അല്ലു അർജുൻ പ്രതിപ്പട്ടികയിൽ! ‘പുഷ്പ 2’ അപകടത്തിൽ കുറ്റപത്രം സമർപ്പിച്ചു

Dec 27, 2025 - 14:41
 0  5
അല്ലു അർജുൻ പ്രതിപ്പട്ടികയിൽ! ‘പുഷ്പ 2’ അപകടത്തിൽ കുറ്റപത്രം സമർപ്പിച്ചു

‘പുഷ്പ 2’ സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുൻ ഉൾപ്പെടെ 24 പേരാണ് കേസിൽ പ്രതികൾ.

2024 ഡിസംബർ 4ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് ദാരുണമായ സംഭവം നടന്നത്. അല്ലു അർജുനെ കാണാൻ വൻ ജനക്കൂട്ടമാണ് തിയേറ്ററിന്റെ മുന്നിൽ തടിച്ചുകൂടിയത്. ഈ തിക്കിലും തിരക്കിലും പെട്ടാണ് രേവതി എന്ന 35കാരി മരിച്ചത്. ഈ യുവതിയുടെ മകനും ഗുരുതരമായി പരിക്കേറ്റു.

കടുത്ത തിരക്കുള്ള സാഹചര്യം അറിഞ്ഞിട്ടും സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെ അല്ലു അർജുൻ തിയേറ്ററിലെത്തിയത് വീഴ്ചയായാണ് പോലീസ് കാണുന്നത്. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ നടൻ അവിടെ വരുന്നത് പോലീസ് നേരത്തെ വിലക്കിയിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് താരം എത്തിയത്. തിരക്ക് നിയന്ത്രിക്കാൻ മതിയായ സൗകര്യങ്ങൾ ഒരുക്കാത്തതിന് തിയേറ്റർ ഉടമകളെയും മാനേജ്‌മെന്റിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി.

അല്ലു അർജുന്റെ പേഴ്സണൽ മാനേജർ, സ്റ്റാഫ് അംഗങ്ങൾ, സ്വകാര്യ ബൗൺസർമാർ എന്നിവരും കേസിൽ പ്രതികളാണ്. അശ്രദ്ധ മൂലം മരണം സംഭവിക്കൽ, ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ ഈ കേസിൽ അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യം ലഭിച്ചിരുന്നു.