അരുണാചലില്‍ ദമ്പതികളെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം : ബ്ലാക് മാജിക്' സംശയം പരിശോധിക്കും

അരുണാചലില്‍  ദമ്പതികളെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം : ബ്ലാക് മാജിക്' സംശയം പരിശോധിക്കും

തിരുവനന്തപുരം: അരുണാചലില്‍ ഹോട്ടല്‍ മുറിയില്‍ ദമ്പതികളെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ അന്വേഷണത്തിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മാത്രമേ ആത്മഹത്യയായിരുന്നോ അതോ കൊലപാതകമാണോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി തന്നെ മരിച്ചവരുടെ ബന്ധുക്കള്‍ അരുണാചല്‍ പ്രദേശിലേക്ക് തിരിച്ചിട്ടുണ്ട്. കൂടെ വട്ടിയൂര്‍ക്കാവ് പൊലീസും സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ ബി നായര്‍ (29), ആയുര്‍വേദ ഡോക്ടര്‍മാരായ കോട്ടയം മീനടം സ്വദേശി നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് കാവില്‍ ദേവി (41) എന്നിവരെയാണു ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ യാത്ര പോകാന്‍ അരുണാചല്‍ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്നതടക്കം നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. നവീനും ഭാര്യയും വീട്ടില്‍ നിന്ന് ഇറങ്ങിയത് കഴിഞ്ഞമാസം 17നാണ്. എന്നാല്‍ പത്തുദിവസത്തിന് ശേഷം മാത്രമാണ് തിരുവനന്തപുരത്ത് എത്തിയത്. ഈ പത്തു ദിവസം ഇവര്‍ എവിടെയായിരുന്നു എന്നതടക്കം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.

ഇവര്‍ 3 പേരും ഏറെ നാളുകളായി പ്രത്യേക മാനസികാവസ്ഥയില്‍ ആയിരുന്നെന്നും പൊലീസ് പറയുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ചായിരുന്നു ചിന്ത. വീട്ടുകാര്‍ക്കും ചില സംശയങ്ങള്‍ തോന്നിയിരുന്നു. എന്നാല്‍, ആരോടും മനസ്സുതുറക്കാത്ത വിധമായിരുന്നു മൂവരുടെയും പെരുമാറ്റം. ഏതാനും മാസങ്ങളായി ആരോടും ഇടപഴകാത്ത തരത്തിലായിരുന്നു ജീവിതമെന്നും പൊലീസ് പറയുന്നു.

മരണാനന്തരജീവിതത്തെക്കുറിച്ച് അന്വേഷിക്കുന്നവരുടെ കൂട്ടായ്മ കേരളത്തില്‍ തന്നെയുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇവര്‍ വെബ്‌സൈറ്റില്‍ തിരഞ്ഞ കാര്യങ്ങള്‍ സൈബര്‍ വിഭാഗം പരിശോധിച്ചപ്പോഴാണ് ഇതു സംബന്ധിച്ചു സൂചന ലഭിച്ചത്. മരണാനന്തരജീവിതം വിശദമാക്കുന്ന ഒട്ടേറെ യുട്യൂബ് വിഡിയോകളും ഇവര്‍ കണ്ടിരുന്നു. കണ്‍വന്‍ഷനു പോകുന്നുവെന്നു പറഞ്ഞാണു നവീനും ദേവിയും വീട്ടില്‍നിന്നു പോയത്. തിരുവനന്തപുരത്തുനിന്ന് ആര്യയെ കൂട്ടി വിമാനമാര്‍ഗം അരുണാചലിലേക്കു പോകുകയായിരുന്നു.

തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ സഹപാഠികളായിരുന്ന നവീനും ദേവിയും 13 വര്‍ഷം മുന്‍പാണു വിവാഹിതരായത്. ഏറെനാള്‍ വിവിധ സ്ഥാപനങ്ങളില്‍ ആയുര്‍വേദ ഡോക്ടര്‍മാരായിരുന്ന ഇരുവരും പിന്നീട് ജോലി ഉപേക്ഷിച്ചു. നവീന്‍ കേക്ക് ബിസിനസ് ആരംഭിച്ചു. ജര്‍മന്‍ ഭാഷ പഠിച്ച് ദേവി സ്‌കൂളില്‍ ടീച്ചറായപ്പോഴാണു സഹാധ്യാപിക ആര്യയെ പരിചയപ്പെടുന്നതെന്നും പൊലീസ് പറയുന്നു.