകാംക്ഷ നിറച്ച് കഥ പറഞ്ഞുപറഞ്ഞ് അവസാനം വായനക്കാരൻ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ കഥയിൽ സന്നിവേശിപ്പിക്കാൻ ഈ കഥാകാരിക്ക് കഴിഞ്ഞു എന്നതിന്റെ തെളിവാണ് പുംകൃതികാമൻ എന്ന കഥ.
ശകടമോഹം എന്ന കഥയില്‍ പഴയ കാല ലാംബ്രട്ടാ സ്കൂട്ടറിന്റെ വിചാരങ്ങളാണ് കഥയായി വികസിക്കുന്നത്.
ഹിന്ദിവാല എന്ന കഥയിൽ അന്യദേശത്തുനിന്നു വന്ന് കഥാനായികയുടെ വീട്ടിൽ കുക്കായി ജോലി നോക്കുന്ന രാജേന്ദ്രബാബു ചൗധരിയുടെകഥയാണ്.
പ്രവാസജീവിതം ഉണർത്തുന്ന വൈകാരിക സമസ്യകള്‍ സത്യന് അന്തിക്കാടിന്റെ വരവേല്‍പ്പ് എന്ന സിനിമ ചര്‍ച്ചചെയ്തിട്ടുണ്ട്.ബന്ധുക്കളുടെ സ്വാർത്ഥതയും ചൂഷണം ചെയ്യാനുള്ള വാസനയുമാണ് ഈ സിനിമയുടെ കേന്ദബിന്ദു.
ശ്രീകലാമോഹന്ദാസിന്റെഗൾഫുകാരന്റെ പെണ്ണ്', 'നിഴലും നിലാവും' എന്നീ കഥകളും പ്രവാസജീവിതം ഉണർത്തുന്ന വൈകാരിക സമസ്യകളിലേക്കാണ് വായനക്കാരെ ക്ഷണിക്കുന്നത്.
നിഴലും നിലാവും' എന്ന ദീർഘമായ കഥ സമുഹത്തിൽ പ്രവാസം വഴി വന്നു ഭവിച്ച മനോഭാവ വൈകല്യങ്ങളെ സൂക്ഷ്മമായി ആലേഖനം ചെയ്തിരിക്കുന്നു. അമ്മയ്ക്ക് പോലും വിദേശത്തുള്ള മകളോടുള്ള മനോഭാവത്തിൽ വന്നു നിറയുന്ന മരവിപ്പും സ്വാർത്ഥതയുടെ മനഃശാസ്ത്രവും ഈ കഥ കൃത്യമായി പ്രശ്നവത് കരിക്കുന്നു.
ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന നന്മ നിറഞ്ഞ സ്ത്രീകളാണ് ശ്രീ കലയുടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ. 'തപസ്വിനി', 'സായന്തനം' എന്നീ കഥകളിൽ ഇത്തരം നായികമാരെ പരിചയപ്പെടാം.
പൊങ്ങച്ചങ്ങൾ, ആർത്തികൾ, സ്വന്തമാക്കാനുള്ള ത്വര ഇതൊക്കെയും ശ്രീകലയുടെ പ്രമേയഭൂപടത്തി ൽ ഇടം പിടിച്ചിരിക്കുന്നു.
അവതാരിക എഴുതിയ കെ ജയകുമാര്‍ ശ്രീകലാമോഹന്ദാസിന്റെ കഥകളെ സൂക്ഷ്മതയോടെ അടയാളപ്പെടുത്തുന്നുണ്ട് :
‘’…..പ്രമേയത്തിന് ഇണങ്ങിയതും ക്ലിഷ്ടത പൂർണ്ണമായും വർജ്ജിച്ചതുമാണ് ശ്രീകലയുടെ ഭാഷ. സമകാലിക മലയാള കഥകളിൽ സർവസാധാരണമായിക്കഴിഞ്ഞ വൃഥാസ്ഥൂലതയിൽ നിന്നും ആവിഷ്കാരനാട്യങ്ങളിൽ നിന്നും മുക്തമാണ് ഈ കഥകൾ. പറയാനൊരു കഥയുണ്ടെങ്കിൽ വ്യർത്ഥമായ ആഖ്യാനകൗശലങ്ങളോ ഭാഷയിലെ കൃത്രിമത്വമോ ആവശ്യമില്ല. ഒ.വി. വിജയനെയും മാധവിക്കുട്ടിയെയും അനുകരിക്കാൻ ശ്രമിച്ച് എങ്ങുമെത്താതെ പോയ പ്രതീക്ഷയുണ്ടായിരുന്ന കുറെ എഴുത്തുകാരെ ഓർത്തുപോവുകയാണ്. ശ്രീകലയ്ക്ക് അത്തരത്തിലുള്ള പ്രലോഭനങ്ങളില്ല. “ഇതാണ് എന്റെ സ്വരം, ഇവയാണ് എന്റെ കഥകൾ, ഇതാണെന്റെ രീതി, കേട്ട് കൊള്ളുക' എന്ന് അറിയിക്കുന്ന ആർജ്ജവമാ ണ് ഈ കഥാകാരിയുടെ സ്വരമുദ്ര.
ജീവിതത്തിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥൂലവും സൂക്ഷ്മവുമായ മാറ്റങ്ങളെ അവയുടെ വൈകാരികമായ ആഴത്തിൽ ആവിഷ്കരിച്ചിരിക്കുന്ന ഈ കഥകൾ ശ്രീകല മോഹൻദാസിന് നൽകുന്ന ഒരു അനുമതിയുണ്ട്. എഴുത്തുകാരുടെ മുൻനിരയിൽ പോയി ഇരിക്കാ നുള്ള അനുമതി. ശ്രീകലയ്ക്ക് അർഹതപ്പെട്ടതാണ് ആ അനുമതി. ശ്രീ കലയിൽ നിന്ന് കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു. ഈ കൃതി വായി ച്ചവർ അടുത്ത കഥകൾക്കായി കാത്തിരിക്കുമെന്നു ഉറപ്പാണല്ലോ….’’
പ്രസാധകർ : കൈരളി ബുക്സ്: വില : . 260 രൂപ
പുസ്തകം ആവശ്യമുള്ളവർ ബന്ധപ്പെടുക : 85939 54539