വിമാനയാത്രക്കിടെ കടലിൽ ചാടുമെന്ന് ഭീഷണി: കണ്ണൂർ സ്വദേശി അറസ്റ്റിൽ

വിമാനയാത്രക്കിടെ കടലിൽ ചാടുമെന്ന് ഭീഷണി: കണ്ണൂർ സ്വദേശി അറസ്റ്റിൽ

മംഗളൂരു: വിമാനയാത്രക്കിടെ കടലിൽ ചാടുമെന്ന് ഭീഷണിപ്പെടുത്തിയ യാത്രക്കാരൻ അറസ്റ്റിൽ. യാത്രക്കിടെ പ്രശ്നമുണ്ടാക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത കണ്ണൂർ സ്വദേശി മുഹമ്മദ് ബി.സിയെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്-മംഗളൂരു വിമാനത്തിൽ മേയ് എട്ടിനാണ് സംഭവം. ജീവനക്കാരുടെ പരാതിയെ തുടർന്ന് വിമാനം മംഗളൂരുവിലെത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡൽഹിയിൽനിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെ കണ്ണൂർ സ്വദേശി ശൗചാലയത്തിലേക്ക് പോയി. തിരിച്ചെത്തിയ ശേഷം മറ്റൊരു യാത്രക്കാരനെക്കുറിച്ച് ഇയാൾ ജീവനക്കാരോട് തിരക്കി. എന്നാൽ ആ പേരിലുള്ള വ്യക്തി യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്നില്ല.

വിമാന ജീവനക്കാർ സമീപത്തുണ്ടായിരുന്നിട്ടും സഹായത്തിനായി ഇയാൾ ബെൽ അമർത്തിക്കൊണ്ടിരുന്നു. പിന്നാലെ ഒരു ലൈഫ് ജാക്കറ്റ് കയ്യിലെടുത്ത് ഒരു ക്രൂ അംഗത്തിന് നൽകി വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് തനിക്കിത് ധരിക്കണമെന്ന് പറഞ്ഞു. അനാവശ്യചോദ്യങ്ങളുന്നയിച്ച് ജീവനക്കാരെ ശല്യം ചെയ്തു. അറബിക്കടലിന് മുകളിലൂടെ വിമാനം പറക്കുന്നതിനിടെ തനിക്ക് കടലിലേക്ക് ചാടാനാഗ്രഹമുണ്ടെന്ന് പറയുകയും ചെയ്തിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

മംഗളൂരുവിൽ എത്തിയ ഉടനെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്ത് രേഖാമൂലമുള്ള പരാതി സഹിതം പോലീസിന് കൈമാറി. യാത്രക്കാരനെതിരെ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു,