തൃശൂർ: തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു . 94 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2.50 ഓടെയായിരുന്നു അന്ത്യം.ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസമായി ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പ്, താമരശ്ശേരി രൂപത ബിഷപ്പ് എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച മാർ ജേക്കബ് തൂങ്കുഴി 2007 ജനുവരി മുതൽ കാച്ചേരിയിലെ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
1930 ഡിസംബർ 13-ന് പാലാ രൂപതയിലെ വിളക്കുമഠം ഇടവകയിലാണ് മാർ ജേക്കബ് തൂങ്കുഴി ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ താമരശ്ശേരി രൂപതയിലെ തിരുവമ്പാടി ഇടവകയിലെ സേക്രഡ് ഹാർട്ട് പള്ളിയിലാണ്. ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയിലും റോമിലെ അർബൻ കോളേജിലുമായിരുന്നു അദ്ദേഹത്തിന്റെ വൈദിക പഠനം. 1956 ഡിസംബർ 22-ന് റോമിൽ വെച്ച് അദ്ദേഹം വൈദികനായി അഭിഷിക്തനായി. പൗരോഹിത്യ സ്വീകരണത്തിനു ശേഷം റോമിൽ പഠനം തുടർന്ന അദ്ദേഹം ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനൻ, സിവിൽ നിയമങ്ങളിൽ ഡോക്ടറേറ്റ് നേടി.